"എന്താടാ, പുതിയ ബ്ലോഗ് ഒന്നുമില്ലേ? ", സ്കൈപ്പിന്റെ അങ്ങേ അറ്റത്ത് നിന്നും പമ്മൂന്റെ അന്വേഷണം.
"പമ്മൂനെങ്കിലും അത് ചോദിക്കാൻ തോന്നിയല്ലോ "
"അല്ലാ, പുതിയത് വല്ലതും വരുന്നുണ്ടെങ്കിൽ കുറച്ചു ദിവസത്തക്ക് ഓണ്‍ലൈൻ വരണ്ടാ എന്ന് കരുതി ചോദിച്ചതാ..."
" ഈ പമ്മൂന്റെ ഒരു തമാശ..അടുത്തതായി ഞാൻ പ്ലാൻ ചെയ്യുന്നത് ഒരു ട്രാജഡി കഥയാണ്.. "
"അന്റെ ബ്ലോഗ് വായിക്കുന്നവന് ആ വായിക്കുന്നത് തന്നെ ഒരു ട്രാജഡി അല്ലെ?"
"ദേ വീണ്ടും തമാശ "
"തമാശയൊന്നുമല്ല ..നീ പുതിയ ബ്ലോഗ് എഴുതീന്നും പറഞ്ഞ് പോസ്റ്റ് ഇട്ടാൽ ഇവിടെ ചെക്കന്മാർ അത് വായിക്കാൻ ഓടുന്നത് കാണാം "
"അദ്ദാണ് !! ആരാധകരുടെ ഒരു കാര്യം ! "
"ഏതു ? ഇതിലും വലുത് എന്തോ വരാനുള്ളത് ഇങ്ങനെ അങ്ങ് തീർക്കാം എന്ന് പറഞ്ഞിട്ടാ അവർ അത് വായിക്കാൻ പോണത് "
"ഇത് പോലത്തെ ഡയലോഗ് കുറെ എടുക്കാൻ കാണുമോ?ഉണ്ടെങ്കിൽ അടുത്ത പോസ്റ്റ് ഇറക്കാമായിരുന്നു "
"ഡയലോഗ് ഒന്നുമില്ല..വേണമെങ്കിൽ ഒരു സംഭവം ഉണ്ട്..ഇന്നലെ സംഭവിച്ചതാ...പക്ഷെ നീ ഉണ്ടല്ലോ..ആള് ശരിയല്ല..എഴുതുമ്പോ എന്നെ ആക്കിയിട്ടെ എഴുതൂ.."
"ഇല്ലില്ല..പമ്മു സംഭവം പറ.."
"പറയാം..പക്ഷെ ഒരു നിബന്ധന..ഞാൻ നിനക്ക് ഇപ്പൊ എങ്ങനെ കഥ പറഞ്ഞു തരുന്നോ..അതെ പോലെ നീ എഴുതാൻ പാടുള്ളൂ ..കൂടുതൽ കൂട്ടി ചേർക്കൊന്നും വേണ്ട..പ്രത്യേകിച്ച് എന്നെ പറ്റി .."
"ഓക്കേ..ഡീൽ ! "
--------------
ഡീൽ പറഞ്ഞു കരാർ ഉറപ്പിച്ച കാരണം പമ്മുവിന്റെ കാഴ്ചപ്പാടിലൂടെ തന്നെ സംഭവം എന്താണെന്ന് നോക്കാം...ശേഷം ഭാഗം പമ്മു
--------------
കഥ പമ്മുവിന്റെ വാക്കുകളിലൂടെ ...
അങ്ങനെ 1 വര്‍ഷം കൂടെ ഓഫീസില്‍ പോയി എന്നതിന് ഒരു തിരിച്ചറിവായി വീണ്ടും ഒരു അപ്പ്രൈസല്‍ മീറ്റിംഗ്..
2-3 ദിവസം രാത്രി മൊത്തം ഓഫീസില്‍ ഇരുന്നതും, ലീവിൽ ആയിരുന്നപ്പോൾ പോലും വീട്ടിൽ ഇരുന്ന് പണി എടുത്തതും പിന്നെ എന്തൊക്കെയോ കാട്ടിക്കൂട്ടിയതും ഒക്കെ പറയാന്‍ കണക്കാക്കിയിരുന്നെങ്കിലും മാനേജര്‍ ടെ കത്തി കേട്ട് ഒന്നും വേണ്ടെന്നു വച്ചു ..പോരാത്തതിന് ലെജിടെ ഞെട്ടിപ്പിക്കുന്ന SMS ഉം ..
അപ്പ്രൈസല്‍ മീറ്റിംഗ് ഹൈലൈറ്റ്സ് മലയാളം തര്‍ജമ താഴെ
മാനേജര്‍ : പമ്മു, നിങ്ങള്‍ കഴിഞ്ഞ കൊല്ലം വളരെ നന്നായി വര്‍ക്ക് ചെയ്തു..
ഞാന്‍ (മനസ്സില്‍ ) :മ്മം ..കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്...
മാനേജര്‍ : പ്രൊജക്റ്റ് ഒക്കെ വളരെ നന്നായി ചെയ്തു..
ഞാന്‍ (മനസ്സില്‍ ) :മ്മം ..ഇതും കുറെ കേട്ടിട്ടുണ്ട്..
മാനേജര്‍ : പക്ഷെ നിങ്ങളെ പോലെ എക്സ്പീരിയന്‍സ് ഉള്ള ഒരു ആള്‍ടെ അടുത്ത് നിന്നും കമ്പനി കുറെ കൂടെ എക്സ്പെക്റ്റ് ചെയുന്നു...
പതിവ് ക്ലീഷേ ഡയലോഗുകള്ടെ ഒരു കമനീയ ശേഖരം മാനേജര്‍ എന്റെ മുന്പില്‍ നിരത്തി ..പതിവ് പോലെ കേട്ടിട്ട് തല കറങ്ങി തുടങ്ങി...
ഈ സമയമാണ് ഫോണിൽ മെസ്സേജ് ടോണ്‍ വന്നത് .ലെജി ആണല്ലോ.."ഡാ, ഇന്ന് ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിക്കോ അത്യാവശ്യമാണ്.."
"എന്താ സംഭവം?", ഞാൻ റിപ്ലൈ അയച്ചു .
"നീ വാ..ഫ്രീ ഫുഡ് ",
യെന്ത് , ഫ്രീ ഫുഡ് !ഈ മീറ്റിംഗ് വേഗം അവസാനിപ്പിക്കണല്ലോ..പക്ഷെ മാനേജർ തുടർന്ന് കൊണ്ടേ ഇരുന്നു..
മാനേജര്‍ : അപോ പറഞ്ഞു വന്നത്...നീ കൂടുതല്‍ വിസിബിള്‍ ആകണം ..
ഞാൻ : നാളെ മുതല്‍ വിസിബിള്‍ ആകാം ..(ഇന്ന് ഇവിടെ വിസിബിള്‍ ആകാന്‍ നിന്നാല്‍ ഫുഡ് മിസ്സ് ആകും )..എന്റെ റേറ്റിംഗ് അങ്ങ് തന്നാല്‍ ഞാന്‍ സന്തോഷത്തോടു കൂടി പൊയ്ക്കോളാം..
മാനേജര്‍ ക്ക് സന്തോഷമായി...ഇവന്‍ തല്ലു കൂടാന്‍ ഒന്നും നിന്നില്ലല്ലോ...കിട്ടിയത് വാങ്ങി പൊയി..മിടുക്കന്‍....!!
പോകുന്നതിനു മുന്പ് മാനേജര്‍ ആ സന്തോഷ വാര്‍ത്ത കൂടെ പറഞ്ഞു.."മോനെ..5 ശതമാനം ഹൈക് തരുന്നുണ്ട്.പോയി ആഘോഷിച്ചോ...ഹാപ്പി വീക്കെണ്ട് "
(ഞാൻ മനസ്സില്‍ ): അയ്യോ..5 ശതമാനമോ?കുറച്ചു കൂടി പോയില്ലേ.. എനിക്ക് വേറെ ഒരു ജോലി കിട്ടി റിസൈൻ ചെയ്തു പോയാൽ ഞാന്‍ ഇല്ലാത്തതിന്റെ വിഷമം താന്‍ അറിയും ..എനിക്ക് വേറെ ജോലി ഒന്നും കിട്ടാത്തത് തന്റെ ഭാഗ്യം..!!
പിന്നെ ഫ്രീ ഫുഡ് മാത്രമായിരുന്നു മനസ്സിൽ..ആരെങ്കിലുമൊകെ ഭക്ഷണം വാങ്ങി തരുക എന്ന് പറഞ്ഞാൽ മനസിന് ഒരു സന്തോഷമാണ്..ഞാൻ ലെജിടെ വീട്ടിലേക്ക് ഓടി കയറി.."ആരുടെയാ ട്രീറ്റ്?"
ഇത് ചോദിച്ചതും ഞാൻ ആ കാഴ്ച്ച കണ്ടു അന്തം വിട്ട് നിന്നു.ലെജി, മനോജേട്ടൻ, ചാത്തൻ ജ്യോതിഷ് എല്ലാവരും ഉണ്ട് അവിടെ. ആ കാഴ്ചയല്ല എന്നെ അത്ഭുതപ്പെടുത്തിയത് .. എല്ലാവരും ഫുൾ ഫോർമൽസിൽ കൊട്ടും സ്യൂട്ടും ഷൂസും ഒക്കെ ഇട്ട്..
"നിങ്ങളൊക്കെ കൂടെ വല്ല പുതിയ വാർത്താ ചാനെൽ തുടങ്ങിയാ? ", ഞാൻ ചോദിച്ചു.
" ഇല്ല, പക്ഷെ ഞാൻ ഇപ്പൊ ഒരു വാർത്ത പറയാം..", ലെജി പറഞ്ഞു,"നമ്മുടെ രമേശേട്ടന് ഇവിടെ ഒരു ഡോക്ടർസ് കോണ്‍ഫറെൻസ് ഉണ്ട്.. ഇങ്ങേരുടെ കൈയില്ലാനെങ്കിൽ എക്സ്ട്രാ 5 പാസ്സ് ഉണ്ട്.അത് എനിക്ക് തന്നിട്ടുണ്ട്.. അവിടെ പോയാൽ കുറച്ചു നേരം പ്രസംഗം കേൾക്കേണ്ടി വരും..പക്ഷെ അത് കഴിഞ്ഞാ ലാവിഷ് ബുഫേ..പക്ഷെ ഒരു പ്രശ്നം മാത്രം...ഡോക്ടർമാർക്ക് മാത്രമേ പോകാൻ പാടൂ"
"ഞാൻ ഇവിടെ എന്റെ അപ്പ്രൈസൽ മീറ്റിംഗ് പോലും കളഞ്ഞിട്ടാ ഇവിടെ വന്നിരിക്കുന്നത്, അപ്പൊ ഇനി എന്ത് ചെയ്യും ? ..."
"അതല്ലേ ഞങ്ങളൊക്കെ ഡോക്ടർമാർ ആയി ഇരിക്കുന്നത്.. ഞങ്ങളെ ഒക്കെ ഇപ്പൊ കണ്ടാൽ ഡോക്ടർ ആണെന്ന് തോന്നില്ലേ "
"സത്യം പറയാലോ, ഡോക്ടറെ കാണാൻ വരുമ്പോ നിങ്ങളെ പോലെ ഓരോന്നിനെ കാണുന്നതെങ്കിൽ അസുഖം മാറാതിരിക്കുന്നതാ നല്ലതെന്ന് കരുതി ഞാൻ ചികിത്സ വേണ്ടെന്നു വെക്കും "
"ഇതിപ്പോ ചികിത്സിക്കാൻ വേണ്ടി ഒന്നും അല്ലല്ലോ..ഫുഡ്ഡടിക്കാനല്ലേ ..അത് നമ്മക്ക് നല്ല എക്സ്പീരിയൻസ് ഉള്ള ഫീൽഡ് അല്ലെ "
അങ്ങനെ ഈ 5 പേരുടെ നിർബന്ധത്തിന് വഴങ്ങി ഞാനും ഒരു ഡോക്ടർ ആകാൻ തീരുമാനിച്ചു..അല്ലാതെ ബുഫെയിലുള്ള ഐറ്റംസ് കേട്ടിട്ടോന്നുമല്ല..
------------
അങ്ങനെ ഞങ്ങൾ 5 ഡോക്ടർമാർ കൂടെ കോണ്‍ഫറെൻസ് നടക്കുന്ന ഹൊട്ടെലിലെക്ക് യാത്രയായി.'ചതിയിൽ വഞ്ചന ഇല്ല' എന്നാണല്ലോ. അത് കൊണ്ട് ചെയ്യുന്ന കാര്യം പർഫെക്റ്റ് ആക്കാൻ ഞങ്ങൾ തന്നെ ഓരോരുത്തർക്ക് ഓരോ സ്പെഷ്യലൈസേഷൻ തീരുമാനിച്ചു.പൊതുവെ നല്ല മറവി ഉള്ള കാരണം ജ്യോതിഷ് 'ഓർത്തോ' ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫോട്ടോഗ്രാഫിയോട് ഇഷ്ടമുള്ള മനോജെട്ടൻ ഐ സ്പെഷ്യലിസ്റ്റുമായി.ബാക്കി ഞങ്ങൾ 3 പേർക്ക് പൊതുവെ എല്ലാം അറിയുന്നത് കൊണ്ട് ഞങ്ങളൊക്കെ ജനറൽ ഡോക്ടർസ് ആയി.
അങ്ങനെ ഞങ്ങളുടെ കാർ കോണ്‍ഫറെൻസ് നടക്കുന്ന ഹോട്ടലിലേക്ക് പ്രവേശിക്കാറായി.അപ്പോൾ കൂട്ടത്തിൽ ഉത്തരവാദിത്തം ഉള്ള ആൾ എന്ന നിലയിൽ ഞാൻ എല്ലാവരെയും ഓർമിപ്പിച്ചു, "ഡോക്ടർസ്, ആർക്കും ഒരു സംശയവും തോന്നാൻ പാടില്ല..എല്ലാവരും പേരിന് മുൻപേ 'ഡോക്ടർ ' എന്ന പദവി ഉപയോഗിക്കണം ! ". എല്ലാവരും സമ്മതിച്ചു. കാർ പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി ഹോട്ടലിന്റെ എന്റ്രൻസിലേക്ക് നടന്നു.
"ദേ, അതാണ് എന്റ്രൻസ് ", ഞാൻ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
"ഇവിടെയും എന്റ്രൻസൊ? എന്റ്രൻസ് എഴുതിയിട്ടല്ലേ നമ്മളൊക്കെ ഡോക്ടർമാർ ആയത് ", ലെജി ചോദിച്ചു.
"ഡോക്ടർ ലെജി, ഞാൻ താങ്കളെ ഓർമിപ്പിക്കട്ടെ, ഇത്തരം കോമഡികൾ വേണ്ട..ഒരു ഡോക്ടർ ഇപ്പോഴും സീരിയസ് ആയിരിക്കും "
"സീരിയസ് ആകുന്നത് ഡോക്ടർ അല്ലല്ലോ, രോഗികളല്ലേ, ഡോക്ടർ പമ്മു ?"
"നിന്നോടോന്നും പറഞ്ഞിട്ട് കാര്യമില്ല "
ഹോട്ടലിന്റെ എന്റ്രൻസ് എത്തിയതും അവിടെ ഒരാൾ പാസ്സ് ചോദിച്ചു.മനോജെട്ടൻ 5 പാസ്സ് എടുത്തു അയാൾക്ക് കൊടുത്തു.
"വിച്ച് ഹൊസ്പിറ്റൽ ?", അയാൾ ചോദിച്ചു .
ഇത്രേം നേരം സ്പെഷ്യലൈസേഷൻ ഉൾപെടെ പലതും ഡിസ്കസ് ചെയ്തെങ്കിലും ഈ ഒരു കാര്യം മാത്രം തീരുമാനിക്കാൻ ഞങ്ങൾ മറന്നിരുന്നു.മനോജേട്ടന്റെ മുഖത്തേക്ക് അയാള് ഉറ്റു നോക്കി. ഈ ഒരു നിമിഷം കൊണ്ട് മനോജേട്ടന്റെ മനസിലൂടെ പല പല ചിത്രങ്ങൾ മിന്നി മറിഞ്ഞു.'ആരാണ് ഞങ്ങളെ ഇവിടെയ്ക്ക് ക്ഷണിച്ചത്?രമേശേട്ടൻ.രമേശേട്ടനെ ആദ്യം എവിടെ വെച്ച് കണ്ടു? എങ്ങനെ പരിചയപ്പെട്ടു.രമേശേട്ടന് എവിടെയാ ജോലി?കിട്ടി .ഉത്തരം കിട്ടി '
"പ്രൈം, പ്രൈം, പ്രൈം, പ്രൈം, പ്രൈം.. ", വെപ്രാളത്തിൽ മനോജേട്ടൻ അഞ്ചു തവണ പ്രൈം എന്ന് ആശുപത്രിടെ പേര് പറഞ്ഞു.
"ഓക്കേ, ഇതെന്തിനാ അഞ്ചു തവണ ഹോസ്പിറ്റൽ നെയിം പറയുന്നത്? ", അയാൾ ചോദിച്ചു.
"അല്ലാ, ഞങ്ങൾ 5 പേരുണ്ടല്ലോ, ഇനി എല്ലാവരോടും വെവ്വേറെ ചോദിക്കേണ്ട ആവശ്യമില്ല ..", എന്നും പറഞ്ഞു കൊണ്ട് മനോജേട്ടൻ മുൻപിൽ നടന്നു,"കമോണ്‍ ഡോക്ടർസ് .."
അകത്ത് കയറിയതും ഞങ്ങൾ രമേശേട്ടനെ കണ്ടു, ഞങ്ങളെ ഈ കോണ്‍ഫറെന്സിന് ക്ഷണിച്ചതിന് നന്ദി രേഖപ്പെടുത്തി.ഒരു മണിക്കൂർ ക്ലാസ്സ് കഴിഞ്ഞിട്ടേ ഭക്ഷണം കിട്ടൂ എന്ന വാർത്ത ഞങ്ങളെ ദുഖത്തിലാഴ്ത്തി.
ക്ലാസ്സ് തുടങ്ങി.ഞങ്ങൾ ഞങ്ങളുടെ കോളേജ് ജീവിതത്തിലേക്ക് തിരികെ പോയി.പൂജ്യം വെട്ടിക്കളി, ചിത്രം വരച്ചു കൊണ്ടുള്ള ഡമ്പ്ഷറാഡ്സ്, അങ്ങനെ അങ്ങനെ ഓരോ കളികൾ. ഒടുവിൽ ക്ലാസ് എടുക്കുന്ന ഡോക്ടർ 'താങ്ക് യൂ' , എന്ന് പറഞ്ഞതും ചാത്തൻ ചാടി എഴുന്നേറ്റു."ഫുഡ് കഴിക്കാൻ പോകാം ?"
"കമോണ്‍ ഡോക്ടർ ചാത്തൻ, ബീ പേഷ്യന്റ് ", ഭക്ഷണം കഴിക്കാൻ ആക്രാന്തം കാണിക്കുന്ന ചാത്തനോട് ഞാൻ പറഞ്ഞു.
"ഞാൻ എന്തിനു പേഷ്യന്റ് ആകണം? ഞാൻ ഡോക്ടർ അല്ലേ?"
"ഒരു ഡോക്ടർക്ക് ഏറ്റവും അധികം വേണ്ടത് പേഷ്യന്റ്സ് ആണല്ലോ ", ലെജിടെ മറു ചോദ്യം.
"ഇവിടെ നല്ല വല്ല ഡോക്ടർ ഉണ്ടെങ്കി നിങ്ങളെ രണ്ടു പേരെയും ഒന്ന് കാണിക്കാമായിരുന്നു", ഞാൻ പറഞ്ഞു.
ഞങ്ങൾ ഭക്ഷണം കഴിക്കാനായി നടന്നു.എന്തിനു വേണ്ടിയാണോ ഈ കള്ളത്തരമോക്കെ ചെയ്തത് അത് ശരി വെയ്ക്കുന്ന രീതിയിൽ ആയിരുന്നു അവിടെ ഉണ്ടായിരുന്ന ഭക്ഷണം.എന്ത് കഴിക്കണം എന്ന ചിന്തയിൽ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ.
പിന്നെ എല്ലാവർക്കും ക്ഷണിക്കാത്ത കല്യാണം പങ്കെടുത്ത് നല്ല ശീലം ഉള്ളത് കൊണ്ട്, അതൊക്കെ മനസ്സിൽ ധ്യാനിച്ച് അടുത്ത ഒരാഴ്ച്ച ഒന്നും കഴിക്കണ്ടാത്ത രീതിയിൽ ഭക്ഷണത്തെ ആക്രമിച്ചു.
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കൊറിയൻ ഡോക്ടർ വന്ന് ജ്യോതിഷിന്റെ അടുത്ത് വന്ന് പറഞ്ഞു,"ഹായ്, ഡോക്ടർ ഹോപ്പ് എവെരിതിങ് ഈസ് ഗുഡ് " , എന്നിട്ട് നടന്നു പോയി.
ഇത് കേട്ടതും ജ്യോതിഷ് ചിരിയോട് ചിരി.
"എന്താ ജ്യോതിഷ് ചിരിക്കുന്നത്?", ഞാൻ ചോദിച്ചു.
"നമുക്ക് രണ്ട് കൊറിയക്കാരെ കണ്ടാ തമ്മിൽ തിരിച്ചറിയില്ലല്ലോ, അതെ പോലെ ഈ കൊറിയക്കാർക്ക് എഞ്ചിനീയർമാരെയും ഡോക്ടർമാരെയും കണ്ടാൽ തിരിച്ചറിയില്ല എന്ന് തോന്നുന്നു..ഒരു എഞ്ചിനീയർ ആയ എന്നെ നോക്കി അയാൾ 'ഡോക്ടർ' എന്ന് .."
"എടാ, നീ മറന്നോ? നീ ഓർത്തോ "
"എന്ത്? നീ എന്താ ഈ ചോദിക്കുന്നത്?ഞാൻ മറന്നോ എന്നോ അതോ ഓർത്തോ എന്നോ? "
"ഡേയ്, അതല്ല , നീ ഓർത്തോ ആണെന്ന് മറന്നു പോയോ "
"ഓ, ഞാൻ ഓർത്തോ ആണല്ലേ, അത് ഞാൻ ഇപ്പൊ ഓർത്തു ..അത് പറഞ്ഞപ്പോഴാ വേറെ കാര്യം ഓർത്തത് പ്ലേറ്റിൽ ചിക്കെൻ തീർന്നു "
"അത് മാത്രം ഒരു ഓർമ്മക്കുറവും ഇല്ല !"
ഭക്ഷണം കഴിക്കൽ തുടർന്നു.
അങ്ങനെ ഡോക്ടർമാരായിട്ടുള്ള ഞങ്ങടെ ആദ്യത്തെ ഓപ്പറേഷൻ, അതായത് ഭക്ഷണം കഴിക്കൽ, വിജയകരമായി പൂർത്തിയായി.
എല്ലാം ശുഭ പര്യവസായി ആയി എന്ന് തോന്നിയപ്പോഴാണ് ഒരു ഡോക്ടർ നേരെ എന്റെ അടുത്തേക്ക് വന്നത്.
"നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ ?"
അയാളെ എവിടെ കണ്ടെന്ന് എനിക്ക് നന്നായി മനസ്സിലായി.എനിക്ക് കഴിഞ്ഞ മാസം പനി വന്നപ്പോ ഞാൻ ഇയാളുടെ അടുത്തേക്കാ പോയത്..
"ഇത് പോലെ വല്ല കോണ്‍ഫറെൻസിൽ വച്ചായിരിക്കും ", ഞാൻ പറഞ്ഞു.
"ഓ, നിങ്ങൾ സ്ഥിരം ഇങ്ങനത്തെ കോണ്‍ഫറെൻസിൽ ഒക്കെ പങ്കെടുക്കാറുണ്ടല്ലേ..എന്നാൽ നിങ്ങൾക്ക് ഒരു സ്പീച്ച് പറഞ്ഞു കൂടെ..നിങ്ങളുടെ ഡോക്ടർ ജീവിതത്തിലെ അനുഭവങ്ങൾ..അത് ഇവിടെ ഉള്ള മറ്റ് ഡോക്ടർമാർക്ക് വലിയ ഒരു മുതൽക്കൂട്ടാകും.. "
ഒരു ഡോക്ടർ ആയതിന് ശേഷം എന്റെ ആകെയുള്ള അനുഭവം കുറെ ഭക്ഷണം കഴിച്ചതാണ്. അത് ഇവിടെ ആർക്കും ഒരു മുതൽക്കൂട്ടാകാൻ പോകുന്നില്ല..ഇനിയിപ്പോ എന്ത് ചെയ്യും. എന്റെ തലയിൽ ഒരു ബുദ്ധി ഉദിച്ചു.
"സൊറി, ഞാൻ അല്പ്പം തിരക്കിലാണ്."
"ഒരു അഞ്ചു മിനിറ്റ് മതി", അയാൾ വീണ്ടും നിർബന്ധിപ്പിച്ചു.
"അയ്യോ..അങ്ങനെ പറയരുത്..ഞാൻ ശരിക്കും തിരക്കിലാണ്..ഒരു ഓപ്പറേഷൻ പകുതി ആക്കി വച്ച് ഇവിടെയ്ക്ക് വന്നതാ..പോയിട്ട് വേണം ബാക്കി തുന്നിക്കെട്ടാൻ...അടുത്ത തവണ സ്പീച്ച് പറയാം.." ഇതും പറഞ്ഞു അയാളുടെ മുഖഭാവം എന്താണെന്ന് പോലും നോക്കാതെ ഞാൻ തിരക്കിട്ട് തിരിഞ്ഞ് നടന്നു.കൂടെ എന്റെ മറ്റ് ഡോക്ടർ സുഹൃത്തുക്കളും.
ഞങ്ങൾ എല്ലാവരും ഓടി വണ്ടിയിൽ കയറി വീട്ടിലേക്ക് തിരിച്ചു .എഞ്ചിനിയർമാരായ ഞങ്ങളുടെ ഡോക്ടർമാരായി അഭിനിയിക്കുകയല്ലായിരുന്നു...ജീവിക്കുകയായിരുന്നു...
--
"എങ്ങനെണ്ട്?"
പമ്മു പറഞ്ഞു നിർത്തി
-----------------------
"സംഭവം കൊള്ളാം..പക്ഷെ കേസ് ആൾമാറാട്ടം ആണ്...", ഞാൻ പറഞ്ഞു
പമ്മു : ഒരു കാര്യം ചെയ്യ്. എന്റെ പേര് മാത്രം മാറ്റി എഴുതിക്കോ.ബാക്കി ഉള്ളവർടെ ഒക്കെ നിന്റെ ഇഷ്ടം പോലെ ചെയ്തോ.
ഞാൻ: ശരി ! നോക്കട്ടെ..
----------------
പമ്മു പറഞ്ഞ കഥ പൂർണമായോ ഭാഗികമായോ, സത്യമാണോ അതോ വെറും കഥയാണോ എന്നുള്ള അന്വേഷണത്തിലേക്ക് ഞാൻ കടന്നില്ല..
പിന്നെ, പമ്മു എന്റെ അടുത്ത് പേര് മാറ്റി എഴുതാൻ പറഞ്ഞത് ഞാൻ അവഗണിച്ചു .കാരണം ഞാൻ ഡീൽ പറഞ്ഞാ അത് ഡീലാ. പമ്മു എങ്ങനെ പറഞ്ഞോ അത് പോലെ പറയൂ എന്ന് ഞാൻ വാക്ക് കൊടുത്തതല്ലേ.. അത് ഞാൻ തെറ്റിച്ചില്ല ..!
--------------------------------------------------------------------------------------------------
അപ്പൊത്തിക്കരി എന്ന വാക്കിന് അർഥം ബിരുദമില്ലാത്ത അലോപ്പതി ചികിത്സകന്‍ എന്നാണ്. എന്നാൽ ഇതിന്റെ ബഹുബചനം എന്താണെന്ന് അറിയില്ല.കഥയുടെ പേരിൽ ഒരു പ്രാസം വരാൻ വേണ്ടി 'അപ്പൊത്തിക്കരികൾ' എന്നിട്ടു. അത് കൊണ്ട് തന്നെ ഈ കഥയിലെ ഡോക്ടർമാരായ കഥാപാത്രങ്ങളെ പോലെ തന്നെ ഈ വാക്കും ചിലപ്പോൾ ഇല്ലാത്ത ഒന്നാകാം..
--------------------------------------------------------------------------------------------------
good :)...
ReplyDeleteOrtho, D.Ortho
ReplyDeleteഓര്‍ത്തോടി ഓര്‍ത്തോ!
:)
ReplyDeleteഓര്‍ത്തോ!
ReplyDeleteഃഅ ഹ ഹ
ReplyDelete