ആമുഖം
സർപ്രൈസ്- എന്ത് ആഘോഷത്തിന്റെ സന്ദര്‍ഭം വന്നാലും ഇന്നത്തെ കാലത്ത് ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണല്ലോ സർപ്രൈസ്.ഉദാഹരണത്തിന് സർപ്രൈസ് ഗിഫ്റ്റ്, സർപ്രൈസ് പാർട്ടി അങ്ങനെ അങ്ങനെ.
അങ്ങനെ ഒരു സർപ്രൈസ് കഥ...
----------------------------
സീൻ 1
പമ്മുവിന്റെ കാർ
മാസങ്ങൾക്ക് മുൻപ്, ദുബായ് നഗരം
എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് പമ്മു ആ വാർത്ത പ്രഖ്യാപിച്ചത്.
പമ്മു ഒരു പുതിയ കാർ വാങ്ങി.
തലേ ദിവസം സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോൾ ടിക്കറ്റ് എടുക്കാൻ കാശില്ല എന്ന് പറഞ്ഞ അതേ പമ്മു.. ഒടുവിൽ കാർ കിട്ടിയ ദിവസം അത് വീട്ടിൽ കൊണ്ട് പോകാനായി എല്ലാ ഫ്രണ്ട്സിനേയും വിളിച്ച് കാൽ പിടിക്കേണ്ടി വന്നു പമ്മുവിന്. കാർ ഓടിക്കാൻ അറിയാഞ്ഞിട്ടൊന്നുമല്ല.പെട്രോൾ അടിക്കാൻ കാശില്ല !! ഒടുവിൽ ആരൊക്കെയോ വന്നു പെട്രോൾ അടിക്കാൻ കാശ് കൊടുത്ത് സഹായിച്ചു എന്നൊക്കെയാണ് ജനസംസാരം.
കാർ മുതലാളി ആയതും കാറിൽ കയറുന്ന ആരും പാലിക്കേണ്ട അയവില്ലാത്ത നിയമാവലി ഉണ്ടാക്കി പമ്മു.ഉദാഹരണത്തിന് കാറിനുള്ളിൽ കുളിച്ചിട്ടേ കയറാൻ പാടൂ, ഭക്ഷണം പാടില്ല, കാറിലെ പ്ലാസ്റ്റിക് കവർ ഇല്ലാത്ത ഭാഗങ്ങളിൽ തൊടരുത്, മദ്യപിച്ച് കാറിൽ കയറാനേ പാടില്ല എന്നിങ്ങനെ കുറെ നിയമങ്ങൾ.
"എന്നാപ്പിന്നെ ഒരു പുഷ്പാഞ്ചലിയും ഉദയാസ്തമയ പൂജയും കൂടെ വച്ചാൽ നമുക്ക് ഇതൊരു അമ്പലമായിട്ടങ്ങ് പ്രഖ്യാപിക്കാലോ", ലെജി അങ്ങനെ പറഞ്ഞതോടെ ഹ്യുണ്ടായ് ടുസോണ്‍ പേര് മാറ്റി എല്ലാവരും അതിനെ ഹ്യുണ്ടായ് ടെമ്പിൾ എന്ന് വിളിച്ച് തുടങ്ങി .എന്നാൽ അതിലൊന്നും തളരാതെ പമ്മു തന്റെ ശക്തമായ നിയമങ്ങളിലൂടെ മുന്നോട്ട് നീങ്ങി ...
കാർ വേറെ ആർക്കും ഓടിക്കാൻ കൊടുക്കില്ല എന്ന ഒരു പുതിയ നിയമം കൂടെ പാസാക്കിയതോടെ ഹ്യുണ്ടായ് ടെമ്പിളിന്റെ മേൽശാന്തി പദവിക്ക് അർഹനായി പമ്മു..
-------------------------------------------
സീൻ 2
സർപ്രൈസ് പ്ലാൻ 1
വർത്തമാന കാലം
ലെജിയുടെയും സരിയുടെയും വിവാഹ വാർഷികമാണ് വരുന്നത്. ഭാഗ്യവശാലെന്നോ നിർഭാഗ്യവശാലെന്നോ അവർ തന്നെ തീരുമാനിക്കട്ടെ, ഈ വിവാഹ വാർഷികത്തിന് അവർ ഒരുമിച്ചല്ല.ലെജി ദുബായിലും സരി നാട്ടിലും ആയിരിക്കും.
അത് കൊണ്ട് തന്നെ ലെജി സരിക്ക് സർപ്രൈസ് ആയി ഒരു ഗിഫ്റ്റ് കൊടുക്കാൻ തീരുമാനിച്ചു.
അതിനായി ചെന്നൈയിൽ ഉള്ള യെതിനെ വിളിച്ചു ലെജി.
ലെജി: എടാ, സരിക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് ഞാൻ നിനക്ക് അയക്കാം.അത് നീ അവൾക്ക് കൊണ്ട് പോയി കൊടുക്കണം.
യെതിൻ: ഏയ്, അത് വേണ്ടാ. ഞാൻ നേരിട്ട് പോവണെങ്കിൽ ഞാനും ഒരു ഗിഫ്റ്റ് വങ്ങേണ്ടി വരും.
ലെജി: അതൊന്നും വേണ്ടാ..നീ ഞാൻ അയക്കുന്നത് കൊടുത്താൽ മതി.
യെതിൻ : അല്ല, അപ്പൊ നിനക്ക് ഇത് നേരിട്ട് അവൾക്കു അയച്ചുകൂടെ?
ലെജി: അപ്പൊ ചിലപ്പോ കൃത്യമായ ദിവസം തന്നെ സാധനം അവൾക്ക് കിട്ടി എന്ന് വരില്ല.നിനക്ക് ഞാൻ നേരത്തേ അയക്കാം.നീ കറക്റ്റ് ദിവസം പോയി കൊടുത്താൽ മതി.
യെതിൻ: ഒക്കേ, ഒക്കേ, ഞാൻ അവളെ വിളിച്ച് വീട്ടിൽ മീൻകറി ഉണ്ടാക്കി വെക്കാൻ പറയാം.ഏതായാലും അത് വരെ പോണതല്ലേ..
ലെജി: അരുത്, എടാ ഇത് സർപ്രൈസ് അല്ലേ?നീ മുൻകൂട്ടി പറഞ്ഞാൽ അവൾക്ക് മനസ്സിലാകും. അത് കൊണ്ട്, മീൻകറി പോയിട്ട് നിനക്ക് ചോറ് കിട്ടിയില്ലെങ്കിലും സർപ്രൈസ് പൊളിക്കരുത്.
യെതിൻ: ശരി.എന്നാ ഞാൻ മീൻ വാങ്ങി പൊയ്ക്കോളാം...
അങ്ങനെ ലെജി ഓണ്‍ലൈൻ ആയി ഒരു വാച്ച് ഓർഡർ ചെയ്തു.യെതിൻ ചെന്നൈ റ്റു കേരള ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്തു.
ഇരുവരും ഓഗസ്റ്റ് 24 ഇനായി കാത്തിരുന്നു...
-------------------------------------------
സീൻ 3
സർപ്രൈസ് പ്ലാൻ 2
ന്യൂട്ടന്റെ മൂന്നാമത്തെ സിദ്ധാന്തം പറയും പോലെ ദുബായിന്ന് കേരളത്തിലേക്ക് ഒരു ഗിഫ്റ്റ് പോയാൽ തിരിച്ച് കേരളത്തിൽ നിന്നും ദുബായിലേക്കും ഒരെണ്ണം പൊണമെന്നല്ലേ..
അതിന്റെ ഒരുക്കങ്ങളിലായിരുന്നു സരി. ദുബായിലെ യെതിൻ നമ്മുടെ പമ്മു ആയിരുന്നു.
സരി: എടാ, ലെജിക്ക് ഒരു റേ ബാൻ ഗ്ലാസ്സ് വാങ്ങണം.
പമ്മു: ലെജിക്കെന്തിനാ റേ ബാൻ ഗ്ലാസ്സ് ?അവന് വല്ല സ്റ്റീൽ ഗ്ലാസ്സോ അലൂമിനിയം ഗ്ലാസ്സോ ഒക്കെ പോരെ?
സരി: പോടാ..നീ അവന് മാച്ച് ആയ ഒരു ഗ്ലാസ് വാങ്ങണം.എന്നിട്ട് ഇരുപത്തിനാലാം തിയ്യതി അവന് അത് കൊടുക്കണം. ഓക്കേ?
പമ്മു:ഓക്കേ
സരി: പിന്നെ സംഭവം സർപ്രൈസ് ആണ്..അവനോട് പറയാതെ വേണം കാര്യങ്ങൾ ചെയ്യാൻ, മനസ്സിലായോ?നിനക്ക് സർപ്രൈസ് പൊളിക്കാതെ ഇതൊക്കെ ചെയ്യാൻ പറ്റില്ലേ?
പമ്മു: ഹും, രജനികാന്തിനെയാണോ കൂളിംഗ് ഗ്ലാസ് വെക്കാൻ പഠിപ്പിക്കുന്നത്?
സരി : അതിനു രജനി കാന്തിനല്ലല്ലോ കൂളിംഗ് ഗ്ലാസ് വാങ്ങുന്നത്? ലെജിക്കല്ലേ?
പമ്മു: രജനി കാന്തിനല്ല, 'ലെജി നിൻ കാന്ത'നാണ് കൂളിംഗ് ഗ്ലാസ് വാങ്ങുന്നത് എന്ന് എനിക്കറിയാം. ഞാൻ ഒരു ഉപമ പറഞ്ഞതാണ്..അതെങ്ങനെ ഉപമയൊക്കെ നിനക്ക് മനസ്സിലാവാൻ ?? 'ഉ' , 'പ', 'മ' എന്ന 3 അക്ഷരങ്ങൾ ഒരു വാക്കിൽ നീ ഉപയോകിക്കുന്നത് ആകെ ഉപ്പുമാവ് എന്ന് പറയാൻ വേണ്ടി മാത്രമല്ലേ .
സരി: അല്ല, ഉപ്പ്മാങ്ങ.
പമ്മു : ഓ, നിനക്കിപ്പോ എന്താ വേണ്ടേ? ലെജിക്ക് ഞാൻ ഒരു കൂളിംഗ് ഗ്ലാസ് വാങ്ങണം..അത്രയല്ലേ ഉള്ളൂ?ഞാൻ വാങ്ങിച്ചോളാം..
അങ്ങനെ ലെജിക്ക് മാച്ചായ ഗ്ലാസ്സ് വാങ്ങുന്നതിന് വേണ്ടി പമ്മു ഒരു പ്ലാൻ തയ്യാറാക്കി.
ഒരു സുഹൃത്തിന് റേ ബാൻ ഗ്ലാസ് വാങ്ങാൻ സെലെക്റ്റ് ചെയ്യാൻ എന്ന വ്യാജേന പമ്മു ലെജിയേം കൊണ്ട് റേ ബാൻ ഷോറൂമിൽ പോയി.. ലെജി തന്നെ ഒരു ഗ്ലാസ്സും സെലക്ട് ചെയ്തു കൊടുത്തു .ബിൽ ഒക്കെ ചെയ്തതിനു ശേഷം ലെജി പമ്മുവിനോട് പറഞ്ഞു, "ഞാനും ഒരെണ്ണം വാങ്ങിയാലോ എന്ന് ആലോചിക്കുകയാ "
"ഏയ്, വേണ്ടാ, നീ വാങ്ങണ്ട"
"അതെന്താ?"
എന്ത് പറയും എന്നറിയാതെ പമ്മു പകച്ചു നിന്നു. ഈ സെലക്ട് ചെയ്ത ഗ്ലാസ്സ് ലെജിക്കുള്ളതാണെന്ന് പറയാനും പറ്റില്ലല്ലോ.
"തൽക്കാലം നീ വാങ്ങണ്ട", എന്നും പറഞ്ഞുകൊണ്ട് പമ്മു ഷോ റൂമിൽ നിന്നും പുറത്തേക്ക് ഓടി.
'ഇവനിതെന്ത് പറ്റി, കാർ വാങ്ങിയപ്പോ ഇവന് പ്രാന്തായി എന്ന് നാട്ടുകാരൊക്കെ പറയുന്നത് സത്യമാണോ? ', എന്ന് ചിന്തിച്ച് കൊണ്ട് ലെജിയും പമ്മുവിന്റെ കൂടെ നടന്നു., ഗ്ലാസ് വാങ്ങാനുള്ള തീരുമാനം തൽകാലത്തേക്ക് ഉപേക്ഷിച്ചു കൊണ്ട്...
----------
ഗിഫ്റ്റ് വാങ്ങിയ വിവരം പമ്മു സരിയെ വിളിച്ച് അറിയിച്ചു.
പമ്മു: എടീ സരി, ഒരു വിധം എങ്ങനെയൊക്കെയോ ഞാൻ സംഭവം വാങ്ങി.
സരി: കൊള്ളാം
പമ്മു: ഇരുപത്തിനാലാം തിയ്യതി ലെജിക്ക് ഓഫീസ് ഉണ്ട്. ഞാൻ ഇരുപത്തിമൂന്നാം തിയ്യതി രാത്രി നിങ്ങടെ കാറിൽ ഈ ഗ്ലാസ് വെക്കാം. അവൻ ഓഫീസിൽ കയറാൻ കാറിൽ കയറുമ്പോൾ ഗിഫ്റ്റ് കാണും. എങ്ങനെയുണ്ട്?
സരി: ഗുഡ് ജോബ് പമ്മു ..
ഇരുവരും ഓഗസ്റ്റ് 24 ഇനായി കാത്തിരുന്നു.
---------------------
സീൻ 4
സർപ്രൈസ് ഈവ്
ഓഗസ്റ്റ് 23 രാത്രി.
ഫോണ്‍ കണ്‍വർസേഷൻ 1
ലെജി: എടാ യെതിൻ, നീ ട്രെയിൻ കയറിയോ?
യെതിൻ: യെസ്. ട്രെയിനിലാ. നാളെ രാവിലെ ഏഴ് മണിക്ക് മുന്പ് കുറ്റിപ്പുറത്തെത്തും.ഏഴര എട്ടോട് കൂടി സർപ്രൈസ് ഗിഫ്റ്റ് അവളുടെ കൈയ്യിലും എത്തും.
ലെജി : ഓക്കേ.
ഫോണ്‍ കണ്‍വർസേഷൻ 2
പമ്മു: ഞാൻ ലെജി അറിയാതെ നിങ്ങടെ കാറിൽ ഗിഫ്റ്റ് വെച്ചിട്ടുണ്ട്. അവന് നാളെ രാവിലെ നേരത്തെ ഓഫീസിൽ പോകണമത്രേ.രാവിലെ ഏഴ് മണിയോട് കൂടെ. അവൻ വീട്ടില് നിന്നും ഇറങ്ങിയാൽ ഞാൻ നിനക്ക് മെസ്സേജ് അയക്കാം. നീ അവനെ അതിന് ശേഷം വിളിച്ചാ മതി .
സരി: ഓക്കേ.
നാല് പേരും അടുത്ത പ്രഭാതത്തിനായി കാത്തിരുന്നു. ആ സർപ്രൈസിനായി...
------------------------------------------
സീൻ 5 - ക്ലൈമാക്സ് സീൻ
സർപ്രൈസ്
ലെജി രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോകാനൊരുങ്ങി.ദൂരെ നിന്നും ഒരു സീ ഐ ഡീയെ പോലെ പമ്മു ലെജിയുടെ ഓരോ നീക്കവും വീക്ഷിച്ചു.
ദുബായിൽ സമയം 6.45 AM
ലെജി പമ്മുവിന്റെ അടുത്ത് പോയി പറഞ്ഞു, "എടാ, നിന്റെ ഹ്യുണ്ടായ് ടെംബിളിന്റെ കീ ഒന്ന് താ.ഇന്ന് അതിൽ ഓഫീസിൽ പോകാം "
ഇത് കേട്ടതും പമ്മു ഞെട്ടി,"ഏയ്, അത് പറ്റില്ല, നീ നിന്റെ വണ്ടിയിൽ തന്നെ ഓഫീസിൽ പോണം"
"എന്റെ വണ്ടി സർവീസിനു സമയമായി.. ഇന്ന് അവർ അത് എടുത്ത് കൊണ്ട് പോകും "
"യെന്ത് ?", റേ ബാൻ ഇരിക്കുന്നത് ലെജിടെ കാറിലാണ്..അത് സർവീസിനു കൊടുത്താൽ ശരിയാവില്ല.. റേ ബാൻ കണ്ണട വെച്ച് വണ്ടി സർവീസ് ചെയ്യുന്ന മെക്കാനിക്കിന്റെ മുഖം പമ്മുവിന്റെ മനസ്സിൽ തെളിഞ്ഞു."പറ്റില്ല, എന്റെ വണ്ടി തരില്ല .. നീ നിന്റെ വണ്ടിയിൽ തന്നെ ഓഫീസിൽ പോണം..."
'ശരിയാ, നാട്ടുകാർ പമ്മൂനെ പറ്റി പറയുന്നത് സത്യം തന്നെയാ..', ലെജി മനസ്സില് ഓർത്തു, എന്നിട്ട് പമ്മുവിനോട് പറഞ്ഞു , "എന്നാലൊരു കാര്യം ചെയ്യ്, നിന്റെ വണ്ടിയിൽ എന്നെ ഒന്ന് ഓഫീസ് വരെ കൊണ്ടാക്ക് "
പമ്മു കുടുങ്ങി എന്ന് പറഞ്ഞാ മതിയല്ലോ.പമ്മു വേഗം ഫോണെടുത്ത് സരിക്ക് മെസ്സേജ് അയച്ചു, 'ലെജി കാർ എടുക്കുന്നില്ല, ഇങ്ങനെ പോയാൽ സർപ്രൈസ് പൊളിയും' എന്ന്.
സരി പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ ലെജിയെ ഫോണ്‍ വിളിച്ചു.
"ഹെലോ, ഹാപ്പി ആനിവർസറി "
"ഹാപ്പി ആനിവർസറി", ലെജി തിരിച്ചും വിഷ് ചെയ്തു.
"പിന്നെ, ഒരു സർപ്രൈസ് ഗിഫ്റ്റ്.. ", സരി പതുക്കെ പതുക്കെ പറഞ്ഞു.
ലെജി വേഗം വാച്ച് നോക്കി , ദുബായിൽ ആറേമുക്കാൽ എന്ന് പറയുമ്പോ നാട്ടിൽ എട്ടേകാൽ, "ഓ, അത് കിട്ടി, അല്ലെ? യെതിൻ എപ്പോ എത്തി?വാച്ച് പാകമാണോ?", ഡാമിൽ നിന്നും വെള്ളo തുറന്ന് വിട്ട പോലെ ലെജി ചോദ്യങ്ങളെല്ലാം ഒറ്റയടിക്ക് ചോദിച്ചു തീർത്തു.
"എന്ത് കിട്ടി? യെതിനോ? വാച്ചോ?"
"അപ്പൊ യെതിൻ എത്തിയില്ലേ? അയ്യോ, അപ്പൊ എന്റെ സർപ്രൈസ്..അപ്പൊ നീ പറഞ്ഞ സർപ്രൈസ് എന്താ?"
"നമ്മുടെ കാറിൽ ഒരു ഗിഫ്റ്റ് ഇരിപ്പുണ്ട്.... അതാണ് എന്റെ സർപ്രൈസ്....", തന്റെ സർപ്രൈസ് പോളിഞ്ഞതിന്റെ ദുഃഖം സരിക്ക് ഉണ്ടായിരുന്നെങ്കിലും ലെജിടെ സർപ്രൈസും പൊളിഞ്ഞത് ആ ദുഃഖം ക്യാൻസൽ ചെയ്തു..
ലെജി കാറിൽ പോയി ഗിഫ്റ്റ് കിട്ടി ബോധിച്ചു. റേ ബാൻ ധരിച്ച് പമ്മുവിന്റെ മുൻപിൽ പോയി നിന്നു.
"വൊവ്, നാട്ടിൽ തെങ്ങ് കയറാൻ വരുന്ന ഗംഗേട്ടനെ പോലെയുണ്ട്, ഓപ്പാ ഗംഗൻ സ്റ്റൈൽ.."
"പോടാ, പിന്നെ, ഇനി നിന്റെ കാറിന്റെ കീ ഒന്ന് തരുമോ "
"ഇതാ എടുത്തോ ..നിന്നെയൊക്കെ സർപ്രൈസ് ചെയ്യാൻ നൊക്കിയിട്ട് അവസാനം നീ കാർ എടുക്കുന്നില്ലാ എന്ന് പറഞ്ഞപ്പോൾ , ഞാനാണല്ലോ എന്റെ ഈശ്വരാ സർപ്രൈസ് ആയത്", ഹ്യുണ്ടായ് ടെമ്പിളിന്റെ താക്കോൽ ലെജിക്ക് കൊടുത്ത് കൊണ്ട് പമ്മു പറഞ്ഞു...
---------------------
സീൻ 6
വീണ്ടും സർപ്രൈസ്
സരിടെ വീട് ലക്ഷ്യമാക്കി യെതിൻ നടന്നു .'ട്രെയിൻ അര മണിക്കൂർ ലേറ്റ് ആയ കാരണം എട്ടരയായി ഇവിടെ എത്താൻ. പക്ഷെ അതൊന്നും ഈ സർപ്രൈസ് ഗിഫ്റ്റ് അവൾക്ക് കൊടുക്കുന്നതിൽ നിന്നും എന്നെ തടയാൻ കഴിയില്ല.' താനൊഴികെ ലോകത്ത് ബാക്കി എല്ലാവരും സർപ്രൈസിന്റെ കാര്യം അറിഞ്ഞു എന്നതറിയാതെ യെതിൻ വീടിന്റെ കോളിംഗ് ബെൽ അടിച്ചു.
സരി വാതിൽ തുറന്നു.
"സർപ്രൈസ്", യെതിൻ ഉറക്കെ പറഞ്ഞു, വലതു കൈയിൽ വാച്ചും , ഇടതു കൈയിൽ ഒരു കിലോ മീനുമമേന്തി..
"ഹായ്, മീൻ, ഇത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല !!! "
യെതിനെയും വാച്ചിനെയും കണ്ട് സരി ഞെട്ടും എന്ന് പ്രതീക്ഷിച്ച യെതിൻ, സരിടെ ഈ പ്രതികരണം കണ്ട് ശരിക്ക് സർപ്രൈസ് ആയി !!
-----------------
വേറെ ഏതോ മുഖം
ഒരു സർപ്രൈസ് പ്ലാൻ ചെയ്യുംബൊൾ ആരെങ്കിലുമൊക്കെ സർപ്രൈസ് ആകണം എന്നാണല്ലോ അതിന്റെ പ്രധാന ആവശ്യം.അങ്ങനെ നോക്കുമ്പോൾ , ഈ സന്ദർഭത്തിലെ സർപ്രൈസ് ഒടുവിൽ വിജയിച്ചു എന്ന് തന്നെ പറയാം.
കാരണം, സർപ്രൈസ് ആകേണ്ട 2 പേർ സർപ്രൈസ് ആയില്ലെങ്കിലെന്താ, സർപ്രൈസ് ആക്കാൻ നിയോഗിക്കപ്പെട്ട 2 പേരും സർപ്രൈസ് ആയല്ലോ..
കൊള്ളാം. :)
ReplyDeleteThanks :)
DeleteKollam ..... Pammu Rockz... koode lejini kaanthum ;)
ReplyDeleteThanks irfu :)
DeletePammu illengil Nithu engane kadha eyuthumayirunnu! :D :D
ReplyDeletepammu illenkilum sari enna kadhaapathram undallo..thalkalam athu vachu adjust cheyam ;) :P
Deleteവൌവ്...
ReplyDeleteസര്‍പ്രൈസ്
നന്നായിടുണ്ട്. നല്ല ഒരു fun element ഉണ്ട് ഈ കഥയിൽ !
ReplyDeleteThanks Deepak :)
Deleteno comments... ayushman bhavaaaa...!!!
ReplyDeletegood
ReplyDeletelike it
ReplyDelete