Friday, March 20, 2020

ഹരിക്ക് ഒരു ഗുരുദക്ഷിണ



ഹരി കഥകളിലൂടെയാണ് ഞാൻ ബ്ലോഗ്‌ എഴുതൽ സ്ഥിരമാക്കിയത്.അത് കൊണ്ട് തന്നെ  അവനെ ഗുരുതുല്യനായി കാണേണ്ടിയിരിക്കുന്നു.. മുൻപ് പലതവണയായി എഴുതി വച്ച ചെറിയ സംഭവങ്ങൾ കൂട്ടി ചേർത്ത ഈ പോസ്റ്റ് ആവട്ടെ അവനുള്ള ഗുരുദക്ഷിണ !


ബുദ്ധിക്കും ശക്തിക്കും സന്തോഷ്‌ ബ്രഹ്മി


 ഒരിക്കൽ ബാംഗ്ലൂർ ഞങ്ങളൊക്കെ ഒരുമിച്ച് താമസിക്കുന്ന സമയം..കൂട്ടത്തിൽ ആരോ ച്യവനപ്രാശ് ഒക്കെ വാങ്ങി കൊണ്ട് വന്നു..ഇത് കണ്ടപ്പോൾ ഹരിയുടെ മനസ്സ് അവനെ  അവന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

"എന്റെ അച്ഛനും അമ്മയും പണ്ടെനിക്ക് ഒരുപാട് സന്തോഷ്‌ ബ്രഹ്മി വാങ്ങി തന്നിരുന്നു ", അവൻ പറഞ്ഞു.

"എടേ, അത് ബുദ്ധി വളരാനുള്ള മരുന്നല്ലേ ?", എന്നും ചോദിച്ച് കൊണ്ട് എല്ലാവരും അവനെ കളിയാക്കി തുടങ്ങി..

എല്ലാവരും ഇങ്ങനെ കളിയാക്കുന്നത് കണ്ടപ്പോൾ പാവം തോന്നി ഞാൻ അവനോട്ചോദിച്ചു, "എടാ, നിന്റെ ചേച്ചിയും അത് കഴിച്ചിരുന്നോ?" ..അച്ഛനും അമ്മയും കോമണ്‍ ആയിട്ട് രണ്ടു പേര്ക്കും വാങ്ങി കൊടുതതാനെങ്കിലോ?

"ഏയ്‌, ഇല്ലില്ല...ചെച്ചിക്കൊന്നും കൊടുത്തിരുന്നില്ല , എനിക്ക് മാത്രമേ തന്നിരുന്നുള്ളൂ ", ഹരി അഭിമാനത്തോടെ പറഞ്ഞു.

സന്തോഷ്‌ ബ്രഹ്മി ഒന്നും കഴിച്ചിട്ട് ഒരു പ്രയോചനവും ഇല്ല എന്ന് അപ്പോ  ഞങ്ങള്ക്ക് മനസിലായി ..


മമ്മൂട്ടി ഫാൻ ഹരി


വീട്ടിലെ മോഹൻലാൽ ഫാൻ ആയ അനീഷിന് എതിരാളി മമ്മൂട്ടി ഫാൻ ആയ ഹരി ആയിരുന്നു.പക്ഷെ ഹരി എങ്ങനെ മമ്മൂട്ടി ഫാൻ ആയി എന്ന് ആർക്കും അറിയില്ല..മമ്മൂട്ടിടെ സിനിമയൊന്നും കാണാതെ ഫാൻ ആയി എന്ന പ്രത്യേകത ഉള്ള വ്യക്തിയാണ് ഹരി.

"എടാ, നീ മമ്മൂട്ടിടെ സിനിമ ഒന്നും കാണാത്തത് കൊണ്ടാണ് ഫാൻ ആയി ഇരിക്കുന്നത് ", എന്ന് ഒരിക്കൽ അനീഷ്‌ അവനോട പറഞ്ഞു.

"പോടാ, ഞാൻ മമ്മൂട്ടിടെ പടമൊക്കെ കാണാറുണ്ട് "

"എന്നാൽ നീ തീയെറ്ററിൽ പോയി കണ്ട ഒരു സിനിമടെ പേര് പറ.."
ഹരി കുറെ ആലോചിച്ചു..

"ദേ, എന്റെ നാവിന്റെ തുമ്പത്തുണ്ട്, കിട്ടി പ്പോയി ..മോഹൻദാസ്‌ വെർസസ് കരംചന്ദ് ഗാന്ധി "

"ങേ, അതിനിടയ്ക്ക് ഇങ്ങനെയും ഒരു പടം ഇറങ്ങിയോ?", എന്നും ചോദിച്ചു അനീഷ്‌ ചിരി തുടങ്ങി ..

"എന്തിനാട ചിരിക്കുന്നത്?"

"എടാ, അതിന്റെ  പേര്  ബൽറാം വെർസസ് താരാദാസ് എന്നാണ്.. "

"എന്തായാലും വെർസസ്  ശരിയായില്ലേ.." !!!


കാർ വാങ്ങാൻ പോയ കഥ


ഹരിടെ തീരുമാനങ്ങൾ വളരെ പെട്ടെന്നായിരിക്കും..ഒരു ദിവസം വെറുതെ പത്രം വായിച്ചിരിക്കുമ്പോ യമഹ എഫ് സീ ടെ പരസ്യം കണ്ടു. അതിൽ എന്തോ ഓഫർ കണ്ടിട്ട് അതിനെ പറ്റി അന്വേഷിക്കാൻ പോയതാ...തിരിച്ച് വന്നപ്പോൾ പറയുന്നു, പുതിയ ബൈക്ക് ബുക്ക്‌ ചെയ്തു എന്ന്..!

എന്നാൽ കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ ഹരി ഒരു കാര്യം ഉറപ്പിച്ചു.മൊത്തത്തിൽ ഒരു ഗവേഷണമൊക്കെ നടത്തിയിട്ടേ കാർ വാങ്ങൂ..അതിനായി ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി അവൻ വാങ്ങാൻ പോകുന്ന കാറിനു വേണ്ടതും വേണ്ടാത്തതുമായ യോഗ്യതകൾ എന്തൊക്കെ എന്ന് ചർച്ച ചെയ്തു..ചർച്ചയ്ക്കിടയിൽ ഞങ്ങളിലാരോ അവനോട് പറഞ്ഞു,"എടാ, തല്ക്കാലം മാനുവൽ വിൻഡോ ഉള്ളത് വാങ്ങിക്കോ..പവർ വിന്ഡോ എങ്ങാനും കേടു വന്നാ പണി കിട്ടും..പാർട്സ് ഒക്കെ നല്ല കത്തി ആയിരിക്കും.. "

"അത് പറ്റില്ല..ബട്ടൺ അമർത്തിയാൽ വിൻഡോ താഴണം..പവർ വിൻഡോ എന്തായാലും വേണം."

"ഓ, അങ്ങനെയാണോ...എന്നാ നിന്റെ ഇഷ്ടം.."

അങ്ങനെ ചർച്ച ചെയ്ത് ചർച്ച ചെയ്ത് അവസാനം ഏതോ കാർ വാങ്ങാൻ തീരുമാനിച്ച് അടുത്ത ദിവസം തന്നെ അവനും അനീഷും കൂടെ ഷോറൂമിലേക്ക് പോയി.

അവിടെ ഉള്ള സേൽസ് ഗേൾ ആദ്യം തന്നെ പതിവ് ചോദ്യം ചോദിച്ചു."വാട്ട്‌ ആർ യുവർ മെയിൻ പ്രിഫറൻസ്?"

'പവർ, മൈലേജ്, ലൂക്സ്' എന്നിങ്ങനെ പല ഉത്തരങ്ങളും ആ സേൽസ് ഗേൾ ഇതിനു മുന്പ് കേട്ടിരിക്കുന്നു..എന്നാൽ ഇതൊന്നുമല്ല ഹരി പറഞ്ഞ ഉത്തരം..

"അയാം ലുക്കിംഗ് ഫോർ പവർ വിന്ഡോ !!"



ഫുട്ബോൾ പ്രേമി 

യൂറോ കപ്പ്. പാതിരാത്രി നടക്കുന്ന കളി കാണാൻ ഹരി അലാം ഒക്കെ വച്ച്  കളി തുടങ്ങാൻ 10 മിനിറ്റ് ഉള്ളപ്പോ എണീറ്റു വന്നു. കൈയ്യിൽ അരക്കിലോന്റെ ഒരു പാക്കറ്റ് കായ ചിപ്സ് ഒക്കെ ആയിട്ട്.

'കുറേ  നാളായി ഒരു ഫുട്ബോൾ മാച്ച് കണ്ടിട്ട് '

'ഫുട്ബോൾ കാണാനാണോ ചിപ്പ്സ്? ',  എന്ന് അനീഷിന്റെ കളിയാക്കിയുള്ള ചോദ്യം.

'പിന്നെ ചിപ്പ്സ് തിന്നുമ്പോഴൊക്കെ കളി കാണാൻ പറ്റുമോ? അതിനും മാത്രം ഫുട്ബോൾ മാച്ച് എവിടെ?', കളി തുടങ്ങും മുൻപ് ഹരിടെ വക  ഗോൾ.
'മാത്രമല്ല ഇത്‌ തിന്നാ ഉറക്കം വരില്ല..  !'

ഹരി ചിപ്പ്സ് പാക്കറ്റ് പൊട്ടിച്ചു. അവന്റെ വായിലെ കറും മുറും ശബ്ദം വീട്‌ മൊത്തം മുഴങ്ങി.അത് കാരണം കമെന്ററി വരെ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

ചിപ്പ്സ് പെട്ടെന്ന് ഒന്ന് തീർന്ന് കിട്ടിയാൽ സമാധാനമായേനെ എന്ന് അനീഷ് ഒരു  നിമിഷം പ്രാർത്ഥിച്ചു.

ദൈവം (ഓർ ഹരി ?) പ്രാർത്ഥന കേട്ടു .കളി തുടങ്ങാൻ 5 മിനിറ്റ് ഉള്ളപ്പോ ചിപ്പ്സ് തീർന്നു.

എന്നാൽ അങ്ങനെ പ്രാർത്ഥിക്കരുതായിരുന്നു എന്ന് അനീഷിന് അടുത്ത നിമിഷം മനസ്സിലായി!

കാരണം റൂമിൽ മുഴങ്ങുന്ന ആ കറും മുറും ശബ്ദമായിരുന്നു  ബിൽഡിംഗ് കുലുങ്ങുന്ന കൂർക്കം വലി ശബ്ദത്തേക്കാൾ ബേധം !


ഇന്റർവ്യൂ പോയ കഥ


ഒരു ശനിയാഴ്ച്ച രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി ഹരി ഒരു ജോബ്‌ ഇന്റർവ്യൂന് പോയി..ഉച്ചയായപ്പോഴേക്കും അവശനായി തിരിച്ചു വന്നു..

"എങ്ങനെയുണ്ടായിരുന്നുടാ ഇന്റർവ്യൂ?", ഞാൻ ചോദിച്ചു.

"ഇന്റർവ്യൂ കൊഴപ്പമില്ലായിരുന്നു, പക്ഷെ അവർ ചോദിച്ച ചോദ്യങ്ങളും ഞാൻ പറഞ്ഞ ഉത്തരങ്ങളും തമ്മിൽ മാച്ച് ആയില്ല ! "


ദി നായ സ്റ്റോറി


പൊതുവെ വെളുത്തുള്ളി ഇഷ്ടമല്ലാത്ത ഹരിയോട് ഒരിക്കൽ ഞാൻ പറഞ്ഞു, "എടാ, നീ കേട്ടിട്ടില്ലേ?നല്ലത് നായ തിന്നില്ല "

"അങ്ങനെയായിരിക്കില്ല, 'നല്ലത് നായ തിന്നും' എന്നായിരിക്കും  ", എന്ന് ഹരി.

"അപ്പൊ നീ പറഞ്ഞു വരുന്നത് നീ തിന്നുന്നതോന്നും നല്ലതല്ല എന്നാണോ ..അതോ നീ നല്ലത് തിന്നും എന്നോ?"

പറഞ്ഞ അബദ്ധം എന്താണെന്നു കൃത്യമായി മനസ്സിലായില്ലെങ്കിലും എന്തോ അബദ്ധമാണെന്ന് മനസ്സിലായ ഹരി പിന്നെ ഒന്നും പറഞ്ഞില്ല..


ദി പട്ടി സ്റ്റോറി


ഞാനും ഹരിയും കൂടെ മടിവാള റോഡിലൂടെ തേരാ പാരാ
നടക്കുകയായിരുന്നു..ബംഗ്ലൂർ മുക്കിനും മൂലയിലും പട്ടികളെ കാണാലോ..അത് പോലെ ഒരു പട്ടി പുറം തിരിഞ്ഞു നില്ക്കുന്നത് കണ്ടപ്പോൾ ഞാൻ ഹരിയോട് ദിൽവാലെ ദുൽഹനിയ ലേ ഡയലോഗ് പറഞ്ഞു,"ഡാ, ആ പട്ടി ഇപ്പൊ നിന്നെ തിരിഞ്ഞു നോക്കും..ഇപ്പൊ നോക്കും .."

പക്ഷെ സിനിമേലെ പോലെയല്ല ഇവിടെ സംഭവിച്ചത്..പട്ടി തിരിഞ്ഞു നോക്കിയില്ല..അപ്പൊ ഞാൻ പ്ലേറ്റ് മാറ്റി,"അയ്യേ, പട്ടി പോലും നിന്നെ തിരിഞ്ഞു നോക്കില്ല .."

ഉടനെ ഹരിടെ കൌണ്ടർ,"അത് നീ ഇപ്പൊ എന്റെ കൂടെ ഉള്ളത് കൊണ്ടാ .."

"ഓ.. അല്ലെങ്കിൽ....", എന്ന് പറഞ്ഞു ഞാൻ ചിരിച്ചു തുടങ്ങിയപ്പോഴേക്കും പറയരുതായിരുന്നു എന്ന് ഹരിക്ക് മനസിലായി..പക്ഷെ വാ വിട്ട വാക്ക് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ.. ഇനി അഥവാ എടുത്താ തന്നെ അത് കേൾക്കാൻ എന്നെ പോലെ  ഒരു സുഹൃത്തുണ്ടെങ്കിൽ വേറെ ശത്രുക്കളുടെ ആവശ്യമില്ല..എപ്പൊ ബ്ലോഗിൽ വന്നു എന്ന് ചോദിച്ചാൽ പോരേ.. !!


ക്ലാസ്സിക് ഹരി


ഇത്രേം കാര്യങ്ങളൊക്കെ ഹരി പറഞ്ഞിട്ടുണ്ടെങ്കിലും അവന്റെ ഒരു ഡയലോഗിന് കൾട്ട് സ്റ്റാറ്റസ് കിട്ടുന്നത് ഇതിനാണ്..
ഞാനും ഹരിയും ഫിനോയും ബാംഗ്ലൂരിൽ  ഒരുമിച്ചു താമസിക്കുന്ന സമയം..
ഒരു ദിവസം രാത്രി ഉറങ്ങാൻ നേരത്ത് അവൻ എന്നോട് ചോദിച്ചു, "ഡാ, ഡോർ ലോക്ക് ചെയ്തിരുന്നില്ലേ?"


വീട് പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പുണ്ടെങ്കിലും, 'വീട് പൂട്ടിയിട്ടുണ്ടോ' എന്ന് ആരെങ്കിലും ചോദിച്ചാൽ നമുക്ക് ഒരു സംശയമാണല്ലോ.. ആ സംശയം ഉള്ളത് കൊണ്ട് ഞാൻ അവനോട പറഞ്ഞു, "ഓർമയില്ല, ഒന്ന് പോയി നോക്ക്  "


ഹരിടെ മറുചോദ്യം,"ഓർമയില്ല എന്ന് ഓർമിക്കാൻ നിനക്ക് ഓർമയുണ്ടല്ലേ ?!! "

ഹരിയുടെ ഈ ചോദ്യം കെട്ട് അവനു തന്നെ ഭയങ്കര അഭിമാനമായി രണ്ടു നിമിഷം സ്വയം അഭിനന്ദിച്ച് എഴുന്നേറ്റു നിന്നു   !


-------------------------


ഈ കഥകളൊക്കെ ഒരു തമാശയ്ക്ക് എഴുതി തുടങ്ങിയതാണെങ്കിലും ഈ സംഭവങ്ങൾ കണ്ടറിഞ്ഞ  ഞങ്ങൾക്ക് ഭാവിയിൽ  ഇതൊരു മുതല്ക്കൂട്ടായേക്കാം. ഹരി പറഞ്ഞ പോലെ ഓർമയില്ല എന്ന് ഓർമിക്കാൻ പോലും ഓർമയില്ലാത്ത കാലത്ത് വെറുതേ ഇത് വായിച്ച് ഓർമിച്ചിരിക്കാലോ !