Saturday, October 6, 2018

ഞാനവനെ ബ്ലോഗറാക്കി !


ഇത്തവണ ഇവിടെ എഴുതുന്നത് ഞാനാണ്, ഒരു ഗെസ്റ്റ്  റൈറ്റർ !


എനിക്ക് എഴുതാനൊന്നും അറിയാൻ പാടില്ല.. (അല്ല,  അതാണല്ലോ ഈ ബ്ലോഗിൽ എഴുതാൻ വേണ്ട മിനിമം യോഗ്യത.. ഹു ഹു ഹു ) പക്ഷെ  ഒരവസരം കിട്ടിയപ്പൊ എഴുതുന്നെന്ന് മാത്രം ..

അല്ല,  ഇവിടെ എഴുതാൻ എനിക്ക് അവകാശം ഉണ്ടെന്നും പറയാം.. കാരണമെന്താ ?..ഞാനാണല്ലോ ഇവനെ ബ്ലോഗർ ആക്കിയത്.. ഓ.. അതെങ്ങനെ എന്ന് പറയാം.. അതിന് മുൻപ് ഞാനാരാ എന്ന് പറയണം അല്ലേ.. ഞാൻ പറഞ്ഞില്ലേ എഴുതി ശീലമില്ല.. അതോണ്ട് ആകെ നോൺ ലീനിയർ ആവാൻ ചാൻസ് ഉണ്ട്..

അപ്പൊ പറഞ്ഞ് വന്നത്.. ഞാനാരാ? ഞാനൊരു പാവം സ്റ്റണ്ണർ, സി.ബി.എഫ്.സ്റ്റണ്ണർ, ഹോണ്ട സി.ബി.എഫ്.സ്റ്റണ്ണർ (പേര് പറഞ്ഞത് പഞ്ച് ആയില്ലേ? ) 
കൃത്യം 10 വർഷം മുൻപ് ഒക്ടോബർ 2008ൽ ആണ് ഇവൻ  (ഇവനെന്ന് പറയുമ്പൊ ഈ ബ്ലോഗിന്റെ മുതലാളി ) എന്നെ പുറംലോകം കാണിക്കുന്നത്..

ഇവൻ എന്നെ സ്വന്തമാക്കുന്നത് തന്നെ ഒരു കഥയാണ്.. അതിനുള്ള നന്ദി ബാംഗ്ലൂർ ഉള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് അവകാശപ്പെട്ടതാണ്.. അവരോട് വാക്കാലെ തല്ല് കൂടി തല്ല് കൂടി ഇനി അവരുടെ കൈയ്യീന്ന് ശരിക്കുമുള്ള തല്ല് കിട്ടും എന്ന അവസ്ഥ വന്നപ്പോഴാണ് ഒരു സാരഥിയെ സ്വന്തമാക്കാൻ ഇവൻ തീരുമാനിക്കുന്നത്.. പിന്നൊന്നും നോക്കിയില്ല.. നേരെ എടുത്തു ഗൂഗിൾ.

ഇന്നത്തെ പോലെ അധികം ഫ്രീക്കന്മാരൊന്നും അന്നില്ല.. പൾസറും യൂണികോണും വാണിരുന്ന തെരുവുകളിൽ കൂട്ടത്തിൽ ഫ്രീക്കൻ..പുത്തൻ പുതിയ മോഡൽ..  ..സ്വതവേ മടിയനായ ഇവൻ അധികം റിസർച് ഒന്നും ചെയ്യാതെ കാണാനുള്ള ലുക്‌സും അത്യാവശ്യം സ്‌പെക്‌സും ഒക്കെ വിശ്വസിച്ച് ഒരു ഹോണ്ട ഷോറൂമിൽ എന്നെ അങ്ങ് ബുക്ക്‌ ചെയ്തു.. 45 ദിവസം വെയ്റ്റിംഗും കഴിഞ്ഞ് അങ്ങനെ ഞാനാദ്യമായി പുറംലോകം കണ്ടു..

എന്റെ അതേ മോഡലുകൾ അന്ന് റോഡിൽ അധികമില്ല  (ഇപ്പഴും ഇല്ല.. എന്നെ ഞാൻ തന്നെ  ലിമിറ്റഡ് എഡിഷൻ എന്നാണ് വിളിക്കുന്നത്  )..ഒരു ദിവസം ഞങ്ങൾ ബാംഗ്ലൂർ ഒരു ട്രാഫിക് സിഗ്നലിൽ ഇങ്ങനെ കിടക്കുകയാണ്..അപ്പൊ ഒരു സ്കൂൾ ബസ്സ്‌ സൈഡിൽ വന്ന് നിർത്തി.. ബസ്സിനുള്ളിലെ ഒരു ചെക്കൻ എന്നെ കണ്ടതും ബസ്സിലെ അവന്റെ കൂട്ടുകാരെ വിളിച്ച് എനിക്ക് നേരെ ചൂണ്ടി കൊണ്ട് പറയാ 'ഹേയ്,  ലുക്ക്‌,  സ്റ്റണ്ണർ.. '..എല്ലാരും കൂടെ എന്നെ നോക്കുന്നത് കണ്ടു ഞാനും അതിലുപരി ഇവനും ധൃതങ്കപുളകിതരായി..ഞങ്ങളുടെ യാത്ര തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.. 

പിന്നീടങ്ങോട്ട് യാത്രകൾ ആയിരുന്നു.. ബാംഗ്ലൂർ ട്രാഫിക്കിലെ യാത്രകൾ.. ബാംഗ്ലൂർന് ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ.. എന്തിനധികം? മനുഷ്യൻ പാതിരാത്രി ബേസ്മെന്റിൽ റസ്റ്റ്‌ എടുക്കുന്ന നേരത്താവും സൺറൈസ് കാണാനെന്നും പറഞ്ഞ് എന്നേം കുത്തിപൊക്കി കൊണ്ട് പോകുന്നത്.. ഒരു മനുഷ്യത്വം ഒക്കെ വേണ്ടേ.. ഐ  മീൻ യന്ത്രത്വം !

അതിനിടയിലാണ് ഞാനിവനെ ബ്ലോഗർ ആക്കുന്നത്. അതിന് മുൻപേ ബ്ലോഗറിൽ ഒരു അക്കൗണ്ട് ഒക്കെ ഇവൻ ഉണ്ടാക്കിയിരുന്നു..ആഴ്ച്ചക്കാഴ്ചക്ക് എന്തെങ്കിലും പോസ്റ്റ്‌ ചെയ്ത്  വലിയ സെലെബ്രിറ്റി ആവുമെന്നൊക്കെയായിരുന്നു പാവത്തിന്റെ അന്നത്തെ പ്രതീക്ഷ.. പക്ഷെ കൃത്യം ഒരു കൊല്ലം ഒരു ഈച്ച പോലും ആ വഴിക്ക് പോയില്ല.. അതെങ്ങനെ? എന്തെങ്കിലും എഴുതണമെങ്കിൽ അനുഭവം വേണ്ടേ?  ഇവന് മനസ്സിലായില്ലെങ്കിലും എനിക്ക് കാര്യം മനസ്സിലായി.. പിന്നൊന്നും നോക്കിയില്ല.. ആദ്യ പോസ്റ്റ്‌ എഴുതാനുള്ള അനുഭവം ഞാൻ തന്നെയങ്ങ് കൊടുത്തു..അത് ദേ  ദിവിടെ വായിക്കാം.. (ഇപ്പൊ ക്ലിക്ക് ചെയ്യണ്ട, പിന്നെ മതി .ഇപ്പൊ ഇത് വായിക്ക്..) പിന്നെ പല പല പോസ്റ്റുകളിൽ അതിഥി ആയും ഞാൻ എത്തി.. മറ്റ് പല പോസ്റ്റിനുമുള്ള പ്ലോട്ടും എന്റെ ഒപ്പമുള്ള യാത്രയിലായിരുന്നു ഇവന് കിട്ടിയത്..

അത് ബ്ലോഗിങ്ങിന്റെ കഥ.. ഇനി ജീവിതകഥയാണെങ്കിലോ? പിൻസീറ്റ് ഉൽഘാടനം ചെയ്തത് ഇവന്റെ കെട്ടിയോൾ..എന്റെ പിൻ സീറ്റ് ഉയർന്നിരിക്കുന്നത് കൊണ്ട് മറ്റ് വണ്ടികളിൽ ഇരുന്നാൽ കാണാൻ പറ്റാത്ത കാഴ്ചകൾ, എന്റെ പിൻ സീറ്റിൽ ഇരുന്ന് അവൾക്ക് സിമ്പിൾ ആയി കാണാൻ പറ്റും .. എന്നാൽ ചില യമഹ വണ്ടികൾ പോലെ ചന്ദ്രനിലുള്ള കാഴ്ച അല്ല.. ഭൂമിയിൽ ഉള്ളത് തന്നെ കാണാൻ പാകത്തിനുള്ള ഉയരമേ എനിക്കുള്ളൂ.. ഹു ഹു..

എന്നാൽ പോലും ചിലവന്മാർക്ക് എന്നെ കുറ്റം പറയാൻ മിടുക്കായിരുന്നു..ഒരിക്കൽ ഏതോ  ഒരുത്തൻ പറയാ.. ഈ സ്റ്റണ്ണറിന് 2 കുറ്റങ്ങൾ ഉണ്ടെന്ന്.. ഒന്ന് ഹാൻഡിൽ തിരിച്ചാൽ ഹെഡ്‍ലൈറ് തിരിയില്ല. രണ്ട്,  പിൻ സീറ്റ് ഉയരം ഉള്ളത് കൊണ്ട് കാൽ നിലത്ത് കുത്താൻ പറ്റില്ല.. ഈ പറയുന്നവൻ അവന്റെ കാറിൽ ഇരുന്നിട്ടാ ഈ ഡയലോഗ് അടിക്കുന്നത്.. അതിന് മറുപടി ആയി ഇവൻ കൊടുത്ത മറുചോദ്യം ആണ് എനിക്ക് പിടിച്ചത്  'ഈ  കാറിൽ സ്റ്റീയറിങ് തിരിച്ചാൽ ഹെഡ്‍ലൈറ് തിരിയുന്നുണ്ടോ? കാറിൽ ബാക്കിൽ ഇരിക്കുന്ന എനിക്ക് ഇവിടെ ഇരുന്ന് കൊണ്ട് കാൽ നിലത്ത് കുത്താൻ പറ്റുന്നുണ്ടോ? പിന്നെ എന്തിന് എന്റെ സ്റ്റണ്ണറിൽ മാത്രം അതൊക്കെ സാധിക്കണം?? '..അതോടെ കുറ്റം പറഞ്ഞവർ മിണ്ടാതിരുന്നു (ഉത്തരം മുട്ടിയിട്ടാണോ അതോ ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല എന്നത് വേറെ കാര്യം )

എന്നെ ഇവൻ ഇത്രേം സപ്പോർട് ചെയുന്ന കാരണം എന്റേതായ രീതിയിൽ ഇവനെ ഞാനും സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്... (ആലോചിക്കട്ടെ )...ങാ,  കൈക്കൂലി കൊടുക്കുന്നത് തെറ്റാണ് എന്നൊക്കെ ഇവനെ പഠിപ്പിക്കാൻ ഞാനല്ലേ മുൻകൈ എടുത്തത്.. സത്യം ! അവന്റെ തന്നെ പഴേ  പോസ്റ്റ്‌ വായിച്ച് നോക്ക്..
==================================================================


നിയമപരമായ മുന്നറിയിപ്പ് : കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്
   
5-6 വർഷങ്ങൾ മുൻപ്.
  
ബാൻഗ്ലൂരിലെ ഒരു സായാഹ്നംഓഫീസിൽ നിന്നും ഇറങ്ങുമ്പോ വെറുതെ പേഴ്സ് തുറന്നു നോക്കി. ആകെ 100 രൂപയുള്ളൂ. ഓഫീസിലെ .ടി.എം- നിന്നും പൈസ എടുത്താ മതി. പക്ഷെ അങ്ങനെയല്ലല്ലോ !.വരാനുള്ളത് വഴിയില്തങ്ങാൻ പാടില്ലല്ലോ..അത് കൊണ്ട്... അത് കൊണ്ട് മാത്രം ഓഫീസിൽ നിന്നും പൈസ എടുക്കാതെ നേരെ വീട്ടിലേക്ക് തിരിച്ചു..

  
മടിവാള എത്തിയപ്പോൾ അവിടത്തെ സിറ്റി ബാങ്ക് .ടി.എം നു മുൻപിൽ നമ്മുടെ കഥാ നായകനായ ഹോണ്ട സ്റ്റണ്ണർ നിർത്തി.

.ടി.എം ല്നിന്നും 200 രൂപ എടുത്തു. 100 രൂപ നോട്ട് കിട്ടാൻ വേണ്ടി സാധാരണ 400 ആണ് കണക്ക്..പക്ഷെ മാസാവസാനം ആയ കാരണം   200 എടുത്തുള്ളൂ.

  
അങ്ങനെ പാട്ടും പാടി ബൈക്കിൽ കേറാൻ നോക്കുമ്പോ ,,,ങേ !! ബൈക്ക് കാണാനില്ല !!

വെറും 45 സെക്കന്റ്ഞാൻ ഒന്ന് മാറി നിന്നപ്പോഴെകും സ്റ്റണ്ണർ  ഇതെവിടെ പോയി.ഞാൻ വലതോട്ടു നോക്കി..'ഏയ്‌, ഇത്  ,അങ്ങോട്ട്പോകാൻ സാധ്യത ഇല്ല '

  ഇടത്തോട്ട് നോക്കി. ആഹ, ദേ ഒരുത്തൻ വണ്ടി പൊക്കിയെടുത്തു മറ്റേ ലോറിയിൽ വെക്കുന്നു..ഏതു ലോറി? നമ്മുടെ നോ പാർക്കിങ്ങിൽ പാർക്ക്ചെയ്താൽ എടുത്തു കൊണ്ട് പോകുന്ന ലോറി തന്നെ .

'ഈശ്വര!', ഞാൻ അയാളുടെ അടുത്തേക്ക് ഓടി.
  
'മേരാ ബൈക്ക് '

 അത് നോ പാർക്കിംഗ് ആണെന്നും അത് കൊണ്ട്  വണ്ടി പോലീസ് സ്റ്റേഷൻ കൊണ്ട്  പോവുകയാണെന്നും അയാൾ  എന്നോട്  കന്നടയിൽ  പറഞ്ഞു .

 ഇത്രേം കാലം  എത്രയോ തവണ ഇതേ സ്ഥലത്ത് പാർക്ക്  ചെയ്തിരിക്കുന്നു ..ഇത് പെട്ടെന്നെങ്ങനെ നോ പാർക്കിംഗ് ആയി?

അയാൾ  കന്നടയിൽ പിന്നെയും എന്തൊക്കെയോ പറഞ്ഞു..

 കന്നഡ അറിയാത്ത ഞാൻ എത്തിപ്പെട്ടത് ഒരു  സിംഗത്തിന്റെ മടയിൽ.ഇത്രേം കാലം സോഫ്റ്റ്വെയർ ജോലി ചെയ്തിട്ട് ഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് പോലും അറിയാത്ത എനിക്ക് എവിടെ കന്നഡ അറിയാൻ.ആകെ അറിയാവുന്ന കന്നഡ വാക്ക് മനസ്സിൽ ധ്യാനിച്ച് ഞാൻ ഒരു കാച്ചു കാച്ചി ,' ഭയ്യ,അവിടെ നോ പാർക്കിംഗ് എന്ന് ഗൊത്തില്ല'

 "അങ്ങനൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലാ. നഹീന്ന് പറഞ്ഞാ നഹീ." എന്ന ഭാവത്തിൽ അയാൾ തുടർന്നു ..

അവസാനം ഒരു 300 രൂപ തന്നു ബൈക്ക് എടുത്തോളാൻ അയാൾ പറഞ്ഞു.

 ഇവന്മാരുടെ ഒരു സ്വഭാവം വെച്ച്  ഇതിപ്പോ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയാൽ  അങ്ങോട്ടുള്ള വണ്ടിക്കൂലിയും നോക്ക് കൂലിയും എല്ലാം ഉൾപെടുത്തി വല്ല 500 രൂപ കൊടുക്കേണ്ടി വരും..ഇപ്പോഴാണെങ്കിൽ പ്രീ ലോഞ്ച് ഓഫർ ആയി 300 കൊടുത്താ മതി.പിന്നൊന്നും ആലോചിച്ചില്ല, 300 രൂപയെടുത്ത്കൊടുത്തു വണ്ടി തിരിച്ചെടുത്തു...

അങ്ങനെ വണ്ടി എടുത്തു വീട്ടിൽ പോണ വഴിക്ക് ഒരു ചായേം പഴം പൊരീം കഴിക്കാമെന്നു വിചാരിച്ചപ്പോഴാ മറ്റൊരു കാര്യം ഓർമ വന്നത്..ഓഫീസിന്നു ഇറങ്ങുമ്പോ കൈയിൽ 100 രൂപ എങ്കിലും ഉണ്ടായിരുന്നു... .ഒന്ന് ATM  കേറിയതാ ..അതും പൊയിക്കിട്ടി.. സംതൃപ്തിയായി !

 ഇതാ പറയുന്നേ കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹാമാണെന്ന്  ..സത്യം. എനിക്ക് അനുഭവം ഉണ്ട്!

==================================================================
കണ്ടാ? കൈക്കൂലി കൊടുക്കുന്നത് തെറ്റാണെന്ന് ഞാൻ സിംപിൾ ആയി പഠിപ്പിച്ചു കൊടുത്തത് !
(ഇത് വായിച്ചപ്പോഴാ മനസ്സിലായത് ഇവന്റെ എഴുത്ത് എന്റെ എഴുത്തിന്റെ അത്ര പോരാ, അല്ലേ? )

അങ്ങനെ വർഷങ്ങൾ കഴിഞ്ഞ് പോയി, 2018 ആയി .. പത്ത് വർഷമായി എന്ന് വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല... വർഷം ഇത്രേം കഴിഞ്ഞെങ്കിലും ഞങ്ങൾ ഇപ്പഴും പഴേ പോലെ തന്നെ അടുത്ത യാത്രക്ക് തയ്യാറായി ഇരിക്കുന്നു.. ദേ ഫോട്ടോ കണ്ടില്ലേ !

അന്നത്തെ ഞാനും ഇന്നത്തെ ഞാനും കൊല്ലം ഇത്രയൊക്കെ ആയില്ലേ, ഇനി അഥവാ എനിക്ക് പകരം കൂടുതൽ പവർ ഉള്ള മറ്റൊരു സാരഥിയെ സ്വന്തമാക്കാൻ ഇവന് വല്ല പ്ലാൻ ഉണ്ടെങ്കിൽ പെട്രോൾ വില കൂട്ടണേ എന്ന് പ്രാർത്ഥിക്കാനേ എനിക്ക് പറ്റൂ..(അതിനിപ്പൊ പ്രത്യേകിച്ച് പ്രാർത്ഥിക്കേണ്ട ആവശ്യമൊന്നും ഇല്ലെന്നറിയാം...എന്നാലും..) അങ്ങനെ ചെയ്താലും എനിക്ക് കുഴപ്പമൊന്നുമില്ല.. കാരണം ഈ പത്ത് വർഷത്തെ ഓർമ്മകൾ, അത്  മതി എനിക്ക് ഇനിയങ്ങോട്ട് ഇന്ധനമായി..

ഇവന്റെ ഒരു ചളിടെ ലെവൽ വച്ച്, 'ങേ,  ഇന്ധനായിട്ട് അപ്പൊ ഇനി മുതൽ പെട്രോൾ വേണ്ടേ' എന്ന് അവൻ ചോദിക്കാൻ സാധ്യതയുണ്ട് ..അങ്ങനെ ചോദിക്കുന്നതിന് മുൻപ് ഞാൻ നിർത്തട്ടെ..അപ്പൊ ഗുഡ് ബൈ, വഴിയിൽ എവിടെയെങ്കിലും വച്ച് കാണാം.. അപ്പൊ എന്നെ തല്ലരുതെന്ന് മാത്രം.. എന്തിനാണെന്നോ?

ഞാൻ പറഞ്ഞില്ലേ,  ഇവനെ ഞാനാ ബ്ലോഗർ ആക്കിയത് ! അതിലും വലിയ കാരണം വല്ലതും വേണോ ഹു ഹു ഹൂ !

Tuesday, March 20, 2018

മൗനം ഭയാനകം


Tarasha - ആകാൻശയുടെ  ശ-യും യെതിന്റെ സ്വഭാവവും ചേർത്ത് പേരിട്ട, ബാംഗ്ലൂർ കൊടിച്ചിക്കനഹള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന അവരുടെ വീടാണ് കഥാകേന്ദ്രം.

ഞായറാഴ്ച്ച

രാവിലെ എണീറ്റപ്പോ തന്നെ ഉച്ചയായി. അല്ലെങ്കിലും ഈ ശനീം ഞായറും ഇങ്ങനെയാ.സമയം ഇങ്ങനെ സ്പീഡിൽ പോകും. 


"ഇന്നലത്തെ ഫുട്ബോൾ മാച്ചിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചല്ലേ..ന്യൂസ് കണ്ടു, അവർ ജയിക്കാറൊക്കെ ഉണ്ടല്ലേ ?"

"സംശയമെന്താ , ഇതൊക്കെ ഒരു ചോദ്യമാണോ?  മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് പറയുന്നത് ഒരു സംഭവമല്ലേ ...", അങ്ങനെ യെതിൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പറ്റി തനിക്ക് അറിയാവുന്ന എല്ലാ കാര്യവും അകാൻശക്ക് പറഞ്ഞു കൊടുത്തു.എല്ലാ കാര്യവും എന്ന് പറയുമ്പോൾ  ക്ലബ് രൂപീകരിച്ച വർഷം  മുതൽ അതിലെ കളിക്കാരുടെ ജാതകം വരെ ! "ഇപ്പൊ എല്ലാം മനസ്സിലായില്ലേ? നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം കിട്ടിയില്ലേ? എല്ലാം  ഓക്കേ അല്ലേ ? ", അഭിമാനത്തോടെ യെതിൻ ചോദിച്ചു.

"ഓക്കേ !, തൽക്കാലത്തേക്കുള്ള ഉത്തരം കിട്ടി..  " എന്നാലും ആകാൻശക്ക്  ഒരു ആകാംഷ,'ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു ..?' 

"ഇതൊക്കെ ഓർക്കാൻ എന്ത് ബുദ്ധിമുട്ട് .. നമുക്ക് ഇന്ററസ്റ്റ് ഉള്ള കാര്യങ്ങൾ നമുക്ക് എപ്പോഴും ഓർമ കാണില്ലേ.ഉദാഹരണത്തിന് ഫുഡടി..നമ്മൾ എപ്പോഴെങ്കിലും മറക്കുമോ ? അത് പറഞ്ഞപ്പഴാ   ..ചായ ഉണ്ടാക്കിയിട്ടുണ്ടോ ഡിയർ ?"

ചായ കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ടേബിളിൽ തന്നെ ഇരുന്ന ഫോൺ റിങ് ചെയ്യുന്നത്. മടിയുടെ പര്യായമായ യെതിന് കൈ നീട്ടി ആ ഫോൺ ഒക്കെ എടുത്ത് ചെവിയിൽ വെക്കുക എന്ന് പറയുന്നത് മല മറിക്കുന്ന പണിയാണ്. അതെങ്ങനെ, പട്ടിണി കിടക്കാൻ പോലും കാശില്ലാതെ കുത്തുപാളയെടുത്ത് നിൽക്കുന്ന കാലത്ത് കൈയിൽ നിന്നും ഒരു പത്ത് രൂപ വീണ് പോയപ്പോൾ 'ഇനിയിപ്പോൾ അത് എടുക്കണമെങ്കിൽ കുനിയണ്ടേ' എന്നും പറഞ്ഞ് ആ പത്ത് രൂപ എടുക്കാത്ത മഹാനാണ് ഈ യെതിൻ. അത് കൊണ്ട് ഫോൺ എടുത്ത് ചെവിയിൽ വെക്കാൻ മെനക്കെടാതെ യെതിൻ കാൾ അറ്റൻഡ് ചെയ്ത് സ്‌പീക്കറിൽ ഇട്ടു.

ഈ അവസരത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് വച്ചാൽ ഈ മടി എന്ന് പറയുന്നത് അത്ര അധികം ഉണ്ടെങ്കിൽ ഫോൺ എടുക്കാനേ നിൽക്കരുത് എന്നാണ് !

"സർ, ഞങ്ങൾ ടാറ്റ മോട്ടോർസിൽ നിന്നാണ് വിളിക്കുന്നത്  "

"ങാ, പറയൂ "

"നിങ്ങൾ ഇവിടെ വന്ന് ആകാൻശയുടെ  പേരിൽ ടാറ്റ ടിയാഗോ ബുക്ക് ചെയ്ത് പോയിരുന്നല്ലോ, അതിന്റെ ഡീറ്റെയിൽസ് അന്ന് ഫിൽ ചെയ്ത് തന്നതിൽ ഒരു ഡീറ്റെയിൽ മിസ്സിംഗ് ഉണ്ട്, ഇപ്പൊ ചോദിക്കട്ടേ ?"

"യെസ്, ഷുവർ, ഇന്നത്തെ ദിവസം ഞാൻ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി മരിക്കും, അയാം റെഡി ഗുരുജീ, നിങ്ങൾ ചോദിക്കൂ "

"സർ, നിങ്ങളുടെ വെഡിങ് ആനിവേഴ്സറി എന്നാണ് ? "

ആകെ ഉണ്ടായിരുന്ന കുറച്ച് മനസ്സമാധാനത്തിനോട് ടാറ്റ പറയാനായി ടാറ്റ-യുടെ മില്യൺ ഡോളർ ചോദ്യം. 

"എന്താണ് !??! ചോദ്യം ക്ലിയർ ആയില്ല "

"സർ, നിങ്ങളുടെ വെഡിങ് ആനിവേഴ്സറി എന്നാണ് ? "

യെതിൻ തിരിഞ്ഞ് നോക്കി. ആകാൻശ യെതിനെ നോക്കി കൊണ്ടിരിക്കുന്നു.'പെട്ടു..നെറ്റ് വർക്ക് ക്ലിയർ അല്ല എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറാൻ പോലും കഴിയില്ല ..പുല്ല് ..എന്റെ പേരിൽ തന്നെ കാർ ബുക്ക് ചെയ്താ മതിയായിരുന്നു ! 

ഒരു ഭർത്താവ് അത്യാവശ്യം ഓർത്തിരിക്കേണ്ട ഒരേയൊരു കാര്യം, അത് ഒരു ആനിവേഴ്സറി ഡേറ്റ് ആണ്. പക്ഷെ യെതിൻ കൃത്യം അത് തന്നെ, അതും ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു മുഹൂർത്തത്തിൽ  മറന്നിരിക്കുന്നു.

ഈ മറവിടെ പ്രശ്നം ഇതാണ്. മറവിക്ക് എന്തൊരു കാര്യവും  മറക്കാൻ നല്ല ഓർമയാണ്. എന്നാൽ ഓർമ്മക്ക് ഒരു കാര്യവും ഓർമയില്ല താനും.

"സർ, നിങ്ങളുടെ വെഡിങ് ആനിവേഴ്സറി എന്നാണ് ? ", അയാൾ ദേ വീണ്ടും ചോദിക്കുന്നു.

ഇയാൾ ഇത് നിർത്താനുള്ള പുറപ്പാടില്ല അല്ലെ. യെതിൻ കുലങ്കുഷമായി ചിന്തിച്ച് തുടങ്ങി.ഇനി ഇത് ചിന്തിച്ചു ശരിയുത്തരം പറഞ്ഞിട്ട് തന്നെ കാര്യം !

"സർ, എനിക്ക് ഒന്നും കേൾക്കാനില്ല. ഞാൻ കട്ട് ചെയ്ത് പിന്നെ വിളിക്കാം", ഭാഗ്യത്തിന് അയാൾക്ക് ഇപ്പോഴെങ്കിലും കാര്യം മനസ്സിലായി എന്ന് തോന്നുന്നു. അയാൾ ഫോൺ കട്ട് ചെയ്തു. യെതിന് സമാധാനമായി.

യെതിൻ ആകാൻശയെ നോക്കി ഇളിച്ചു.

ആകാൻശ ഒന്നും മിണ്ടിയില്ല.പക്ഷെ അവിടെ നടന്നേക്കാവുന്ന സംഭാഷണം യെതിൻ സ്വയം ഊഹിച്ചു.   

          യെതിൻ : പാവം അയാൾക്ക് നെറ്റ് വർക്ക് എന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു

          ആകാൻശ: അല്ലാതെ ആനിവേഴ്സറി ഡേറ്റ് അറിയാഞ്ഞിട്ടല്ല !

          യെതിൻ  : അറിയാതിരിക്കുകയോ? എനിക്കോ ? "

          ആകാൻശ : എന്നാ പറ "

          യെതിൻ  : നീ എന്താ ഒരു മാതിരി കല്യാണങ്ങൾക്ക് വരുന്ന അമ്മായിമാരെ പോലെ..
          'മോനെ എന്നെ മനസ്സിലായോ, എങ്കിൽ ആരാണെന്ന് പറ' എന്നൊക്കെ പറയുന്ന പോലെ

 അവരുടെ സംഭാഷണം ഊഹിക്കുന്നതിനിടയിലാണ് യേതിൻ മറ്റൊരു കാര്യം ഓർത്തത്

'ഛെ ! അതിനിടയ്ക്ക് വെറുതെ ആ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ പറ്റി വാ തോരാതെ സംസാരിച്ചു..പോരാത്തതിന് 'നമുക്ക് ഇന്ററസ്റ്റ് ഉള്ള കാര്യങ്ങൾ നമുക്ക് എപ്പോഴും ഓർമ  കാണും ' എന്ന ഡയലോഗും ! '

ചില സമയം മൗനം എന്നത് ഭയാനകം ആണ്. അത് കൊണ്ട് ആകാൻശയുടെ മൗനത്തിന് മറുപടി നൽകാൻ യെതിൻ തീരുമാനിച്ചു.

ഞാൻ വീണ്ടും പറയുകയാണ് മറവി, മടി മുതലായവ ഉള്ളവർ ഇങ്ങനത്തെ അവസരങ്ങളിൽ മിണ്ടാതെ ഒരു ഭാഗത്ത് ഇരിക്കണം.അല്ലാതെ യെതിൻ പറയാൻ പോകുന്ന മോഡൽ ഡയലോഗ് അടിക്കാൻ പോകരുത്.

"സീ ആകാൻശ..", പഠിച്ച എംബിഎ  ഒക്കെ മനസ്സിൽ ധ്യാനിച്ച് യെതിൻ പറയാൻ ഒരുങ്ങി, "..പെട്ടെന്ന് അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പൊ ഉത്തരം കിട്ടിയില്ല എന്ന് മാത്രം. അതിപ്പോ ഇത്ര കാര്യമാക്കാനൊന്നുമില്ല...നീ ഒന്ന് ആലോചിച്ച് നോക്ക്. നമ്മുടെ ആനിവേഴ്സറി  എന്ന് പറയുമ്പോൾ അത് നമ്മൾ രണ്ട് പേരെയും സംബന്ധിക്കുന്ന ഒരു കാര്യമാണ് ..നമ്മൾ രണ്ട് പേരും എന്ന് പറയുമ്പോൾ  അതിൽ ഞാനും ഉണ്ടല്ലോ..നിനക്കറിയില്ലേ, എന്റെ കാര്യങ്ങളിൽ എനിക്ക് ഒരു ശ്രദ്ധയും ഇല്ല എന്ന്..അതോണ്ടാ പെട്ടെന്ന് ഉത്തരം കിട്ടാത്തത്..."

ആകാൻശ മൗനം തുടർന്നു.

"..പക്ഷെ നിന്നെ മാത്രം സംബന്ധിക്കുന്ന ഒരു കാര്യവും ഞാൻ മറക്കില്ല.. ഉദാഹരണത്തിന് നിന്റെ ബർത്ത്ഡേ ..അത് ഞാൻ ഒരിക്കലും മറക്കില്ല.. . എനിക്ക് അതാണ് പ്രധാനം .."

എന്നാപ്പിന്നെ എന്റെ ബർത്ത്ഡേ എന്നാണ് എന്ന് അപ്പൊ ആകാൻശ ചോദിച്ചിരുന്നെങ്കിൽ പെട്ട് പോയേനെ, പക്ഷെ അപ്പഴാണ് കൃത്യ സമയത്ത് മാലാഖയെ പോലെ  ഫോൺ റിങ് ചെയ്തത്.  

യെതിൻ ഫോൺ സ്ക്രീനിലേക്ക് നോക്കി.

ഓ നോ ! ഇത് മാലാഖയല്ല. മാലാഖയുടെ കോസ്‌റ്റ്യൂം അണിഞ്ഞ ചെകുത്താൻ . വീണ്ടും ആ ടാറ്റക്കാരൻ !

ഇതിപ്പൊ ഫോൺ എടുത്താൽ യെതിന് ആനിവേഴ്‌സറി ഡേറ്റ് ഓർമയില്ല എന്ന സത്യം അവൾ മനസ്സിലാക്കും.

ഫോൺ എടുത്തില്ലെങ്കിലോ, യെതിന് ആനിവേഴ്‌സറി ഡേറ്റ് ഓർമയില്ല എന്ന സത്യം അവൾ അപ്പോഴും  മനസ്സിലാക്കും.

വിധി എഴുതപ്പെട്ട് കഴിഞ്ഞു. ഇനിയിപ്പോ ആരാച്ചാരുടെ ഫ്രണ്ട് റിക്വസ്റ്റ് ആക്‌സെപ്റ് ചെയ്യാതിരുന്നിട്ട് എന്ത് കാര്യം! അവസാനത്തെ ആഗ്രഹം വല്ലതും ചോദിക്കുന്ന പോലെ എങ്ങാനും ഒരു കച്ചിത്തുരുമ്പ് കിട്ടിയാലോ. 

രണ്ടും കൽപ്പിച്ചു യെതിൻ  ഫോൺ  അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു.

“ഹലോ”

"സർ, സോറി നേരത്തെ കട്ട് ആയി പോയി, സത്യം പറഞ്ഞാൽ അന്ന്  ഫിൽ ചെയ്ത ഫോമിൽ ആനിവേഴ്സറി ഡേറ്റ് തന്നിട്ടുണ്ടായിരുന്നു, ഞാൻ ഇപ്പഴാ കണ്ടത്.. "

യെസ് ! ദി കച്ചിത്തുരുമ്പ് !

"ഞങ്ങളുടെ കൈയിൽ ഇല്ലാത്ത ഡീറ്റെയിൽ മറ്റൊന്നാണ്  "

"യെസ്, ചോദിക്കൂ  ", നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ യെതിന് ആവേശമായി.

"സർ, ആകാൻശയുടെ ബർത്ത്ഡേ എന്നാണ് ?  "

"എന്ത് ??? !!"

"സർ, ആകാൻശയുടെ ബർത്ത്ഡേ എന്നാണ് ?  "

ഇടിവെട്ടേറ്റവനോട് ആധാർ ലിങ്ക് ചെയ്യാൻ പറഞ്ഞ അവസ്ഥ !

ഇതിനുള്ള ഉത്തരം എങ്ങാനും ശരിയായില്ലെങ്കിൽ.....

ഞായറാഴ്ചകളിൽ സാധാരണ സമയം സ്പീഡിൽ പോകും എന്നുള്ളതൊക്കെ ശരി തന്നെ.. എന്നാൽ യെതിന് സമയം അവിടെ അപ്പൊ സ്തംഭിച്ചതാണ് ! യെതിൻ ഇത് വരെ ഉത്തരം പറഞ്ഞിട്ടില്ല. ആ കോൾ ഇത് വരെ കട്ട് ആയിട്ടുമില്ല . പൂമരം റിലീസ് കാത്തിരുന്ന ജയറാമിനെ പോലെ അയാൾ ക്ഷമയോടെ ഉത്തരത്തിന് കാത്തിരുന്നു.

പിന്നെ, തുടർന്ന് കൊണ്ടേ ഇരുന്നു  ആകാൻശയുടെ മൗനം  , ആ ഭയാനകമായ മൗനം !

---------------------------


പരസ്യം : നിർധനനായ യുവാവ് ബാംഗ്ലൂരിൽ പേയിങ് ഗസ്റ് അക്കോമഡേഷൻ തേടുന്നു. റൂം മേറ്റ് ആവശ്യമുള്ളവർ ദയവായി ബന്ധപ്പെടുക !