Tuesday, November 3, 2015

ഒന്നില്‍ പിഴച്ചാല്‍?


പന്താവൂര്‍.

ഞാനും ചേച്ചീം സിമീം കൂടെ അന്നത്തെ കുക്കിംഗ്‌ ഏറ്റെടുത്തു നടത്തുകയായിരുന്നു. അതിനിടയ്ക്ക് ചേച്ചിടെ മാരക കുക്കിംഗ് ഐഡിയാസ് കേട്ട് ഞങ്ങള്‍ അന്തം വിട്ട് നിന്നു..എന്തിന്ഗ്യാസ് സിലിണ്ടറിലെ ഗ്യാസ് വരെ തീര്‍ന്നു..സ്പെയര്‍ സിലിണ്ടര്‍ ഇല്ല താനും. അപ്പോഴാണ്‌ വീട്ടിലെ അടുപ്പ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.അമ്മയാണെങ്കില്‍ വീട്ടില്‍ ഇല്ല. ഇത് വരെ അടുപ്പ് കത്തിച്ച് പരിചയമില്ലെങ്കിലും ആ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തു. ഞാന്‍ ഒരു മെഴുകുതിരി ഒക്കെ കത്തിച്ച്ഒരു ഓലക്കിടി അതിന്റെ തീയില്‍ കാട്ടി തീ പിടിക്കാന്‍ വെയിറ്റ് ചെയ്ത്,’ഹോഇത് കത്തുന്നില്ലല്ലോ?’ എന്നൊക്കെ ഓര്‍ത്ത് നില്‍ക്കുമ്പോ ചേച്ചിടെ അവസരോചിതമായ ചോദ്യം..ഫാന്‍ ഓണ്‍ ചെയ്യണോ?’ !!

അല്ലെങ്കിലും ഈ ചേച്ചി പണ്ടേ ഫാനിന്റെ ഒരു ഭയങ്കര ഫാനാ. ഒരിക്കല്‍ അച്ഛന്‍ ഫാന്‍ തുടച്ച് കൊണ്ടിരിക്കുമ്പോ അച്ഛനോട് പോയി,’അച്ഛാചൂടെടുക്കുന്നുണ്ടോഫാന്‍ ഓണ്‍ ചെയ്യണോ?’, എന്ന് ചോദിച്ച ആളാ ചേച്ചി!

ചേച്ചി ദുബായി പോയതില്‍ പിന്നെ, ചേച്ചിടെ ഇത്തരം സംഭാഷണങ്ങളുടെ തല്‍സമയ സംപ്രേക്ഷണം കാണാന്‍ അവസരം നഷ്ടമായതാണ്.എന്നാല്‍ കുറച്ച് നാള്‍ ചേച്ചി നാട്ടില്‍ വന്ന് നിന്നപ്പോള്‍ എനിക്ക് ചാകര ആയിരുന്നു. ചാകര!

--
അങ്ങനെ ഈ ചേച്ചീം 2 വയസ്സ് പോലും ആകാത്ത ധ്രുവും കൂടെ ബാംഗ്ലൂര്‍ എത്തി..ലെജിയേട്ടന്‍ 2 ദിവസം കഴിഞ്ഞെത്തും.ഈ ബാംഗ്ലൂര്‍ എന്ന് പറയുന്നത് ചേച്ചിക്കും ലെജിയേട്ടനും നല്ല ഭാഗ്യമുള്ള സ്ഥലമാണ്..ആദ്യ തവണ വന്നപ്പോ ഒരു ക്യാമറ കളഞ്ഞു പോയി..രണ്ടാം തവണ വന്നപ്പോ ബാംഗ്ലൂര്‍ വച്ചാണ് ലെജിയേട്ടന്റെ ഫോണ്‍ കേട് വന്നത്.. ഏതായാലും ‘ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍’ എന്നാണല്ലോ..ഇത്തവണ ഒന്നും സംഭവിക്കില്ലായിരിക്കും..അല്ലേ? കണ്ടറിയാം..

--
ബാംഗ്ലൂര്‍

വെറുതെ ഇരിക്കുന്ന എന്നെ വിളിച്ച്, വാ നമുക്ക് സൂപ്പര്‍ മാര്‍ക്കെറ്റില്‍ പോകാം, പിന്നെ എ.ടി.എം പോകാം എന്നൊക്കെ പറഞ്ഞ് ചേച്ചി ശല്യപ്പെടുത്താന്‍ തുടങ്ങി..ധ്രുവ് ഇത് വരെയായി ബൈക്കില്‍ കയറിയിട്ടില്ല എന്ന് കൂടെ കേട്ടതോടെ, എന്നാ പിന്നെ അവന് ഒരു ബൈക്ക് റൈഡ് കൊടുക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ 3 പേരും കൂടെ ബൈക്കില്‍ യാത്രയായി..ധ്രുവിന്റെ ആദ്യ ബൈക്ക് റൈഡ് അവന്‍ നന്നായി ആസ്വദിച്ചു, ഞങ്ങള്‍ അങ്ങനെ സൂപ്പര്‍ മാര്‍ക്കറ്റ്‌ എത്തി.. സൂപ്പര്‍ മാര്‍ക്കറ്റില്‍ കണ്ട ഒരു കാര്‍ വേണമെന്ന് പറഞ്ഞ് ധ്രുവ് വാശി പിടിച്ചപ്പോള്‍ ആ കാര്‍ ബില്‍ അടിക്കുന്ന മാമന്‍ വീട്ടില്‍ കൊണ്ട് വന്നു തരും എന്നും പറഞ്ഞ് അവനെ പറ്റിച്ചു.പക്ഷെ അവന് കാര്യം മനസിലായി കരയാന്‍ തുടങ്ങി..ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ല, വീട്ടില്‍ പോകാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ‘ഏയ്‌ അത് പറ്റില്ല, എ.ടി.എം എന്തായാലും പോണം’ എന്ന് ചേച്ചി.അങ്ങനെ ചേച്ചി എ.ടി.എം കേറി. റോഡിലൂടെ ഓടുന്ന ഒറിജിനല്‍ കാറും ബസ്സും കാണിച്ച് കൊടുത്ത്  ഞാന്‍ ധ്രുവിന്റെ കരച്ചില്‍ നിര്‍ത്തി.
എ.ടി.എമ്മില്‍ നിന്നും ചേച്ചി കാശെടുത്ത ഉടന്‍ തന്നെ ഞങ്ങള്‍ തിരിച്ച് വീട്ടിലേക്ക് യാത്രയായി..അതിനിടയ്ക്ക് ധ്രുവ് സൈടിലേക്കൊക്കെ വലിഞ്ഞ് നോക്കുന്നുണ്ട് എന്നൊക്കെ ചേച്ചി പറയുന്നുണ്ടായിരുന്നു..വീടെത്തിയപ്പോ ധ്രുവിന് ഉറപ്പായി, കാര്‍ വീട്ടിലേക്ക് ഡെലിവറി ഒന്നും ഇല്ലെന്ന്..ഇത് പിന്നെ ചേച്ചിടെ സ്ഥിരം നമ്പര്‍ ആയ കാരണം അവന്‍ ഉള്ള കളിപ്പാട്ടങ്ങള്‍ വച്ച് കളിക്കാന്‍ തുടങ്ങി..

എന്റെ പേഴ്സ് എവിടെ??’, കുറച്ച് കഴിഞ്ഞ് ചേച്ചി അന്വേഷിച്ച് തുടങ്ങി..
ചേച്ചി എന്റെ കൈയിലല്ലേ തന്നിട്ടുണ്ടായിരുന്നത്?’, ഞാന്‍ ചോദിച്ചു. അതേ എന്ന് ചേച്ചി സമ്മതിച്ചു..
അത് എവിടെ വച്ചു എന്ന് ഒരു ഓര്‍മയും കിട്ടുന്നില്ലല്ലോ’..ഞാനും ചേച്ചീം സിമീം കൂടെ  വീട് മൊത്തം അരിച്ചു പെറുക്കി..ഇനി രാമന്‍ നായരുടെ വീട് മാത്രമേ ബാക്കിയുള്ളൂ..സോറി..ഡയലോഗ് മാറിപ്പോയി..
വീട് മൊത്തം തപ്പിയിട്ടും പേഴ്സ് കിട്ടിയില്ല..ഞാന്‍ താഴെ ബൈക്ക് പാര്‍ക്ക്‌ ചെയ്ത ബെയ്സ്മെന്റില്‍ ഒക്കെ പോയി നോക്കി..ഇല്ല, അവിടേം ഇല്ല..
  

നീ എ.ടി.എമ്മില്‍ നിന്നും പൈസ എടുക്കണ്ട എന്ന് പറഞ്ഞപ്പോ എടുക്കാതിരുന്നാ മതിയായിരുന്നു..ഇതിപ്പോ ആ പൈസയും പോയില്ലേ’, ചേച്ചി പറഞ്ഞു

വേറെ എന്തൊക്കെ ഉണ്ടായിരുന്നു പേഴ്സില്‍?’, ഞാന്‍ ചോദിച്ചു

ഞങ്ങളുടെ എല്ലാ ഐ.ഡീ കാര്‍ഡും അതിലാ..പിന്നെ 2 ക്രെഡിറ്റ്‌ കാര്‍ഡ്

ബൈക്കില്‍ വരുമ്പോ എവിടെയെങ്കിലും വീണ് പോയതാകാം..ഞാന്‍ അവിടെ ഒക്കെ ഒന്ന് പോയി നോക്കി വരാം..

നമ്മള്‍ ബൈക്കില്‍ വരുമ്പോ ധ്രുവ് എത്തി വലിഞ്ഞ് നോക്കുന്നുണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞില്ലേ? ഒരു പക്ഷെ പേഴ്സ് വീണത്‌ കണ്ടിട്ട് അവന്‍ നോക്കിയതാണെങ്കിലോ?’

ഞങ്ങളുടെ തലക്ക് പിന്നിലായൊരു ത്രില്ലിംഗ് ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ മുഴങ്ങി.

ഞാന്‍ പോയി നോക്കി വരാം...നിങ്ങള്‍ വീടൊന്നു കൂടെ തപ്പ്ഞാന്‍ ബൈക്ക് എടുത്ത് നേരത്തേ സഞ്ചരിച്ച വഴിയിലൂടെ വീണ്ടും സഞ്ചരിച്ചു..വഴിയിലൊന്നും പേഴ്സ് കിടക്കുന്നത് കാണാനില്ല..വഴിയില്‍ കണ്ട ഒരു കടടെ മുന്‍പില്‍ ഞാന്‍ നീര്‍ത്തി..ചേട്ടാ, ഒരു ചുവന്ന പേഴ്സ് ഇവിടെ എവിടെയോ വീണ് പോയി..അങ്ങനെ ഒരു പേഴ്സ് കിട്ടിയോ?’

അങ്ങനെ ഒന്ന് കിട്ടിയാല്‍ തന്നെ ഇന്നത്തെ കാലത്ത് ആരെങ്കിലും തിരിച്ച് തരുമോ?’, ചേട്ടന്റെ മറുചോദ്യം.

ഇതിന്റെ അര്‍ഥം ഈ ചേട്ടന് പേഴ്സ് കിട്ടി, തരില്ല. എന്നാണോ? അതോ കിട്ടിയില്ല എന്നാണോ? കണ്‍ഫ്യൂഷന്‍ ആയല്ലോ..കിട്ടുകയാണെങ്കില്‍ എന്റെ നമ്പറിലേക്ക് വിളിക്കാന്‍ പറഞ്ഞ് എന്റെ നമ്പര്‍ അയാള്‍ക്ക് നല്‍കി ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തി..

പേഴ്സ് കിട്ടിയില്ല എന്ന ദുഃഖ വാര്‍ത്ത ഞങ്ങള്‍ പരസ്പരം പങ്ക് വച്ചു..
പക്ഷെ ഒരു സന്തോഷ വാര്‍ത്ത എന്താണെന്ന് വച്ചാല്‍ ഐ.ഡീ കാര്‍ഡെല്ലാം വേറെ പേഴ്സില്‍ ആയിരുന്നു.അത് കൊണ്ട് അത് നഷ്ടപ്പെട്ടില്ല..

അപ്പൊ ഇനി ആലോചിച്ചിരുന്നിട്ട്‌ കാര്യമില്ലാത്തത് കൊണ്ട് ക്രെഡിറ്റ്‌ കാര്‍ഡൊക്കെ ബ്ലോക്ക്‌ ചെയ്യാന്‍ തീരുമാനിച്ചു.ദുബായില്‍ ഇഷ്യു ചെയ്ത കാര്‍ഡ് ആയ കാരണം ലെജിയേട്ടനെ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞു.. വീട്ടില്‍ ശ്മശാന മൂകമായ അന്തരീക്ഷമായി..ബാംഗ്ലൂര്‍ വന്ന മൂന്നാം തവണയും നഷ്ടങ്ങളുടെ കഥ തന്നെ..

ടക് ടക്’, വാതില്‍ ആരൊ മുട്ടുന്ന ശബ്ദം.

ഞാന്‍ വാതില്‍ തുറന്നു. ഹൗസ് ഓണറുടെ വല്ല്യമടെ മോന്‍ അതാ മാലാഖയെ പോലെ നില്‍ക്കുന്നു..കൈയ്യില്‍ ചുവന്ന പേഴ്സുമേന്തി.. റെന്റിനു താമസിക്കുന്ന വേറെ വീട്ടുകാര്‍ക്ക് ബൈക്കിന്റെ അടുത്ത് നിന്നും കിട്ടിയതാ..അവര്‍ ഇങ്ങേരെ ഏല്‍പ്പിച്ചു..അങ്ങനെ പോയി എന്ന് കരുതിയ പേഴ്സ് തിരിച്ച് കിട്ടി..!

നഷ്ടപെട്ടു എന്ന് കരുതിയ പേഴ്സ് തിരിച്ച് കിട്ടിയതിനു വമ്പിച്ച ചെലവ് വേണം..’, ഞാന്‍ പേഴ്സ് തുറന്ന് അതിനകത്തേക്ക് നോക്കി..അയ്യേ. ആകെ ആയിരം രൂപയേ ഉള്ളൂ?’

അതും ഉണ്ടായിരുന്നില്ല.. ഞാന്‍ എ.ടി.എമ്മില്‍ നിന്നും ഇപ്പൊ എടുത്തതല്ലേ.’, എന്ന് ചേച്ചി

ഇതിനു വേണ്ടിയാണോ ഞാനിത്രേം ഓടിയത്’, എന്ന ഭാവത്തില്‍ ഞാന്‍ ചേച്ചിയെ തുറിച്ച് നോക്കി..

അല്ലടാ, ക്രഡിറ്റ് കാര്‍ഡ് ഉണ്ടായിരുന്നില്ലേ? ഇത്തവണയും ബാംഗ്ലൂര്‍ന്ന്‍ പേഴ്സ് നഷ്ടപ്പെട്ടു എന്ന് കരുതിയതാ..പക്ഷെ തിരിച്ച് കിട്ടി.. ‘ഒന്നില്‍ പിഴച്ചാല്‍ മൂന്ന്’ എന്ന് പറയുന്നത് എത്ര ശരിയാ, അല്ലേ?’

അപ്പോഴാണ് ചേച്ചിടെ ഫോണ്‍ റിംഗ് ചെയ്തത്..ലെജിയേട്ടന്‍.

സരി: ലെജി, പേഴ്സ് തിരിച്ച് കിട്ടി

ലെജി: ബെസ്റ്റ്! ക്രെഡിറ്റ്‌ കാര്‍ഡ് ഒക്കെ ബ്ലോക്ക് ചെയ്തു..റീ-ഇഷ്യൂ ഫീ അയി 200 ദിര്‍ഹം ആവും..അതായത് ഒരു 3500 രൂപ !

ചേച്ചി വീണ്ടും പ്ലിംഗ് !

---------


അതേ, ‘ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍’ എന്ന് പറയുന്നത് എത്ര ശരിയാ.. 3500 രൂപ പോയാലെന്താ? 1000 രൂപയുള്ള പേഴ്സ് തിരിച്ച് കിട്ടിയില്ലേ.. !


Saturday, January 31, 2015

പുതുവത്സരാശങ്കകൾ


കഥാപാത്രങ്ങളുടെ അതിപ്രസരം മൂലം ആദ്യം തന്നെ അവരെ ഒക്കെ ഒന്ന് പരിചയപ്പെടുത്തുന്നത് ആയിരിക്കും നല്ലത്..


അനീഷ്‌ : ദേ ഈ കഥയിലെ അനിഷ് ആണ് ഈ അനീഷ്‌.പട്ടിണി, ദാരിദ്ര്യം, ഇല്ലായ്മ എന്നൊക്കെ പറയില്ലേ , അതിന്റെ വിപരീതമാണ് ഈ പറയുന്ന അനീഷ്‌.ഒരു പൂ ചോദിച്ചപ്പോൾ ഒരു  പൂന്തോട്ടം തന്നു എന്ന് കേട്ടിട്ടില്ലേ. ഇവന് ഒരു പൂ വേണമെങ്കിൽ  ഒരു 10 പൂന്തോട്ടം വാങ്ങും.ജീവിക്കുമ്പോൾ അഹങ്കാരത്തോടെ ജീവിക്കുക..അതാണ്‌ ഫിലോസഫി.ബാംഗ്ലൂർ ജോലി ചെയുന്നു.

 അനീഷ്‌ : വീണ്ടും അനീഷ്‌.ആദ്യത്തെ അനീഷിന്റെ ഒപ്പം രണ്ടാം ക്ലാസ് മുതൽ പഠിച്ച അനീഷ്‌. എന്റെ കസിൻ. രണ്ട് അനീഷിനേം തമ്മിൽ തിരിച്ചറിയാൻ ഈ അനിഷിനെ അനി എന്ന് വിളിക്കും. രാത്രി 2 മണിക്കൊക്കെ വീട്ടില് കേറി വന്ന്,'വാ എങ്ങോട്ടെങ്കിലും ട്രിപ്പ്‌  പോകാം ', എന്ന് പറയുന്ന ഐറ്റം. കാനഡയിൽ എം.ബി.എ ചെയ്യുന്നു.ഇപ്പൊ വെക്കേഷന് ബാംഗ്ലൂർ വന്നിട്ടുണ്ട്.

വിനു : കൂട്ടത്തിലെ മസിൽമാൻ. 6 Pack.തൊപ്പിയിൽ നിന്നും മുയലിനെ എടുക്കുന്ന മന്ത്രികനെയൊക്കെ കണ്ടിട്ടുണ്ട്, പക്ഷെ ഓണസദ്യക്ക് പോയാൽ പോലും ജീന്സിന്റെ പോക്കെറ്റിൽ നിന്നും  ചപ്പാത്തി എടുത്ത്  തിന്നുന്ന മാന്ത്രികനെ  കണ്ടിട്ടുണ്ടോ ?അവനാണിവൻ. അമ്മാതിരി ഡയറ്റിംഗ്  ഫ്രീക്ക്  എൽ.എൽ.എം  ഒക്കെ കഴിഞ്ഞ്  ഇവനും ബാംഗ്ലൂർ ജോലി ചെയുന്നു.


ഹരി
: എന്റെ ബ്ലോഗ്‌ വായിക്കുന്നവർക്ക് ഹരിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്ത് സാഹചര്യം വന്നാലും അതിനെ ബുദ്ധിപരമായി നേരിടുന്ന ഒരു സാങ്കല്പിക കഥാപാത്രം.ഫ്രീക്കൻ ആവാനുള്ള എളിയ ശ്രമം ഉണ്ട്.ഇവനും ബാംഗ്ലൂർ ജോലി ചെയുന്നു.


പിന്നെ ഞാൻ : ഈ മുകളിൽ പരിചയപ്പെടുത്തിയവർ ബോധത്തോടെയോ അല്ലാതെയോ പറയുന്ന കാര്യങ്ങൾ ബ്ലോഗിൽ  എഴുതി ഇവരെ കൊണ്ട് തന്നെ നിർബന്ധിപ്പിച്ചു വായിപ്പിക്കുന്ന ഒരു പാവം സാഡിസ്റ്റ്.

സ്പെഷ്യൽ മെൻഷൻസ്

ഫിനോ
: ഈ കഥ നടക്കുന്ന സമയത്ത് നാട്ടിൽ ആയിരുന്ന കാരണം  കഥയിൽ  കഥാപാത്രം ആവാൻ ഭാഗ്യം ലഭിക്കാത്ത പുണ്യാത്മാവ്.
അഭിലാഷ്, ആദർശ് : അകാലത്തിൽ കല്യാണം കഴിഞ്ഞു  ഞങ്ങളുടെ റൂം വിട്ടു പോയ ഞങ്ങളുടെ പഴയ സഹ മുറിയന്മാർ.അത് കൊണ്ട് തന്നെ ഇവരും കഥയിലെ കഥാപാത്രങ്ങളല്ല.

31-ഡിസംബർ-2012  
രാവിലെ എപ്പോഴോ

ബാംഗ്ലൂർ അനീഷിന്റെ വീട് (ഏതു അനീഷ്‌ എന്നോ? ശ്രദ്ധിച്ച് വായിക്കണം. മറ്റേ അനീഷ്‌ അനി ആണ്. മുദ്ര  ശ്രദ്ധിക്കണം ! )

എല്ലാവരും കൂടെ ചൂടേറിയ ചർച്ച . ന്യൂ ഇയർ എന്ത് ചെയ്യണം , എവിടെ പോണം. മുകളിൽ വർണിച്ച പോലെ ഓരോരുത്തർ അവരവരുടെ സ്വഭാവത്തിന് അനുസൃതമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

അനീഷ്‌ : താജിൽ  പോകാം. അവിടെ നല്ല ന്യൂ ഇയർ പാർട്ടി കാണും.
അനി : ഗോവ പോയാലോ. ഇപ്പോ സ്റ്റാർട്ട്‌ ചെയ്‌താൽ രാത്രി ആവുമ്പോഴേക്കും എത്താം.
വിനു
: നമുക്ക് നല്ല പാർട്ടി എവിടെ ഉണ്ടെന്നു നോക്കാം. വിത്ത്‌ ഗുഡ് ഡി.ജേ.
ഹരി : ബ്രിഗേഡ് റോഡ്‌ പോകാം.
ഞാൻ : നമുക്ക് വീട്ടിൽ ഇങ്ങനെ കത്തിയൊക്കെ വെച്ച് ഇരിക്കാം.
ഫിനോ (നാട്ടിൽ ഇരുന്ന് ചിന്തിക്കുന്നു ) : ഭാഗ്യം, ഞാൻ ഈ സമയം ബംഗ്ലൂർ ഇല്ലാത്തത് !

അങ്ങനെ ഏതൊരു ചർച്ചയും പോലെ 5  പേരും,5 അഭിപ്രായങ്ങളും. കൂട്ടത്തിൽ  ഒരു അർണബ് ഗോസ്വാമി ഇല്ലാത്തത് കൊണ്ട് എല്ലാവർക്കും സംസാരിക്കാൻ അവസരം കിട്ടി. അത് കൊണ്ട് തന്നെ ചർച്ച  എവിടെയും എത്തിയതുമില്ല.

അനി : സംസാരിച്ചിരുന്ന് ഗോവ ഇനി നടക്കില്ല.അറ്റ്‌ലീസ്റ്റ് പോണ്ടിച്ചേരി പോയാലോ, അല്ലെങ്കിൽ കൂർഗ്.

അനി പാരലൽ ആയി ലാപ്ടോപ്പിൽ 'Accomodation in Coorg' തപ്പി തുടങ്ങി.

അനീഷ്‌ : അപ്പോ താജിൽ പോകണ്ട എന്ന് തീരുമാനിച്ചോ? അവിടെ നല്ല ഡീ.ജേ കാണും.

വിനു: ഡേയ്, താജ് നല്ല കത്തിയാവും. നല്ല ഡീ.ജേ ഉള്ള വേറെ ഏതെങ്കിലും പാർട്ടിക്ക് പോകാം.

ഞാൻ : എന്തിനാ ഡീ.ജേ. നമുക്ക് വീട്ടിൽ ഇരിക്കാം. ഞാൻ നിങ്ങൾക്ക് പാട്ട് പാടി തരാം.സംഗീതം, അറിയുന്തോറും അകലം കൂടുന്ന മഹാ സാഗരം. സംഗീതം പഠിക്കാനുള്ള മോഹവുമായി ഞാൻ ചെന്നത് ബാവയുടെ വീട്ടിലേക്കാണ്.

ഹരി : ബാവയോ? അതെന്തിനാ?

ഞാൻ : കേട്ടിട്ടില്ലേ, ആരെയും ബാവ ഗായകനാക്കും ..

"ഇതാണ് ഞങ്ങൾ പറഞ്ഞത് വീട്ടിൽ ഇരിക്കണ്ടാ എന്ന് ", ബാക്കി 4 പേരും ഒരുമിച്ചു പറഞ്ഞു .

ഞാൻ : ഒരു കാര്യത്തിലെങ്കിലും എല്ലാവർക്കും ഒരു അഭിപ്രായമയല്ലോ. സന്തോഷം.

ചർച്ച തുടർന്ന് കൊണ്ടേ ഇരുന്നു. ചർച്ച ചെയ്ത് ചെയ്ത് ഒടുവിൽ എന്റെ ഓപ്ഷൻ ആയ 'വീട്ടിൽ ഇരിക്കൽ ' തന്നെ അവസാനം നടക്കുള്ളൂ എന്ന് എനിക്ക് തോന്നി.

ചർച്ചയ്ക്ക് ഒരു ബ്രേക്ക്‌ വേണ്ടേ എന്ന് കരുതി ഞാൻ ടോപിക് മാറ്റാൻ ശ്രമിച്ചു , "ഡാ, വിനു, നീ ഈ എൽ.എൽ. എം ഒക്കെ കഴിഞ്ഞതല്ലേ, 'യെസ്, യുവർ ഓണർ ', എന്നൊക്കെ ജീവിതത്തിൽ വല്ലപ്പോഴും പറഞ്ഞിട്ടുണ്ടോ ?  "

വിനു മറുപടി പറയുന്നതിന് മുൻപേ ഹരി കേറി ഉത്തരം പറഞ്ഞു

ഹരി : പിന്നേ, കഴിഞ്ഞ മാസം അവന്റെ വീടിന്റെ ഓണർ അവനോടു ചോദിച്ചു ,'പതിനാലാം തീയതി ആയല്ലോ റെന്റ് തരാറായില്ലേ  'എന്ന്, അപ്പൊ അവൻ പറഞ്ഞു, 'യെസ്, യുവർ ഓണർ '.


ഹരിടെ ഈ മറുപടി വിനുവിന്റെ വികാരം വ്രണപ്പെടുത്തി.'അത്രയ്ക്കായോ ? ഇപ്പൊ ശരിയാക്കി തരാം ', വിനു ലാപ്ടോപ്പിൽ എന്തൊക്കെയോ നോക്കി.കുറേ ഫോണ്‍ കോൾസ് ഒക്കെ ചെയ്തു.
അതിന് ശേഷം വിനു ചിരിച്ച് കൊണ്ട് സ്ലോ മോഷനിൽ ഞങ്ങളുടെ അടുത്തേക്ക് നടന്ന് വന്നു പറഞ്ഞു
"ഇനി കണ്ടോ എന്റെ വക്കീൽ സ്കിൽസ്...

ഇപ്പോൾ 4 ഓപ്ഷൻ ആണ് ഉള്ളത്. അതിൽ കൂർഗ് ഒന്നും ഇനി നടക്കില്ല.അത് കൊണ്ട് അത് ക്യാൻസൽ. ഇനി  ഉള്ളത് താജ് ആണ്. ഞാൻ താജിലേക്ക് വിളിച്ചു നോക്കി. അവിടെ ടിക്കറ്റ്‌ സോൾഡ് ഔട്ട്‌ ആണ്. അപ്പൊ അതും ക്യാൻസൽ. പിന്നെ ആർക്കാണ് ബ്രിഗേഡ് റോഡിൽ പോകേണ്ടത്?"

ആരും മറുപടി പറഞ്ഞില്ല. ഹരി അടക്കം.

"ഡാ, ഹരി ..നിനക്ക്  ബ്രിഗേഡ് റോഡ് പോണ്ടേ"

"ഏയ്‌ , ഞാൻ  എന്തെങ്കിലും പറയണ്ടേ എന്ന് വെച്ച്  പറഞ്ഞതല്ലേ "

"അത് ശരി.. അപ്പൊ അതും ക്യാൻസൽ. ബാക്കി ഇനി പാർട്ടി മാത്രമല്ലേ ഉള്ളൂ? ഞാൻ ഇതാ 2-3 പാർട്ടി സെലക്ട്‌ ചെയ്തു വെച്ചിട്ടുണ്ട് .പെട്ടെന്ന് ഈ സ്ഥലത്തേക്കൊക്കെ വിളിക്കാം..ഇതിൽ ഒന്ന് തീരുമാനിക്കാം..  ദാറ്റ്‌സ് ഓൾ യുവർ ഓണർ ! "


അങ്ങനെ എല്ലാവരും കൂടെ ഓരോ സ്ഥലങ്ങളിലേക്ക് വിളിച്ചു. കൂട്ടത്തിൽ  നല്ല സ്ഥലം സെലക്ട്‌ ചെയ്തു .

രാവിലെ മുതൽ വൈകുന്നേരം വരെയും ഒന്നും തീരുമാനമാകാത്ത സംഭവം വെറും 10 മിനിറ്റ് കൊണ്ട് വിനു ഒരു തീരുമാനം ആക്കി. ഇതാവണമെഡാ വക്കീൽ !!

ഞങ്ങൾ  ന്യൂ ഇയർ പാർട്ടിക്ക് പോകുന്നു . റ്റു  'ക്ലാർക്സ് എക്സോട്ടിക്ക', ഹെബ്ബാൾ !!

ഇൻഡോർ ഡീ.ജേ , അണ്‍ലിമിറ്റഡ് മദ്യം ഒക്കെ ഉള്ള പാർട്ടി. 2000 രൂപ.ലാസ്റ്റ് മിനിറ്റ് ഡിസ്കൌണ്ട് ചേർത്ത് 1500 രൂപക്കും കിട്ടി.ലിമിറ്റഡ് ടിക്കെറ്റ്സ് ഇനി ലഭ്യമുള്ളൂ. അത് കൊണ്ട് ഉടൻ തന്നെ അവരുടെ കോരമംഗല ഓഫീസിൽ പോയി ടിക്കറ്റ്‌ വാങ്ങണം.
പിന്നെ ഒന്നും ആലോചിച്ചില്ല. വിനുവും അനിഷും പോയി ടിക്കറ്റ്‌ വാങ്ങി.എല്ലാവരും പാർട്ടിക്ക് പോകാൻ റെഡി ആയി !

<ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ >  

ഇന്റെർവൽ  (എന്താ ബ്ലോഗിന് ഇതൊക്കെ ആയിക്കൂടേ?)

------------------------------


അണ്‍ലിമിറ്റഡ് മദ്യം  ആണല്ലോ. അത് കൊണ്ട് തിരിച്ചു വരുമ്പോൾ ആർക്കും  വണ്ടി ഓടിക്കാൻ പറ്റില്ല എന്ന്  മനസ്സിലാക്കി കൊണ്ട് ഞങ്ങൾ പോകാൻ ഒരു ടാക്സി ബുക്ക്‌ ചെയ്തു.

ആദ്യം വിവിധ അഭിപ്രായങ്ങൾ  ആയിരുന്നെങ്കിലും ഇപ്പോൾ എല്ലാവർക്കും പാർട്ടിക്ക് പോകാൻ ആവേശമായി. ഈ ന്യൂ ഇയർ നമ്മൾ അടിച്ചു പൊളിക്കും !

---------

8  മണി ആയപ്പോൾ ടാക്സി വന്നു.ഞങ്ങൾ എല്ലാവരും കൂടെ ന്യൂ ഇയർ പാർട്ടിക്ക് യാത്രയായി.

'ഹോ, ഇന്ന് അവിടെ പോയി അർമാദിക്കണം. ഒരു 10 കുപ്പി ബിയർ എങ്കിലും ഞാൻ കുടിക്കും'
അനീഷ്‌ ആവേശത്തോടെ പറഞ്ഞു.

' ഈ 10 എന്നുള്ളത് കുറച്ചൊന്നു അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ ?',അനി ചോദിച്ചു.

'കാണാൻ പോണ ഫെസ്റ്റിവൽ പറഞ്ഞറിയിക്കണോ ?', 10 ബിയർ. ഉറപ്പിച്ചു ഒരു ഇഞ്ച്‌ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല.


ക്ലാർക്സ് എക്സൊട്ടിക്ക എത്താറായപ്പോൾ തന്നെ കാറുകളുടെ വലിയ ക്യൂ.

ക്യൂ എന്ന് പറഞ്ഞാൽ ഒരു മാതിരി ബിവറേജിന്റെ മുൻപിൽ ഉണ്ടാവുന്ന ക്യൂ.
അല്ല, 2 അവസരത്തിലും ക്യൂ നിൽക്കുന്നവരുടെ മാനസികാവസ്ഥ ഒന്നാണല്ലോ. ഏതായാലും ടാക്സിയിൽ വന്ന കാരണം പാർക്കിംഗ് അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ല. ഞങ്ങൾ അവിടെ തന്നെ ഇറങ്ങി ബാക്കി ദൂരം നടക്കാൻ തീരുമാനിച്ചു.

ഗേറ്റിന്റെ  മുൻപിൽ തന്നെ വൻ സെക്യൂരിറ്റി ചെക്കിംഗ് ഒക്കെ ആയിരുന്നു.

ഗേറ്റ് കടന്നു ഞങ്ങൾ നടന്നു. പാർട്ടി യുടെ ആ സെറ്റ് അപ്പ്‌ കണ്ട് ഞങ്ങൾ തരിച്ചു നിന്നു. ആ ഡി.ജേ, സൌണ്ട് സിസ്റ്റം, ഡാൻസ് ഫ്ലോർ , ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും കമനീയ ശേഖരം.ഹോ ! ഇതെല്ലാം കണ്ട് ഞങ്ങൾ സ്പീച്ചാൻ വാക്കുകളില്ലാതെ നിന്നു .

വിനുവാണ് ആദ്യം ശബ്ദിച്ചത്. ഉച്ചത്തിൽ മുഴങ്ങുന്ന പാട്ടിന്റെ ശബ്ദത്തെ കടത്തി വെട്ടിക്കൊണ്ട് അവൻ ഉറക്കെ പറഞ്ഞു ,"വാ, നമുക്ക് വീട്ടിൽ പോകാം, ഇപ്പൊ പോയാൽ 12 മണിക്ക് മുന്പ് വീട്ടിലെത്താം.നമ്മൾ വന്ന ടാക്സി അവിടെ തന്നെ കാണും .. "


അതെ . അത്രയ്ക്കും 'ആഡംബര'പൂർണമായിരുന്നു അവിടത്തെ സജ്ജീകരണങ്ങൾ.

ഇൻഡോർ ഡീ.ജേ : ഒരു വലിയ ഗ്രൌണ്ട്. ഒരു അറ്റത്ത് സ്റ്റേജ്. സ്റ്റേജിന്റെ രണ്ട്  സൈഡിൽ ഓരോ  സ്പീക്കർ. അതിൽ പാട്ട് വെച്ചിട്ടുണ്ട്. ഇതിൽ എവിടെ ഇൻഡോർ ? എവിടെ ഡീ.ജേ?    ഈ രണ്ട്  കാര്യം മാത്രം ഒഴിവാക്കിയാൽ വേറെ പ്രശ്നമൊന്നുമില്ല.

അണ്‍ ലിമിറ്റഡ് ഡ്രിങ്ക്സ് : പാർട്ടിയുടെ ഹൈലൈറ്റ്. ഇതേ വരെ കേൾക്കാത്ത ബ്രാണ്ടുകൾ.ഇത് കുടിച്ചാൽ കണ്ണോ ലിവേറോ കിഡ്നിയോ? ഏതാ ആദ്യം പോവാ എന്നുള്ള ഒരു സംശയമേ ഉള്ളു .

ഫുഡ്‌ : ഫുഡ്‌ ആണെങ്കിൽ ഒക്കെ തീർന്ന് പോയി. അടുത്തെങ്ങാനും ഒരു തട്ട് കട പോലും ഇല്ലാത്തതിനാൽ ഡിന്നറിന്റെ കാര്യവും തീരുമാനമായി.

ഇവിടെ വന്നപ്പോൾ എല്ലാവര്ക്കും വേറെ വേറെ പേരുകൾ ആയിരുന്നെങ്കിലും ഇപ്പൊ ഈ നിമിഷം മുതൽ എല്ലാവരും  ശശി ആയി.


വിനു വീണ്ടും പറഞ്ഞു, 'വാടാ, വീട്ടില് പോകാം. ഇത്രേം തല്ലിപ്പോളിയാകും എന്ന് കരുതിയില്ല '

'സാരമില്ല , പോട്ടെ, ഉള്ളത് കൊണ്ട് ന്യൂ ഇയർ പോലെ.', അനീഷ്‌ പറഞ്ഞു.

'ഉള്ളത് കൊണ്ടോ?', ഹരി ചോദിച്ചു , 'അതിന് ഇവിടെ ഒന്നും ഇല്ലല്ലോ'

'ഏതായാലും ഇത് വരെ വന്നതല്ലേ, കുറച്ചു  നേരം ഇവിടെ നിന്നിട്ട് 12 മണി ആയാൽ വീട്ടിൽ പോകാൻ  ഞങ്ങൾ തീരുമാനിച്ചു.ബാക്കി ന്യൂ ഇയർ ആഘോഷം അങ്ങ് വീട്ടിൽ.ഇവിടെ ഉള്ള മദ്യത്തിന്റെ ബ്രാൻഡ് കണ്ടിട്ട് അത് കുടിക്കണ്ട എന്ന് എല്ലാവരും തീരുമാനിച്ചു.10 ബിയർ കുടിക്കും എന്ന് തീരുമാനിച്ച അനീഷ്‌ അടക്കം !

സ്പീക്കറിൽ നിന്നും  ചിലമ്പിച്ച ഒച്ചയിൽ പാട്ട് മുഴങ്ങി, 'വൈ ദിസ്‌ കൊലവെറി...'

അതെ, അത് തന്നെയാ ഞങ്ങള്ക്കും ചോദിക്കാനുള്ളത്, വൈ ദിസ്‌ കൊലവെറി.അതും ഞങ്ങളോട്.

നിരാശാ കാമുകന്മാർ ബീച്ച് സൈഡിൽ നടക്കും പോലെ ഞങ്ങൾ ആ വലിയ ഗ്രൗണ്ടിൽ തേരാ പാരാ നടന്നു.
സ്റ്റേജിന്റെ മുൻപിൽ കുറച്ചു സ്ഥലങ്ങളിൽ മാത്രം കുറച്ചു പേർ ഡാൻസ് കളിക്കുന്നുണ്ടായിരുന്നു. അതാണ്‌ ഡാൻസ് ഫ്ലോർ.
'അവന്മാരൊക്കെ കുടിച്ചു ബോധം പോയി ഡാൻസ് കളിക്കുകയാണല്ലേ ', അനി ചോദിച്ചു.

'അവന്മാർക്കൊക്കെ നമ്മളെ വെച്ച് നോക്കുമ്പോൾ ഒരു അഡ്വാൻട്ടേജ് ഉണ്ട്. അവർക്ക് കള്ള് കുടിക്കുന്നതിന് മുൻപേ ബോധം ഇല്ല. അത് കൊണ്ടല്ലേ ജനിച്ചിട്ട്‌ 28 ദിവസം പോലുമാകാത്ത ഈ വിസ്കി ഒക്കെ കുടിക്കാൻ തോന്നിയത്   ', ഞാൻ പറഞ്ഞു

'ജനിച്ചിട്ട്‌ 28 ദിവസം ആകാത്തതോ ?', എന്ന ചോദ്യം വേറെ ആരെങ്കിലും ചോദിച്ചാലേ എനിക്ക് അതിന്റെ ബാക്കി പറയാൻ പറ്റു. പക്ഷെ ഞാൻ അല്ലെ പറയുന്നത്, അത് കേൾകാതിരിക്കുന്നതാ നല്ലത് എന്ന് മനസ്സിലാക്കി ആരും ചോദിച്ചില്ല.
എന്ന് വച്ച് ഞാൻ പറയാതിരിക്കുമോ?..ഇതൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു.

'എന്താണെന്ന് വച്ചാൽ ജനിച്ചിട്ട്‌ 28 ന്റെ അന്നല്ലേ പേരിടുക..ഇത് ഒരു പേര് പോലും ഇല്ലാത്ത വിസ്കി അല്ലെ '

ഉള്ള സമയം വെറുതെ കളയണ്ട എന്ന് കരുതി ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ച് 12 മണിയാകാൻ കാത്തു നിന്നു. എന്നിട്ട് വേണം വേഗം വീട്ടിൽ പൊയി ശരിക്കുള്ള ന്യൂ ഇയർ പാർട്ടി തുടങ്ങാൻ.

തല്ലിപ്പൊളി പാട്ടുകളും പിന്നെ സിഗരെറ്റിന്റെ പുകയും.

എന്നാ ഞാൻ ഒരു സീരിയസ് കാര്യം ചോദിക്കട്ടെ, ' ഞാൻ ചോദിച്ചു'

'വേണ്ട', എല്ലാവരും കൂടെ പറഞ്ഞു.

'ഓക്കേ, എന്നാൽ ചോദിക്കാം, നമുക്ക് ഇപ്പൊ തന്നെ വീട്ടിൽ പോകാം?  '

,'ഇപ്പോഴോ? ഇനി ഇപ്പൊ പോയാൽ നമ്മൾ ന്യൂ ഇയർ ആകുമ്പോ വീടെത്തില്ല'

'വേണ്ട, എന്തിനാ വീടെത്തുന്നത്. വഴിയിൽ വച്ച് ആഘോഷിക്കാം.. ഈ തല്ലിപ്പൊളി ആംബിയന്സിൽ നിൽക്കുന്നതിലും നല്ലതല്ലേ അത് ? ഈ ന്യൂ ഇയറിൽ  നമ്മൾ എടുക്കേണ്ട .തീരുമാനവും അതാണ്‌.
 ഇപ്പോൾ 11 .15.
ഈ സ്ഥലം ഇഷ്ടമല്ല എങ്കിൽ 11.15ന് തന്നെ  ഇവിടെ നിന്നും ഇറങ്ങണം.  അല്ലാതെ ഇഷ്ടമില്ലാതെ 12 വരെ നിൽക്കുന്നതിൽ എന്തർത്ഥം ?'

ഞാൻ പറയുന്നതിൽ എന്തോ കാര്യമുണ്ടെന്നു എല്ലാവർക്കും ആദ്യമായി തോന്നി .

ഞാൻ തുടർന്നു, 'നിങ്ങളുടെ നോ, ഇവിടെ ഒന്നും സംഭവിക്കില്ല. . ഏതു  ഒരു  ദിവസവും പോലെ ഇന്നും  കടന്നു പോകും..പക്ഷെ നിങ്ങടെ  ഒരു യെസ്..'

"വേണ്ട, ഓവർ ആക്കണ്ട.", ആരൊക്കെയോ കൂടി എന്റെ എന്റെ വാ പൊത്തി. പക്ഷെ എന്തൊക്കെ പറഞ്ഞാലും എന്റെ ഇൻസ്പയറിംഗ്  സ്പീച്ചിന്റെ ഫലമായി ഞങ്ങൾ അപ്പോൾ തന്നെ വീട്ടിൽ പോകാൻ തീരുമാനിച്ചു.

ഞങ്ങൾ വേഗം അവിടെ നിന്നും ഇറങ്ങി.ഭാഗ്യത്തിന് വേഗം തന്നെ വീട്ടിലേക്ക്  ടാക്സി കിട്ടി.ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.അവിടെ നിന്നും ഇറങ്ങിയപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടിയ പോലായി.

രാത്രി ഒന്നും കഴിക്കാത്ത കാരണം എല്ലാവർക്കും ഒടുക്കത്തെ വിശപ്പായിരുന്നു . അങ്ങനെ ട്രാഫിക്ക്  ഒന്നുമില്ലാത്ത ഹൈ വേയിലൂടെ ഇങ്ങനെ പോകുമ്പോഴാണ് റോഡ്‌ സൈഡിൽ ഒരു തട്ട് കട കണ്ടത്.

'ഭയ്യ, യഹാം വണ്ടി നിർത്തുങ്കോ', ഹരി  അയാളോട് പറഞ്ഞു.

'ഹോ, ഹരി, നിന്റെ തമിഴ് സമ്മതിക്കണം . അയാം പ്രൌഡ് ഓഫ് യൂ', അനി പറഞ്ഞു.

'അതിനു ഇത് തമിഴല്ല..കന്നടയാണ്..കന്നഡ പോലും അറിയാതെയാണോ നീ കാനഡയിൽ ഒക്കെ പോയി എം.ബി.എ ചെയ്യുന്നത്? കണ്ടോ ഡ്രൈവർക്ക് മനസ്സിലായി അയാള് വണ്ടി നിർത്തി ', ഹരി പറഞ്ഞു

ശരിയാ...എന്ത് മനസ്സിലായിട്ടാണോ എന്തോ അയാള് വണ്ടി നിർത്തി.

ഞങ്ങൾ എല്ലാവരും ഇറങ്ങി. ദോശ , ഓമ്ലെറ്റ് എന്നിവ ആർത്തിയോടെ തിന്നു.

അതിനിടയ്ക്കാണ് ഞങ്ങൾ സമയം നോക്കിയത്. ന്യൂ ഇയറിന്  ഇനി 2 മിനിറ്റ് മാത്രം..

'ചേട്ടാ, ഓരോ കാട്ടൻ ചായ കൂടെ', ഞങ്ങൾ പറഞ്ഞു.

'എന്റേൽ ഒരു 3 സ്പൂണ്‍ പഞ്ചസാര എക്സ്ട്രാ ഇട്ടേക്കു', സംശയിക്കണ്ട അനീഷ്‌ തന്നെ.

ചായക്കാരൻ അനീഷിനെ തുറിച്ചു നോക്കി. അവന്റെ ചായക്കു ഒരു 2 രൂപ കൂടുതൽ വാങ്ങി കാണും.അല്ലാ , അതും അനീഷിനു ഒരു അഭിമാനം ആണ് !

ചേട്ടൻ കട്ടൻ ചായകൾ എടുത്തു തന്നു.

10 ...  9 ... 8...7 ...

കൌണ്ട്ഡൌണ്‍ തുടങ്ങി.

ഞങ്ങൾ എല്ലാവരും കട്ടൻ ചായയുടെ ഗ്ലാസ്‌ കൂട്ടി മുട്ടിച്ചു. പടക്കങ്ങൾ പൊട്ടുന്ന പാശ്ചാത്തല ശബ്ദത്തിൽ ഞങ്ങൾ ഉറക്കെ പറഞ്ഞു,
'ഹാപ്പി ന്യൂ ഇയർ !!'

ടാക്സി കാറിലെ എഫ്.എം സംഗീതമായിരുന്നു ഞങ്ങളുടെ ഡീ.ജേ.
ബാംഗ്ലൂർ ഔട്ടർ റിംഗ് റോഡ്‌ ഞങ്ങളുടെ ഡാൻസ് ഫ്ലോർ.
പിന്നെ അണ്‍ലിമിറ്റഡ് ഡ്രിങ്ക്സ് (കട്ടൻ ചായ ) ആൻഡ്‌ ഫുഡ്‌.

എന്തൊക്കെ പറഞ്ഞാലും ന്യൂ ഇയർ തകർത്തു.

നടുറോഡിലെ  ആഘോഷങ്ങൾക്ക് ശേഷം ഞങ്ങൾ വീട്ടിലെത്തി രണ്ടാം റൌണ്ട് ആഘോഷങ്ങൾ തുടങ്ങി.
ഇക്കൊല്ലം ന്യൂ ഇയർ ആഘോഷത്തിന് പറ്റിയ തെറ്റുകൾ  അടുത്ത വർഷം തിരുത്തണം. അത് കൊണ്ട് അടുത്ത വർഷം ന്യൂ ഇയറിന് എന്ത് ചെയ്യണം എന്ന് അപ്പോഴേ ഞങ്ങൾ ചർച്ച തുടങ്ങി .

'താജ്' , 'ഗോവ', 'പാർട്ടി', 'ബ്രിഗേഡ് റോഡ്‌' , 'വീട് '

പുതുവത്സരാശങ്കകൾ തുടർന്നു....