Friday, January 6, 2017

ഹാങ്ങോവർ 4 : പറയാൻ കഴിയാത്ത സന്തോഷം

പോസ്റ്റ് വായിച്ചു തുടങ്ങുന്നതിന് മുൻപ് എല്ലാവരും ഒന്ന് എഴുന്നേറ്റ് നിന്ന് ദേശീയഗാനത്തിന്...അല്ലെങ്കി വേണ്ട..

നിയമപരമായ മുന്നറിയിപ്പ് : മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം.പക്ഷെ ഇവയൊക്കെ സർക്കാരിന് നികുതി കൊടുക്കാൻ വേണ്ടി വാങ്ങി ഉപയോഗിക്കുന്ന ദേശസ്നേഹികൾ ആണെങ്കിൽ കുഴപ്പമില്ല.

എം.കേ ക്ക് പിന്നെ ചില്ലറ ദേശസ്നേഹമൊന്നുമല്ല.അത് കൊണ്ട് ഇന്ത്യൻ സ്കോച്ച് തന്നെ വാങ്ങിയിട്ടാ ദുഫായിന്ന് ബാംഗ്ളൂർലേക്ക് വന്നത്.വരവിന്റെ പ്രധാന ഉദ്ദേശം അത് കുടിച്ചു തീർക്കുക എന്ന് തന്നെയായിരുന്നു എങ്കിലും കൂടെ വിവാഹക്ഷണം വിവാഹ ഷോപ്പിംഗ് എന്നീ അജണ്ടകളും ഉണ്ടായിരുന്നു.!

പ്രധാന ഉദ്ദേശം നടപ്പിലാക്കാൻ വേണ്ടി അങ്ങനെ വെള്ളിയാഴ്ച്ച രാത്രി എല്ലാവരും യെതിന്റെ വീട്ടിൽ ഒത്തു കൂടി.


-------------------
വെള്ളിയാഴ്ച്ച കഴിഞ്ഞു. ശനിയാഴ്ച.
-------------------

ഉറക്കത്തിൽ നിന്നും എണീറ്റ് എം.കേ ഹാളിലേക്ക് വന്നു. തലേ ദിവസം നടന്ന സിനിമടെ എന്റ് ക്രെഡിറ്റ്സ് ഇപ്പോഴും അവിടെ അതേ പോലെ കിടപ്പുണ്ട്.വാച്ചിലേക്ക് നോക്കിയപ്പോഴാണ് സമയം 11 മണി ആയെന്ന് എം.കേ അറിയുന്നത്. മൈ ഗോഡ് ! ഇന്ന് കല്യാണ ഷോപ്പിംഗ് ചെയ്യാനുള്ളതാ. എം.കേ  വേഗം കുളിച്ചു റെഡിയായി. ഇറങ്ങാൻ നോക്കുമ്പോ പേഴ്സ് കാണാനില്ല !

കഥയിലെ കോൺഫ്ലിക്റ് !

അവിടെ ഒരു വിധം എല്ലായിടത്തും എം.കേ തിരഞ്ഞു നോക്കി. ഇല്ല. പേഴ്സ് കാണാനില്ല..

എം.കേ നേരെ  പോയി യെതിനെ  ഉറക്കത്തിൽ നിന്നും വിളിച്ചു .'എടാ, എന്റെ പേഴ്സ് കാണാനില്ല'

'അവിടെവിടേലും കാണും ' എന്നും പറഞ്ഞ് യെതിൻ തിരിഞ്ഞു കിടന്നു.

എം.കേ യെതിനെ ചവിട്ടി എണീപ്പിച്ചു,'എനിക്ക് ഷോപ്പിംഗിനു പോണം..ഇന്ന് രാത്രി നാട്ടിലേക്ക് ബസ് ഉള്ളതാ..അതിനു മുൻപ് ഷോപ്പിംഗ് തീർക്കണം.പൈസ മൊത്തം പഴ്സിലാ. പിന്നെ എന്റെ ദുബായ് ഡ്രൈവിങ് ലൈസെൻസ്.  അയ്യോ.എന്റെ ലൈസൻസ് അതിലാ'

'ഒരു ലൈസൻസ് അല്ലേ? ഒരു ലൈസൻസ് പോയാൽ വേറെ ഒന്ന്'

'എന്റെ ലൈസന്സിനെ പറ്റി ഒരക്ഷരം മിണ്ടരുത്..എത്ര കഷ്ടപ്പെട്ട് കിട്ടിയ ലൈസൻസാ എന്ന് അറിയാമോ?'.

അതേ, എം.കേടെ ഡ്രൈവിംഗ് ലൈസൻസ്. അതൊരു കഥയാണ്.


ഫ്ലാഷ്ബാക്ക്


ദുബായ് ഡ്രൈവിംഗ് ലൈസെൻസ് കിട്ടാൻ അത്യാവശ്യം ബുദ്ധിമുട്ടാണല്ലോ.. ബാംഗ്ലൂരിലെ പോലെ.'സർ, ഈ വണ്ടി കണ്ടോ? ഇത് ദേ അവിടെ നിന്നും ഇവിടെ വരെ ഓടിച്ചത് ഞാനാ ',  എന്ന് പറഞ്ഞാൽ ലൈസെൻസ് എടുത്ത് തരില്ല..

എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ ദുബായ് ഡ്രൈവിംഗ് ലൈസെൻസ് കിട്ടിയ മഹാനായ വ്യക്തിയാണ് നമ്മുടെ എം.കേ . ലൈസെൻസ് കിട്ടിയതും അറിയുന്ന എല്ലാവരേം ഫോൺ വിളിച്ച് അത്യാവശ്യത്തിലധികം അഹങ്കാരത്തോടെ .'നീയൊക്കെ  എത്ര തവണ ടെസ്റ്റിനു പോയിട്ടാ ലൈസൻസ് കിട്ടിയത്. എന്നെ കണ്ട് പഠിക്ക് ' എന്നൊക്കെ ജാഡയോടെ പറയാൻ എം.കേക്ക് തിടുക്കമായി .'ആദ്യം കമ്പനിയിലെ ബോസ്സിനെ വിളിച്ചു പറയണം..ലൈസെൻസ് എടുക്കണം എന്ന് നിർബന്ധം അയാൾകായിരുന്നു..പക്ഷെ അയാളെ വിളിച്ചിട്ട് അയാൾ ഫോൺ എടുക്കുന്നുമില്ല..എന്നാ പിന്നെ വീട്ടിൽ പോയി എല്ലാവരേം വിളിക്കാ'മെന്ന തീരുമാനത്തിൽ എം.കേ  തന്റെ ആദ്യ ഡ്രൈവിനു ഒരുങ്ങി .

എം.കേ ആദ്യത്തെ ഡ്രൈവ് ആസ്വദിച്ച് ഓടിച്ചു. ശ്രദ്ധ എന്ന്  പറഞ്ഞാൽ അർജുനൻ തോറ്റു പോകുന്നത്ര ശ്രദ്ധ.ഡ്രൈവ് ചെയ്യുമ്പോ റോഡ് മാത്രമേ കാണൂ. ട്രാഫിക് സിഗ്നൽ പോലും നോക്കില്ല എന്ന് പറയുന്ന അവസ്ഥ ! ഇടയ്ക്ക് ഫോണിൽ എസ്.എം.എസ് ഒക്കെ വരുന്നുണ്ടായിരുന്നു.'അരുത്, വണ്ടി ഓടിക്കുമ്പോൾ ഫോൺ നോക്കരുത് ',എന്ന് സ്വയം പറഞ്ഞു കൊണ്ട് എം.കേ വണ്ടി ഓടിച്ചു കൊണ്ടിരുന്നു .അങ്ങനെ കുറച്ചു നേരമൊക്കെ കറങ്ങി താമസ സ്ഥലത്തെത്തി.'ഹോ, പർഫെക്റ്റ് പാർക്കിംഗ്', വണ്ടി നിർത്തി എം.കേ ഫോൺ എടുത്ത് നോക്കി.

ദേ കിടക്കുന്നു ട്രാഫിക് വയലേഷന്റെ 2  എസ്.എം.എസ്.'ലെയ്ൻ ചേഞ്ച് വിത്തൌട്ട് ഇണ്ടികേഷൻ', 'ബാഡ് ടയർ കണ്ടിഷൻ ', അങ്ങനെ രണ്ടും കൂടെ ഒരു 400 ദിർഹം ഫൈനും 7 ദിവസത്തെ ലൈസെൻസ് സസ്പെൻഷനും !
ലൈസൻസ് നോക്കി കൊതി തീർന്നില്ല.അതിനു മുൻപേ കിട്ടി സസ്പെൻഷൻ !

അല്ലെങ്കിലും ദുബായ് പോലീസ് ഇങ്ങനെയാ, ഒന്നും പിന്നത്തേക്ക് വക്കില്ല.ഒക്കെ അപ്പപ്പോ മെസേജ് അയക്കും. സംതൃപ്തിയായി !

കൃത്യ സമയത്ത് ബോസ്സ് ഫോൺ വിളിക്കുന്നു..അല്ലെങ്കിലും ഇടിവെട്ടേറ്റു നില്ക്കുമ്പോ തന്നെ പാമ്പ് കടിക്കണമല്ലോ.  ..'എന്താ, ലൈസെൻസ് ടെസ്റ്റ് എങ്ങനെ ഉണ്ടായിരുന്നു ?',ബോസ്സിന്റെ ചോദ്യം.

ഇപ്പുറം നിശബ്ദം.

'കിട്ടിയില്ല അല്ലേ .. സാരമില്ല.. അല്ലെങ്കിലും ഇവിടെ ആർക്കും ആദ്യ ശ്രമത്തിൽ തന്നെ കിട്ടിയതായി എനിക്ക് അറിവില്ല '

വീണ്ടും നിശബ്ദം.

ചില സന്ദർഭങ്ങൾ  ഇങ്ങനെയുണ്ട് .നമ്മൾ ഒരു ചരിത്ര നേട്ടം കൈവരിക്കുകയും, അത്  അഭിമാനത്തോടെ ലോകത്തെ അറിയിക്കാൻ വെമ്പി നിൽക്കുകയും ചെയ്യുന്ന സമയം.പക്ഷെ സാഹചര്യങ്ങൾ അത് ലോകത്തെ അറിയിക്കാൻ നമ്മളെ സമ്മതിക്കില്ല !

-----------------

എന്റ് ഓഫ് ഫ്ലാഷ്ബാക്ക്

'എനിക്ക് എത്ര കഷ്ടപ്പെട്ട് കിട്ടിയ ലൈസൻസാ അറിയുമോ ? അതും ആദ്യ ശ്രമത്തിൽ..പേഴ്സ് കിട്ടിയില്ലെങ്കിൽ ശരിയാവില്ല..', ഇത്തവണ എം.കേ വളരെ ഉറച്ച സ്വരത്തിൽ പറഞ്ഞു.


സംഭവത്തിന് സീരിയസ്നെസ്സ് കൂടി.യെതിൻ എണീറ്റു. 2 പേരും കൂടി ഗൂഗിളിനെ തോല്പിക്കുന്ന സർച്ച് ആരംഭിച്ചു. പക്ഷെ ഇവർ ഗൂഗിൾ അല്ലല്ലോ.റിസൾട്ട് കിട്ടിയില്ല.

'അവസാനമായിട്ട് നീ പേഴ്സ് കണ്ടത് എപ്പോഴാണ്.', യെതിൻ ഇൻവെസ്റ്റിഗേഷൻ  ആരംഭിച്ചു.

ആ ചോദ്യത്തിനുള്ള ഉത്തരം ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുലി (ഒറിജിനൽ പുലി അല്ല. അവന്റെ ശരിക്കുള്ള  പേര് ഇപ്പോഴും  അറിയില്ല ) ഉറക്കത്തിൽ നിന്നും എണീറ്റ് വന്നത്. അത് വെറും വരവല്ല, ഒരു ട്വിസ്റ്റുമായിട്ടുള്ള വരവാ.

'ഇന്നലെ രാത്രി 12 മണിക്ക് ബിയർ വാങ്ങാൻ പോകാൻ വേണ്ടി എം.കേ ടെ പേഴ്സ് യെതിന് കൊടുത്തില്ലേ ? ', പുലിടെ ചോദ്യം.

'രാത്രി 12 മാണിക്ക്  ഞാൻ കൊടുത്തോ?', എം കേ ടെ ചോദ്യം

'ബിയർ വാങ്ങാനോ?', യെതിന്റെ ചോദ്യം.

'യെതിനെ, നമ്മൾ ഒരുമിച്ചല്ലേ ബിയർ വാങ്ങാൻ പോയത്? ', പുലിയുടെ മറുചോദ്യം

യെതിൻ ഹാളിലേക്ക് നോക്കി. ഓൾറെഡി ഒരു ഇൻവെസ്റ്റിഗേഷൻ നടത്തുന്ന ആളെ അങ്ങനെയൊന്നും പറ്റിക്കാൻ നോക്കണ്ട.   'എന്നിട്ടെവിടെ ബിയർ ബോട്ടിൽ ?'

'അതിനു നമ്മൾ ബിയർ വാങ്ങിയില്ലല്ലോ !', പുലിടെ ഉത്തരം.

'എന്ത്?' യെതിന് ആകെ കൺഫ്യൂഷൻ !

എം.കേ : നീയല്ലേടാ ഇപ്പൊ പറഞ്ഞത് നിങ്ങൾ ബിയർ വാങ്ങാൻ പോയി എന്ന്?

പുലി: ബിയർ വാങ്ങാൻ പോയി. പക്ഷെ വാങ്ങിയില്ലല്ലോ

എം.കേ : അതെന്താ?


അതറിയാൻ ഈ കഥയിലെ രണ്ടാമത്തെ ഫ്ലാഷ്ബാക്കിലേക്ക് പോകേണ്ടി വരും.
തലേ ദിവസം, അതായത് വെള്ളിയാഴ്ച രാത്രി.

ഫ്ലാഷ്ബാക്ക് 2

കള്ള് കുടിക്കുന്ന ടീമിന്റെ എപ്പോഴും ഉള്ള പ്രശ്നമാണ് രാത്രി 12 ആവുമ്പൊ വാങ്ങി വെച്ച സ്റ്റോക്ക് തീരുകയും ഇനിയും വേണമെന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥ. അത് തന്നെ ഇവിടെയും സംഭവിച്ചു. ബാംഗ്ലൂർ ആണെങ്കിൽ രാത്രി 11 മണിക്ക് ബാറും ലിക്വർ ഷോപ്പും എല്ലാം അടയ്ക്കും. ഇനിയിപ്പോ ബിയർ വാങ്ങാൻ എന്താ ഒരു വഴി ?

'വഴിയുണ്ട്. നീ ആ പേഴ്സ് താ ', യെതിൻ എം. കേ ടെ  കയ്യിന്ന് പേഴ്സ് വാങ്ങി. 'ഞാൻ ബിയർ കിട്ടുമോ എന്ന് നോക്കി വരാം....പുലി, നീയും വാ.'

അങ്ങനെ യെതിനും പുലിയും കൂടെ ബിയർ വാങ്ങാനായി അടുത്തുള്ള രവി ബാറിലേക്ക് നടന്നു.

പുലി: വെറുതെ അല്ല, മദ്യം വെഷമാണെന്ന് സർക്കാർ പറയുന്നത്..പ്രത്യേകിച്ച് രാത്രി 11 മണിക്ക് ശേഷം കിട്ടണമെങ്കിൽ എന്തൊരു വെഷമാണ് ! അല്ലേ ?

യെതിൻ : ശരിയാ..പക്ഷേ, വേർ തേർ ഈസ് എ വിൽ, തേർ ഈസ് എ വേ. എന്നല്ലേ. നമുക്ക് നോക്കാം..എന്തേലും വേ കാണും

ഇവരുടേൽ ആണെങ്കിൽ ആവശ്യത്തിനധികം വില്ലുണ്ടായിരുന്നു.

ബാറൊക്കെ 11 മണിക്ക് പ്രത്യക്ഷത്തിൽ അടക്കുമെങ്കിലും അത് ശരിക്കും അടച്ചിട്ടുണ്ടാകില്ല.ഷട്ടറിന്റെ മുകളിൽ 2 തട്ട് തട്ടിയാൽ പതുക്കെ  അവർ ജനൽ തുറക്കും.ഇരട്ടി  പൈസ കൊടുത്ത് സാധനം ഓർഡർ ചെയ്താൽ അവർ ഓർഡർ ചെയ്ത സാധനം കൊണ്ട് വന്നു ജനലിലൂടെ തന്നെ തരും. ഇംഗ്ളീഷിൽ ഇതിനെ വിന്ഡോ ഷോപ്പിംഗ് എന്ന് വിളിക്കും.

ഇതേ പോലെ ബിയർ വാങ്ങാൻ അവിടെ വേറെയും 2 പേർ വന്നിട്ടുണ്ടായിരുന്നു. യെതിൻ പേഴ്സിൽ നിന്നും ഒരു 500 രൂപ എടുത്ത് കൈയിൽ പിടിച്ച് ഷട്ടറിന്റെ മുകളിൽ 2 തവണ തട്ടി, അവർ ജനൽ തുറക്കാൻ കാത്തു നിന്നു.

അപ്പോഴാണ് യെതിന്റെ തോളിൽ ഒരു കൈ.  

'ങേ, ഇവർ നേരിട്ട് വന്ന് സാധനം തന്ന് തുടങ്ങിയോ? ' എന്നും ആലോചിച്ചു യെതിൻ തിരിഞ്ഞ് നോക്കി.

ഫന്റാബുലസ് ! പൊലീസാണ്.

എന്താ ഇവിടെ ഈ സമയത്ത് എന്നുള്ള പോലീസിന്റെ ചോദ്യത്തിന് ഈ സമയത്ത് ഇവിടെ ആദ്യമായിട്ട് വരികയാണെന്ന് യെതിൻ മറുപടി പറഞ്ഞു. ചോദിച്ച പോലീസിനും ഉത്തരം പറഞ്ഞ യെതിനും ആ  പരിചയമില്ലാത്ത മറ്റ് 2  പേർക്കും എന്തിന്  അവിടെ നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റിന്  വരെ ആ പറഞ്ഞത് സത്യമല്ലെന്ന് മനസ്സിലായി. ഇതിനിടെ ആ 2 പേരിൽ ബുദ്ധിമാനായ ഒരുത്തൻ പതുക്കെ സ്കൂട്ടായി. മറ്റവൻ അവിടെ എന്ത് സംഭവിക്കുന്നു എന്ന് നോക്കി നിന്നു.

എന്നാ പിന്നെ സമയം കളയാതെ എല്ലാവരും കൂടെ സ്റ്റേഷനിലേക്ക് നടന്നോളാൻ പോലീസ് പറഞ്ഞു. തന്റെ കൈയിൽ ചിരിച്ചു നിൽക്കുന്ന ഗാന്ധിയാണ് പോലീസിന്റെ നോട്ടം എന്ന് മനസ്സിലാക്കാൻ യെതിന് ബി.ടെക്കും ഗുസ്തിയും പോലും വേണ്ടി വന്നില്ല.അങ്ങനെ ആ 500 അപ്രത്യക്ഷമായി.

പോലീസ് അവരെ 3 പേരെയും ഒന്നൂടെ സൂക്ഷിച്ചു നോക്കി, ഇനി അവിടെ നിൽക്കാതെ വേഗം സ്ഥലം വിട്ടോളാൻ പറഞ്ഞു.

'സാറേ, ഇവൻ ഞങ്ങടെ കൂട്ടത്തിൽ ഉള്ളതല്ല..അതോണ്ട് ആ 500  ഇൽ നിന്നും ഇവന്റെ ഷെയർ ഞങ്ങൾക്ക് തിരിച്ചു തന്നിട്ടു അവൻറേന്ന് നേരിട്ട് വാങ്ങിക്കോ ' എന്നൊക്കെ പോലീസിനോട് പറയാൻ അവർക്ക് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ 500 നെ 3 കൊണ്ട് ഹരിക്കേണ്ടി വരും എന്നൊക്കെ ആലോചിച്ചപ്പോ അവർ അത് വേണ്ടെന്ന് വച്ചു..അതിനു മാത്രം ഉള്ള വില്ല് അവരുടേൽ ഉണ്ടായിരുന്നില്ല.

വന്ന കാര്യം നടക്കാത്ത വിഷമത്തിൽ അവർ വീട്ടിലേക്ക് തിരിച്ചു നടന്നു !

എന്റ് ഓഫ് ഫ്ലാഷ്ബാക്ക് 2


പുലി പറഞ്ഞു നിർത്തി

പുലി: പിന്നെ ഞാൻ നേരെ പോയി കിടന്നുറങ്ങി

'എന്റെ ഒരു 500 വെറുതെ ഒരു പൊലീസിന് കൊണ്ട് കൊടുത്തു അല്ലെ?ആ 500  കൊണ്ട് ആ പൊലീസിന് ഒരു ഉപകാരവും ഉണ്ടാവില്ല.'എം. കേ അയാളെ ശപിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷം മോദി അസാധു ആക്കിയ 500 ൽ  ആ 500ഉം  പെടും എന്നാലോചിക്കുമോ എം. കേ ക്ക്  ഇപ്പോഴും രോമാഞ്ചമാണ് .


യെതിൻ : ഇതൊന്നും എനിക്ക്  ഓർമ പോലുമില്ലല്ലോ .

എം.കേ : നിനക്കെങ്ങനെ ഓർമ ഉണ്ടാകാനാ..ബോധം ഉള്ളവർക്കല്ലേ ഓർമ്മ കാണൂ. വലിച്ചു വാരി കുടിക്കുമ്പൊ ആലോചിക്കണം..അല്ലാ, മതി കഥ പറഞ്ഞിരുന്നത്.. എന്റെ പേഴ്സ് കണ്ടു പിടിക്ക് വേഗം..എല്ലാവരും തപ്പിക്കോ..എനിക്ക് കല്യാണ ഷോപ്പിംഗ്  ചെയ്യാനുള്ളതാ. നീ ഇന്നലെ  രാത്രി വന്നിട്ട് പേഴ്സ് എവിടെയാ വെച്ചത്..ആലോചിക്ക്..

ഇവരുടെ ഈ ബഹളം കേട്ട് അപ്പുറത്തെ റൂമിൽ കിടന്നുറങ്ങുന്ന ഞാൻ ഉറക്കമെണീറ്റു ഹാളിലേക്ക് വന്നു. അടുത്ത ഗമണ്ടൻ ട്വിസ്റ്റുമായി !

ഞാൻ : എന്താ ഇവിടെ ബഹളം? ഉറങ്ങാനും സമ്മതിക്കില്ല !

എം. കേ : എന്റെ പേഴ്സ് കാണാനില്ല.ഞങ്ങൾ അത് കണ്ട് പിടിക്കാനുള്ള ശ്രമത്തിലാ

ഞാൻ: അതല്ലേ യെതിൻ ഇന്നലെ രാത്രി ഒളിപ്പിച്ചു വച്ചത് ?

'ഒളിപ്പിച്ചു വച്ചോ?', 3 പേരും കൂടെ എന്നെ നോക്കി ചോദിച്ചു

'അതെ, ഇന്നലെ നിങ്ങൾ ബിയർ വാങ്ങാൻ പോയി വന്നില്ലേ? അത് കഴിഞ്ഞ്  യെതിൻ എന്നോട് വന്ന് പറഞ്ഞു 'എം .കെ ടെ പേഴ്സ് എന്റെ കൈയിൽ ഉണ്ട്. അത് ഞാൻ ഒളിപ്പിച്ചു വെക്കാൻ പോവാണ്, നാളെ രാവിലെ എം.കേ അത് തപ്പി നടക്കും..നല്ല കോമഡി ആയിരിക്കും' എന്ന് ! '

'എടാ, ബീപ്പേ, മര്യാദയ്ക്ക് വേഗം കണ്ടു പിടിച്ചു താടാ എന്റെ പേഴ്സ്.' എം. കേ യെതിനെ നോക്കി അലറി  (അലറിയില്ലെങ്കിലും അങ്ങനെ പറഞ്ഞാലല്ലേ ഒരു പഞ്ച് ഉളളൂ )

'കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ' സിനിമക്ക്  അവാർഡ് പ്രഖ്യാപിക്കാൻ തിരുവഞ്ചൂരിനോട് പറഞ്ഞാ എങ്ങനെ ഉണ്ടാവും..ആ മുഖഭാവത്തിൽ യതിൻ നിന്നു .ഒരെത്തും പിടീം കിട്ടണില്ല !  

'സത്യമായിട്ടും ഞാൻ ഒളിപ്പിച്ചു വെക്കാൻ പോവാണെന്ന് പറഞ്ഞോ?', യെതിൻ എന്നോട് ചോദിച്ചു

ഞാൻ: യെസ് , പറഞ്ഞു

യെതിൻ : ലോജിക്കലി ചിന്തിക്കുമ്പോ പേഴ്സ് വീട്ടിൽ എവിടേലും മറന്ന് വച്ചതാണെങ്കിൽ എവിടെയെങ്കിലുമൊക്കെ തപ്പിയാൽ കിട്ടും. പക്ഷെ ഞാൻ ഒളിപ്പിച്ചു വച്ചതാണെങ്കിൽ അങ്ങനെ എളുപ്പത്തിൽ കിട്ടുന്ന സ്ഥലത്തൊന്നും വെക്കാൻ സാധ്യത ഇല്ല,,അങ്ങനെ ആണെങ്കിൽ ഇത് കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടും.

ഞാൻ: അപ്പോ നമുക്ക് മറ്റൊരു ലോജിക്കിൽ ചിന്തിക്കാം.പണ്ട് നമ്മൾ ക്രിക്കറ് കളിക്കുമ്പോ പന്ത് കാണാതെ പോയിട്ട് കുറേ തപ്പിയിട്ടും കിട്ടിയില്ലെങ്കിൽ നമ്മൾ എന്താ ചെയ്യാ? വേറെ ഒരു പന്ത് എടുത്ത് അതെ പോലെ ബൗൾ ചെയ്ത് അതെ ഷോട്ട് അടിച്ച് ആ പുതിയ പന്ത് എവിടെ പോയി എന്ന് നോക്കും..ഭാഗ്യമുണ്ടെങ്കിൽ 2 പന്തും കിട്ടും

യെതിൻ : അത് ശരിയാ..എം.കേ, നീ ഇന്നലെ കൊണ്ട് വന്ന അതെ കുപ്പി വാങ്ങി കൊണ്ട് വാ. നമുക്ക് ഇന്നലെ കുടിച്ച അതേ അളവിൽ അത് കുടിച്ചിട്ട് ഞാൻ നിന്റെ മൊബൈൽ ഒളിപ്പിച്ചു വെക്കാം..അങ്ങനെ നമുക്ക് അത് 2 ഉം കണ്ടു പിടിക്കാം

എം.കേ : എടാ,,എടാ..നീ അധികം ലോജിക്കലി ചിന്തിക്കുകയൊന്നും വേണ്ട..അവന്റെ ഒരു ലോജിക്ക്..കള്ള്‌ കുടിച്ച്‌ കഴിഞ്ഞാ പിന്നെ നിനക്ക്‌ ഒരു കാര്യം പോലും ഓർമയില്ല...

യെതിൻ : പറയുന്ന ആളോ? എനിക്ക്‌ പേഴ്സ്‌ തന്ന കാര്യം നിനക്കും ഓർമ്മ ഉണ്ടായില്ലല്ലോ..

എം.കേ :  ഒക്കെ കഴിഞ്ഞ്‌ എന്റെ പേഴ്സ്‌ ഒളിപ്പിച്ച്‌ വെക്കാൻ മാത്രം നിനക്ക്‌ നല്ല ഓർമ്മ..അത്‌ മാത്രം നീ മറന്നില്ലല്ലൊ?

'അല്ല, ഇനി എങ്ങാനും അതും മറന്നിട്ടുണ്ടെങ്കിലോ?', ഞാൻ ചോദിച്ചു

എം.കേ : എന്ത്?

ഞാൻ: പേഴ്സ് ഒളിപ്പിച്ചു വെക്കാൻ പോവാണെന്ന് യെതിൻ പറഞ്ഞല്ലോ..എന്നിട്ടു പിന്നെ ഒളിപ്പിച്ചു വെച്ചിട്ടില്ലെങ്കിലോ? ഇന്നലെ ഇട്ട പാന്റ്സ്ന്റെ പോക്കെറ്റിൽ ഒന്ന് തപ്പി നോക്ക്..ചിലപ്പോ അതിൽ കാണും.

'അതിന് ഇന്നലെ ഇട്ട പാന്റ്സ് ഞാൻ മാറ്റിയിട്ടില്ല.. ', യെതിൻ പറഞ്ഞു ,'ഈ പാന്റ്സ് തന്നെയാ ഇന്നലെ ഇട്ടിരുന്നത്.ഇത് ഞാൻ തപ്പിയതാ..', എന്നും പറഞ്ഞു കൊണ്ട് യെതിൻ പാന്റ്സിന്റെ പോക്കറ് അകം മറം മറിച്ചു.

ദേ കിടക്കുന്നു എം.കേ ടെ പേഴ്സ് താഴെ !


അതേ, സംശയിക്കണ്ട. ഇത്രേം നേരം എല്ലാവരും തപ്പി കൊണ്ടിരുന്ന  പേഴ്സ് യെതിൻ ഇട്ടിരുന്ന പാന്റ്സിന്റെ  പോക്കറ്റിൽ തന്നെ ഉണ്ടായിരുന്നു.ഈ ഹാങ്ങോവറിന്റെ ഒരു കാര്യം !

അത് വരെ നടന്നതൊന്നും ഓർമ ഉണ്ടായില്ലെങ്കിലും, അതിന് ശേഷം നടന്നത് യതിൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല.'യെസ് , എന്റെ ഇൻവെസ്റ്റിഗേഷൻ സക്‌സസ്',  എന്ന് മുഴുവൻ പറഞ്ഞു തീർന്നില്ല, ഒരു മാതിരി ഉഡ്ത്താ പഞ്ചാബിന്റെ പ്രിന്റ് കിട്ടിയ സെൻസർ ബോർഡിനെ പോലെ എല്ലാവരും ചേർന്ന് യെതിനെ ആക്രമിച്ചു.



ഏതായാലും പേഴ്സ് തിരികെ കിട്ടിയ എം.കേയ്ക്കാണെങ്കിൽ  ഭയങ്കര സന്തോഷമായി..സന്തോഷമെന്ന് പറഞ്ഞാ ഒടുക്കത്തെ സന്തോഷം ! പക്ഷെ 'വെള്ളമടിച്ച്‌ ബൊധം പൊയി പേഴ്സ്‌ എവിടെ വച്ചു എന്ന് ഓർമ്മ ഇല്ലാതെ അത്‌ കാണാതെ പോയി, പിന്നെ അത്‌ തിരിച്ച്‌ കിട്ടി' എന്നൊക്കെ നാലാളൊട്‌ എങ്ങനെ പറയും? അത്‌ കൊണ്ട്‌ ഈ പേഴ്സ്‌  തിരിച്ച്‌ കിട്ടിയ സന്തോഷം ആരോടും പറയാനും പറ്റാത്ത അവസ്ഥ ! അതേ , സന്തോഷം ചിലപ്പോ അങ്ങനെയാ. പറഞ്ഞറിയിയ്ക്കാൻ പറ്റില്ല..എം.കേയ്ക്ക് പണ്ട് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയപ്പോൾ ഉണ്ടായില്ലേ..ഏകദേശം അത് പോലെയൊക്കെ ! ;)