Sunday, July 28, 2019

ജി ടി : ദി വിജ്ഞാനകുതുകി



ഗോവിന്ദ് ടെർലി. 
ഐ. ബി. എമ്മിൽ ജോയിൻ ചെയ്ത് ട്രെയിനിങ് പീരിയഡിൽ തന്നെ ഞാൻ  അവനെ നോട്ട് ചെയ്തു. മറ്റൊന്നും കൊണ്ടല്ല.. ഞാനൊക്കെ ഇവിടെ ഓർകുട്ടും നോക്കി ഇരിക്കുമ്പോ ഇവൻ  ദേ eclipse ഒക്കെ തുറന്ന് ഓരോ ജാവ കോഡ് എഴുതുന്നു, റൺ ചെയ്യുന്നു..  അതൊക്കെ കണ്ടപ്പൊഴാ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നിയത്..ഏത്?  പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ്  എഴുതിയപോ പതിനാറായിരത്തിനാന്നൂറ്റി എൺപത്തിയേഴാമത്തെ റാങ്കും വാങ്ങി,  ആ റാങ്ക്  വച്ച് ഐ. ടി  സ്ട്രീം മാത്രമേ കിട്ടുള്ളൂ.. അത് താല്പര്യമില്ലാത്തോണ്ട് എഞ്ചിനീയറിംഗ് എടുക്കാതെ 3 വർഷത്തെ ബി. എസ്. സീ ഫിസിക്സ്‌ എടുത്ത്..കൃത്യം 3 വർഷം കഴിഞ്ഞ്  ഇപ്പൊ മാന്യമായി ഒരു ഐ.ടി കമ്പനിയിൽ തന്നെ ജോലിക്ക് കേറിയ എന്നെ തന്നെ !  ഗോവിന്ദ് ഒക്കെയാണ് ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ കേറാൻ യോഗ്യൻ എന്ന് അപ്പൊ എനിക്ക് തോന്നി ! (അങ്ങനൊന്നും ഇല്ല,  ആർക്ക്  വേണെങ്കിലും കേറാമെന്ന് ഇപ്പൊ മനസ്സിലായി ).


ട്രെയിനിങ് കഴിഞ്ഞ് പ്രൊജക്റ്റ്‌ കിട്ടിയ ആ അവസരത്തിൽ ആണ് പ്രൊജക്റ്റ്‌ ലെ വലിയ ഒരു പുള്ളി ഒരു പുതിയ നിയമവുമായി വരുന്നത്. പുതിയതായി ജോയിൻ ചെയ്ത എല്ലാവരും പ്രൊജക്റ്റ്‌ വർക്ക്‌ കൂടാതെ അയാൾ തരുന്ന assignment ഉം ചെയ്യണം പോലും .അതും ജാവ,  webservices എന്നിങ്ങനെ എനിക്ക് ഒരു ഐഡിയ യും ഇല്ലാത്ത സംഭവങ്ങൾ. ഇതൊക്കെ അറിയാവുന്ന ആരുണ്ടാകും എന്ന് അധികം ചിന്തിക്കേണ്ടി വന്നില്ല. ഓഫീസ് നെറ്റ്‌വർക്കിൽ കമാൻഡ് പ്രോംപ്റ്റ് ഉപയോകിച്ച് സിനിമ ഡൌൺലോഡ് ചെയ്യുന്ന ഗോവിന്ദ് തന്നെ !
ഗോവിന്ദുമായി അപ്പോഴേക്കുമൊക്കെ കമ്പനി ആയത് കൊണ്ട് എനിക്ക് കിട്ടിയ അസൈൻമെന്റ് ഞാൻ സമയം കളയാതെ അവനെ ഏല്പിച്ചു. സോഫ്റ്റ്‌വെയർ terms ൽ ഇതിനെ ഔട്ട്സോഴ്സിങ് എന്ന് പറയും. webservices ൽ അത് വരെ വർക്ക്‌ ചെയ്യാത്ത ഗോവിന്ദ്,  എന്റെ ഈ അസൈൻമെന്റ് ചെയ്യാൻ വേണ്ടി മാത്രം അത് പഠിച്ചു ചെയ്തു തന്നു.  ഇത്രേം വിജ്ഞാനകുതുകി ആയ ഒരാൾക്കാണല്ലോ ഞാൻ കൂടുതൽ ജ്ഞാനം നേടാൻ അവസരം ഒരുക്കി കൊടുത്തത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ ഭയങ്കര ബഹുമാനവും പിന്നെ ഒടുക്കത്തെ ആത്മ സംതൃപ്തിയും തോന്നി !

എം എസ്സിന് പഠിക്കുമ്പോഴാണ് അടുത്ത പോത്തേട്ടൻ ബ്രില്ലിയൻസ്,  സോറി ഗോവിന്ദ് ബ്രില്ലിയൻസ്. ഞാനും നിതിൻ ടി പി യും മുരളിയും ആണ് പ്രൊജക്റ്റ്‌ മേറ്റ്സ്. എല്ലാരും ഒന്നിനൊന്നു മെച്ചം ! പ്രൊജക്റ്റ്‌ submit ചെയ്യേണ്ട ലാസ്റ്റ് ഡേ ആണെന്ന് ഞങ്ങൾ അറിഞ്ഞത് തന്നെ ലാസ്റ്റ് ഡേ ആയപ്പോ. ഇനിയിപ്പോ എന്ത് ചെയ്യും?

യെസ്,  ഔട്ട്സോഴ്സിങ് !

'MCA ചെയ്യുന്ന ഒരു ഫ്രണ്ടിന് വേണ്ടി ഞാൻ ചെയ്ത് കൊടുത്ത ഒരു   പ്രൊജക്റ്റ്‌ ഉണ്ട്,  അത് മതിയോ? ' എന്ന് ഗോവിന്ദ്.
'മതിയോ  എന്നോ?  എന്ത് പ്രൊജക്റ്റ്‌ തന്നാലും ഞങ്ങൾക്ക് ഓക്കേ' എന്ന് ഞങ്ങൾ.

ഇതിൽ ഡർബി എന്ന് പറഞ്ഞ ഡാറ്റാബേസ് ആണ് യൂസ് ചെയ്യുന്നതെന്നും അതിന്റ പ്രത്യേകത എന്താണെന്നുമൊക്കെ അവൻ ഞങ്ങൾക്ക് ഒരു ഓവർവ്യൂ തന്നു.മുരളി എല്ലാം ശ്രദ്ധിച്ചു കേട്ട് നിന്നു.കാരണം അവനാണല്ലോ പ്രൊജക്റ്റ്‌ present ചെയ്യാൻ പോകുന്നത് !

മുരളിടെ പ്രൊജക്റ്റ്‌ പ്രസന്റേഷൻ എന്ന് പറഞ്ഞാ ഭയങ്കര സംഭവമാണ്.അത് കണ്ടിട്ട് സാർ ഞെട്ടി. എന്തിനധികം?  ഗോവിന്ദ് വരെ ഞെട്ടി. ഒരു നിമിഷം അവനും സംശയിച്ചു  കാണും ഞങ്ങൾ തന്നെയാണോ ഈ പ്രൊജക്റ്റ്‌ ചെയ്തതെന്ന് !

അങ്ങനെ ആ  പ്രൊജക്റ്റ്‌ ഹിറ്റ്‌ ആയി.. പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ അടുത്ത ആഴ്ച വെക്കാം എന്നും പറഞ്ഞു കൊണ്ട് ഞങ്ങൾ ആ തവണത്തേയ്ക്ക് രക്ഷപ്പെട്ടു. ഗോവിന്ദിനോടുള്ള നന്ദി ഞങ്ങൾ വെറും നന്ദിയിൽ ഒതുക്കിയില്ല.
മൈസൂർ യൂണിവേഴ്സിറ്റിയിലെ പ്രൊജക്റ്റ്‌   ആർക്കൈവ് റൂമിൽ പോയി തപ്പി എടുത്താൽ ഇപ്പോഴും കാണാം (കാണുമോ ആവോ ),  References ൽ,  'An Overview for Derby database by G Terly' എന്ന്  അടയാളപെടുത്തിയ ആ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ !
ഇക്കഴിഞ്ഞ പ്രൊജക്റ്റ്‌ ചന്ദ്രയാൻ ആണെങ്കിൽ മങ്കൽയാൻ വരാൻ കിടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ !

എത്രയോ മാസങ്ങൾക്ക് ശേഷം.

സുക്കർബർഗിനെ പോലെ ഞാൻ കോളേജ് ഒക്കെ ഡ്രോപ്പ് ഔട്ട് ചെയ്ത് ഫേസ്ബുക്കിൽ സമയം ചിലവഴിച്ചിരുന്ന കാലം. സിമി അപ്പോഴും MS continue ചെയ്യുന്നുണ്ടായിരുന്നു. MS ഇൽ ലാസ്റ്റ് ഇയർ. ഫൈനൽ പ്രൊജക്റ്റ്‌ submit ചെയ്യാൻ  സമയമായി, എന്ത് പ്രൊജക്റ്റ്‌ ചെയ്യും എന്ന് സിമിക്ക് ടെൻഷൻ  . 'പ്രൊജക്റ്റ്‌ ഒക്കെ എന്തിന് പേടിക്കണം?  ഗോവിന്ദ് ഇല്ലേ? അവൻ ഒക്കെ ശെരിയാക്കിത്തരും ' ഞാൻ സിമിക്ക് ഔട്ട്സോഴ്സിങ് എന്ന കലയെ പറ്റി വിവരിച്ചു കൊടുത്തു.

സംഭവം ഞാൻ ഗോവിന്ദിന്റെ അടുത്ത് അവതരിപ്പിച്ചു.
'നമുക്കൊരു ആൻഡ്രോയ്ഡ് powered റോബോട്ട് ഉണ്ടാക്കിയാലോ? ',  ഗോവിന്ദിന്റെ ചോദ്യം.

ആൻഡ്രോയ്ഡ് ഫോൺ ഒക്കെ അന്ന് ഇറങ്ങി തുടങ്ങിയിട്ടേ ഉള്ളൂ. ഞങ്ങൾക്ക് പരിചയം ഉള്ളവരിൽ ആകെ ഗോവിന്ദിന്റെ കൈയിൽ മാത്രമേ ആൻഡ്രോയ്ഡ് ഫോൺ ഉള്ളൂ. ആൻഡ്രോയ്ഡ് ഫോൺ വരെ ഉപയോഗിക്കാൻ അറിയാത്ത ഞങ്ങടെ അടുത്താ ആൻഡ്രോയ്ഡ് powered റോബോട്ട് മതിയോ എന്ന് അവൻ ചോദിക്കുന്നത്.

'അതിന് നീ റോബോട്ടിനെ ഒക്കെ മുൻപ് ഉണ്ടാക്കിയിട്ടുണ്ടോ? ', ഞാൻ ചോദിച്ചു

'മുൻപ് ഉണ്ടാക്കുന്നതെന്തിനാ?  ആദ്യമായി പഠിച്ചു ഉണ്ടാക്കാമല്ലോ? '

വിജ്ഞാനകുതുകി !

സിമി,  റിങ്കു, റോസ്  ഇവർ 3 പേരുമാണ് പ്രൊജക്റ്റ്‌ മേറ്റ്സ്. റോബോട്ട് എന്ന് കേട്ടതും അവരും രണ്ടാമതൊന്നും ആലോചിച്ചില്ല. പതിവ് പോലെ ആ പ്രൊജക്റ്റും ഗോവിന്ദിന്റെ തലയിൽ!

റോബോട്ട് നടന്നു തുടങ്ങുമ്പോ ഗോവിന്ദിന്റെ കൈയിൽ ഒരു ഫുൾ ബോട്ടിൽ ഇരിക്കും. ആ അഗ്രിമെന്റിൽ പ്രൊജക്റ്റ്‌ ഗോവിന്ദിനെ ഏല്പിച്ചു. 3 മാസം കൂടെ ഉണ്ട് പ്രൊജക്റ്റ്‌ submit ചെയ്യാൻ.. ഇഷ്ടം പോലെ സമയം!

2 മാസം കഴിഞ്ഞു. ഗോവിന്ദ്  പ്രൊജക്റ്റ്‌ തുടങ്ങിയിട്ട് പോലും ഇല്ല. 'ബാക്കപ്പ് പ്ലാൻ നോക്കണോ?  ഗോവിന്ദ് പ്രൊജക്റ്റ്‌ ചെയ്യാതെ ഇരിക്കുമോ?'  എന്ന് സിമി. കോളേജിൽ ആൻഡ്രോയ്ഡ് powered റോബോട്ട് ഇന്റെ മാർക്കറ്റിംഗ് ഒക്കെ ആൾറെഡി കഴിഞ്ഞു. എല്ലാവരും റോബോട്ടിനെ കാണാൻ ഉറ്റു നോക്കുന്നു ..
'ധൈര്യമായി ഇരിക്ക്.കുപ്പി കിട്ടുന്ന കാര്യമല്ലേ.. അവൻ ചെയ്തിരിക്കും.', ഞാൻ സിമിക്ക് ധൈര്യം പകർന്നു. 

പ്രൊജക്റ്റ്‌ submit ചെയ്യാൻ 2 ആഴ്ച ബാക്കി. ഗോവിന്ദ് എന്നെ ഫോൺ വിളിച്ചു.' ഡാ,  സാധനം റെഡി ആയിട്ടുണ്ട്.ഞാൻ നിനക്കൊരു ഫോട്ടോ അയച്ചു തരാം.. നീ ഒന്ന് നോക്ക്.'
'ഷുവർ', ഞാൻ ഫോൺ കട്ട് ചെയ്ത് നേരെ സിമിയെ വിളിച്ചു.'ഞാൻ പറഞ്ഞില്ലേ ഗോവിന്ദ് പ്രൊജക്റ്റ്‌ ചെയ്യാം എന്ന് പറഞ്ഞാ ചെയ്തിരിക്കും. സാധനം റെഡി ആണ്.. ഫോട്ടോ ഇപ്പൊ അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്..'
'Wow', സിമിയും excited.
ഫോൺ കട്ട്‌ ചെയ്തപ്പോ ഗോവിന്ദിന്റെ മെസ്സേജ് വന്നിരിക്കുന്നു. ഇതെന്ത് ഫോട്ടോ? .ഞാൻ അവനെ വിളിച്ചു.

'ഡാ , നീ  അയച്ച ഇമേജ് മാറി പോയി തോന്നുന്നു .. ഇതെന്തോ ലിസ്റ്റ് ആണ്'
'ഇമേജ് മാറിയിട്ടൊന്നും ഇല്ല.. ഇതാണ് പ്രൊജക്റ്റ്‌ ചെയ്ത് തുടങ്ങാൻ വേണ്ടി വാങ്ങേണ്ട സാധനങ്ങൾ.SP റോഡിൽ പോയാൽ എല്ലാം കിട്ടും !'

'പ്രൊജക്റ്റ്‌ ചെയ്ത് തുടങ്ങാനോ?????? ഇനി 2 ആഴ്ച കൂടെ ഉള്ളൂ '

'നമുക്ക് ഒക്കെ ശെരിയാക്കാം.. നീ ഈ സാധനങ്ങൾ വാങ്ങാൻ പറ അവരോട്..'

ഈ സാധനങ്ങളൊക്കെ ഇനി ഉടൻ തന്നെ SP റോഡ്  പോയി വാങ്ങണ്ടേ എന്ന് ആലോചിച്ചു നിൽക്കുന്ന സമയത്ത് ഗോവിന്ദിന്റെ പഞ്ച് ഡയലോഗ്,
'തിരക്കൊന്നും ഇല്ല.. അടുത്ത ആഴ്ചക്ക് കിട്ടിയാലും  മതി ! '

ആഴ്ച ഒന്ന് കഴിഞ്ഞു. സാധനങ്ങൾ എത്തി. അവസാനത്തെ വീക്കെൻഡ്. ഈ വീക്കെൻഡ് പ്രൊജക്റ്റ്‌ റെഡി ആയില്ലെങ്കിൽ പിന്നെ നീട്ടി കൊണ്ട് പോകാൻ ഒരു ദിവസമില്ല.

ഞാൻ ഫിനോ ഹരി സിമി റിങ്കു റോസ്;ഞങ്ങൾ പ്രൊജക്റ്റ്‌  ന്റെ ഭാവി എന്താവും എന്ന് ഉറ്റു നോക്കി.

ഗോവിന്ദിന്റെ ഡെഡിക്കേറ്റഡ് വർക്ക്‌.
ബ്രെഡ്‌ ബോർഡ്‌ എടുത്ത് എന്തൊക്കെയോ കണക്ട് ചെയ്യുന്നു.എന്തൊക്കെയോ കോഡ് ചെയ്യുന്നു...

ശനി മുഴുവൻ. ഞായർ അര ദിവസം.
ഒന്നര ദിവസം. ആൻഡ്രോയ്ഡ് ഫോണിൽ നമ്മൾ കൊടുക്കുന്ന instructions അനുസരിച്ചു മുൻപോട്ട് ബാക്കിലോട്ട് സൈഡിലോട്ടൊക്കെ തിരിയുന്ന ആൻഡ്രോയ്ഡ് powered റോബോട്ട് റെഡി !!

സിമി റിങ്കു റോസ് എന്നിവരുടെ കൈയിൽ റോബോട്ടും ഗോവിന്ദിന്റെ കൈയ്യിൽ ഫുൾ ബോട്ടിലും ഇരുന്നു. അത് തീർക്കാൻ ഞായറാഴ്ചയിലെ ബാക്കി അര ദിവസം തന്നെ അവന് ധാരാളം !

പ്രൊജക്റ്റ്‌ വിജയകരമായി സബ്മിറ്റ് ചെയ്തു !

റോബോട്ട് കോളേജിലും സ്റ്റാർ ആയി.
ഇത്തവണയും കുപ്പിയിലും നന്ദിയിലും മാത്രം ഒതുക്കാതെ ഗോവിന്ദിന് ഡെഡിക്കേറ്റ് ചെയ്ത് കൊണ്ട് ആ റോബോട്ടിനെ ഞങ്ങൾ GTR എന്ന് വിളിച്ചു. ഇംഗ്ലീഷിൽ Geo Traversing Robot എന്നും,  മലയാളത്തിൽ Govind Terly ഉണ്ടാക്കിയ Robot എന്നും ഫുൾ ഫോം ഉള്ള GTR.
അതിലും തീരുന്നില്ല,   വർഷങ്ങൾ കഴിഞ്ഞ് ഇന്നാ പിടിച്ചോ ഈ blogഉം .അതേ  ഗോവിന്ദ്,  കോടിക്കണക്കിന് ജനങ്ങൾ നിന്റെ കഴിവ് തിരിച്ചറിയട്ടേ !!  എന്നെ കൊണ്ട് ഇത്രയൊക്കെ അല്ലേ പറ്റൂ!!!! ;)


GTR ന്റെ വീഡിയോ ദേ ഇവിടെ കാണാം.


Wednesday, March 20, 2019

മൗനം ഭയാനകം


Tarasha - ആകാൻശയുടെ  ശ-യും യെതിന്റെ സ്വഭാവവും ചേർത്ത് പേരിട്ട, ബാംഗ്ലൂർ കൊടിച്ചിക്കനഹള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന അവരുടെ വീടാണ് കഥാകേന്ദ്രം.

ഞായറാഴ്ച്ച

രാവിലെ എണീറ്റപ്പോ തന്നെ ഉച്ചയായി. അല്ലെങ്കിലും ഈ ശനീം ഞായറും ഇങ്ങനെയാ.സമയം ഇങ്ങനെ സ്പീഡിൽ പോകും. 


"ഇന്നലത്തെ ഫുട്ബോൾ മാച്ചിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചല്ലേ..ന്യൂസ് കണ്ടു, അവർ ജയിക്കാറൊക്കെ ഉണ്ടല്ലേ ?"

"സംശയമെന്താ , ഇതൊക്കെ ഒരു ചോദ്യമാണോ?  മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് പറയുന്നത് ഒരു സംഭവമല്ലേ ...", അങ്ങനെ യെതിൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പറ്റി തനിക്ക് അറിയാവുന്ന എല്ലാ കാര്യവും അകാൻശക്ക് പറഞ്ഞു കൊടുത്തു.എല്ലാ കാര്യവും എന്ന് പറയുമ്പോൾ  ക്ലബ് രൂപീകരിച്ച വർഷം  മുതൽ അതിലെ കളിക്കാരുടെ ജാതകം വരെ ! "ഇപ്പൊ എല്ലാം മനസ്സിലായില്ലേ? നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം കിട്ടിയില്ലേ? എല്ലാം  ഓക്കേ അല്ലേ ? ", അഭിമാനത്തോടെ യെതിൻ ചോദിച്ചു.

"ഓക്കേ !, തൽക്കാലത്തേക്കുള്ള ഉത്തരം കിട്ടി..  " എന്നാലും ആകാൻശക്ക്  ഒരു ആകാംഷ,'ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നു ..?' 

"ഇതൊക്കെ ഓർക്കാൻ എന്ത് ബുദ്ധിമുട്ട് .. നമുക്ക് ഇന്ററസ്റ്റ് ഉള്ള കാര്യങ്ങൾ നമുക്ക് എപ്പോഴും ഓർമ കാണില്ലേ.ഉദാഹരണത്തിന് ഫുഡടി..നമ്മൾ എപ്പോഴെങ്കിലും മറക്കുമോ ? അത് പറഞ്ഞപ്പഴാ   ..ചായ ഉണ്ടാക്കിയിട്ടുണ്ടോ ഡിയർ ?"

ചായ കുടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ടേബിളിൽ തന്നെ ഇരുന്ന ഫോൺ റിങ് ചെയ്യുന്നത്. മടിയുടെ പര്യായമായ യെതിന് കൈ നീട്ടി ആ ഫോൺ ഒക്കെ എടുത്ത് ചെവിയിൽ വെക്കുക എന്ന് പറയുന്നത് മല മറിക്കുന്ന പണിയാണ്. അതെങ്ങനെ, പട്ടിണി കിടക്കാൻ പോലും കാശില്ലാതെ കുത്തുപാളയെടുത്ത് നിൽക്കുന്ന കാലത്ത് കൈയിൽ നിന്നും ഒരു പത്ത് രൂപ വീണ് പോയപ്പോൾ 'ഇനിയിപ്പോൾ അത് എടുക്കണമെങ്കിൽ കുനിയണ്ടേ' എന്നും പറഞ്ഞ് ആ പത്ത് രൂപ എടുക്കാത്ത മഹാനാണ് ഈ യെതിൻ. അത് കൊണ്ട് ഫോൺ എടുത്ത് ചെവിയിൽ വെക്കാൻ മെനക്കെടാതെ യെതിൻ കാൾ അറ്റൻഡ് ചെയ്ത് സ്‌പീക്കറിൽ ഇട്ടു.

ഈ അവസരത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് വച്ചാൽ ഈ മടി എന്ന് പറയുന്നത് അത്ര അധികം ഉണ്ടെങ്കിൽ ഫോൺ എടുക്കാനേ നിൽക്കരുത് എന്നാണ് !

"സർ, ഞങ്ങൾ ടാറ്റ മോട്ടോർസിൽ നിന്നാണ് വിളിക്കുന്നത്  "

"ങാ, പറയൂ "

"നിങ്ങൾ ഇവിടെ വന്ന് ആകാൻശയുടെ  പേരിൽ ടാറ്റ ടിയാഗോ ബുക്ക് ചെയ്ത് പോയിരുന്നല്ലോ, അതിന്റെ ഡീറ്റെയിൽസ് അന്ന് ഫിൽ ചെയ്ത് തന്നതിൽ ഒരു ഡീറ്റെയിൽ മിസ്സിംഗ് ഉണ്ട്, ഇപ്പൊ ചോദിക്കട്ടേ ?"

"യെസ്, ഷുവർ, ഇന്നത്തെ ദിവസം ഞാൻ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി മരിക്കും, അയാം റെഡി ഗുരുജീ, നിങ്ങൾ ചോദിക്കൂ "

"സർ, നിങ്ങളുടെ വെഡിങ് ആനിവേഴ്സറി എന്നാണ് ? "

ആകെ ഉണ്ടായിരുന്ന കുറച്ച് മനസ്സമാധാനത്തിനോട് ടാറ്റ പറയാനായി ടാറ്റ-യുടെ മില്യൺ ഡോളർ ചോദ്യം. 

"എന്താണ് !??! ചോദ്യം ക്ലിയർ ആയില്ല "

"സർ, നിങ്ങളുടെ വെഡിങ് ആനിവേഴ്സറി എന്നാണ് ? "

യെതിൻ തിരിഞ്ഞ് നോക്കി. ആകാൻശ യെതിനെ നോക്കി കൊണ്ടിരിക്കുന്നു.'പെട്ടു..നെറ്റ് വർക്ക് ക്ലിയർ അല്ല എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറാൻ പോലും കഴിയില്ല ..പുല്ല് ..എന്റെ പേരിൽ തന്നെ കാർ ബുക്ക് ചെയ്താ മതിയായിരുന്നു ! 

ഒരു ഭർത്താവ് അത്യാവശ്യം ഓർത്തിരിക്കേണ്ട ഒരേയൊരു കാര്യം, അത് ഒരു ആനിവേഴ്സറി ഡേറ്റ് ആണ്. പക്ഷെ യെതിൻ കൃത്യം അത് തന്നെ, അതും ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു മുഹൂർത്തത്തിൽ  മറന്നിരിക്കുന്നു.

ഈ മറവിടെ പ്രശ്നം ഇതാണ്. മറവിക്ക് എന്തൊരു കാര്യവും  മറക്കാൻ നല്ല ഓർമയാണ്. എന്നാൽ ഓർമ്മക്ക് ഒരു കാര്യവും ഓർമയില്ല താനും.

"സർ, നിങ്ങളുടെ വെഡിങ് ആനിവേഴ്സറി എന്നാണ് ? ", അയാൾ ദേ വീണ്ടും ചോദിക്കുന്നു.

ഇയാൾ ഇത് നിർത്താനുള്ള പുറപ്പാടില്ല അല്ലെ. യെതിൻ കുലങ്കുഷമായി ചിന്തിച്ച് തുടങ്ങി.ഇനി ഇത് ചിന്തിച്ചു ശരിയുത്തരം പറഞ്ഞിട്ട് തന്നെ കാര്യം !

"സർ, എനിക്ക് ഒന്നും കേൾക്കാനില്ല. ഞാൻ കട്ട് ചെയ്ത് പിന്നെ വിളിക്കാം", ഭാഗ്യത്തിന് അയാൾക്ക് ഇപ്പോഴെങ്കിലും കാര്യം മനസ്സിലായി എന്ന് തോന്നുന്നു. അയാൾ ഫോൺ കട്ട് ചെയ്തു. യെതിന് സമാധാനമായി.

യെതിൻ ആകാൻശയെ നോക്കി ഇളിച്ചു.

ആകാൻശ ഒന്നും മിണ്ടിയില്ല.പക്ഷെ അവിടെ നടന്നേക്കാവുന്ന സംഭാഷണം യെതിൻ സ്വയം ഊഹിച്ചു.   

          യെതിൻ : പാവം അയാൾക്ക് നെറ്റ് വർക്ക് എന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു

          ആകാൻശ: അല്ലാതെ ആനിവേഴ്സറി ഡേറ്റ് അറിയാഞ്ഞിട്ടല്ല !

          യെതിൻ  : അറിയാതിരിക്കുകയോ? എനിക്കോ ? "

          ആകാൻശ : എന്നാ പറ "

          യെതിൻ  : നീ എന്താ ഒരു മാതിരി കല്യാണങ്ങൾക്ക് വരുന്ന അമ്മായിമാരെ പോലെ..
          'മോനെ എന്നെ മനസ്സിലായോ, എങ്കിൽ ആരാണെന്ന് പറ' എന്നൊക്കെ പറയുന്ന പോലെ

 അവരുടെ സംഭാഷണം ഊഹിക്കുന്നതിനിടയിലാണ് യേതിൻ മറ്റൊരു കാര്യം ഓർത്തത്

'ഛെ ! അതിനിടയ്ക്ക് വെറുതെ ആ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ പറ്റി വാ തോരാതെ സംസാരിച്ചു..പോരാത്തതിന് 'നമുക്ക് ഇന്ററസ്റ്റ് ഉള്ള കാര്യങ്ങൾ നമുക്ക് എപ്പോഴും ഓർമ  കാണും ' എന്ന ഡയലോഗും ! '

ചില സമയം മൗനം എന്നത് ഭയാനകം ആണ്. അത് കൊണ്ട് ആകാൻശയുടെ മൗനത്തിന് മറുപടി നൽകാൻ യെതിൻ തീരുമാനിച്ചു.

ഞാൻ വീണ്ടും പറയുകയാണ് മറവി, മടി മുതലായവ ഉള്ളവർ ഇങ്ങനത്തെ അവസരങ്ങളിൽ മിണ്ടാതെ ഒരു ഭാഗത്ത് ഇരിക്കണം.അല്ലാതെ യെതിൻ പറയാൻ പോകുന്ന മോഡൽ ഡയലോഗ് അടിക്കാൻ പോകരുത്.

"സീ ആകാൻശ..", പഠിച്ച എംബിഎ  ഒക്കെ മനസ്സിൽ ധ്യാനിച്ച് യെതിൻ പറയാൻ ഒരുങ്ങി, "..പെട്ടെന്ന് അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പൊ ഉത്തരം കിട്ടിയില്ല എന്ന് മാത്രം. അതിപ്പോ ഇത്ര കാര്യമാക്കാനൊന്നുമില്ല...നീ ഒന്ന് ആലോചിച്ച് നോക്ക്. നമ്മുടെ ആനിവേഴ്സറി  എന്ന് പറയുമ്പോൾ അത് നമ്മൾ രണ്ട് പേരെയും സംബന്ധിക്കുന്ന ഒരു കാര്യമാണ് ..നമ്മൾ രണ്ട് പേരും എന്ന് പറയുമ്പോൾ  അതിൽ ഞാനും ഉണ്ടല്ലോ..നിനക്കറിയില്ലേ, എന്റെ കാര്യങ്ങളിൽ എനിക്ക് ഒരു ശ്രദ്ധയും ഇല്ല എന്ന്..അതോണ്ടാ പെട്ടെന്ന് ഉത്തരം കിട്ടാത്തത്..."

ആകാൻശ മൗനം തുടർന്നു.

"..പക്ഷെ നിന്നെ മാത്രം സംബന്ധിക്കുന്ന ഒരു കാര്യവും ഞാൻ മറക്കില്ല.. ഉദാഹരണത്തിന് നിന്റെ ബർത്ത്ഡേ ..അത് ഞാൻ ഒരിക്കലും മറക്കില്ല.. . എനിക്ക് അതാണ് പ്രധാനം .."

എന്നാപ്പിന്നെ എന്റെ ബർത്ത്ഡേ എന്നാണ് എന്ന് അപ്പൊ ആകാൻശ ചോദിച്ചിരുന്നെങ്കിൽ പെട്ട് പോയേനെ, പക്ഷെ അപ്പഴാണ് കൃത്യ സമയത്ത് മാലാഖയെ പോലെ  ഫോൺ റിങ് ചെയ്തത്.  

യെതിൻ ഫോൺ സ്ക്രീനിലേക്ക് നോക്കി.

ഓ നോ ! ഇത് മാലാഖയല്ല. മാലാഖയുടെ കോസ്‌റ്റ്യൂം അണിഞ്ഞ ചെകുത്താൻ . വീണ്ടും ആ ടാറ്റക്കാരൻ !

ഇതിപ്പൊ ഫോൺ എടുത്താൽ യെതിന് ആനിവേഴ്‌സറി ഡേറ്റ് ഓർമയില്ല എന്ന സത്യം അവൾ മനസ്സിലാക്കും.

ഫോൺ എടുത്തില്ലെങ്കിലോ, യെതിന് ആനിവേഴ്‌സറി ഡേറ്റ് ഓർമയില്ല എന്ന സത്യം അവൾ അപ്പോഴും  മനസ്സിലാക്കും.

വിധി എഴുതപ്പെട്ട് കഴിഞ്ഞു. ഇനിയിപ്പോ ആരാച്ചാരുടെ ഫ്രണ്ട് റിക്വസ്റ്റ് ആക്‌സെപ്റ് ചെയ്യാതിരുന്നിട്ട് എന്ത് കാര്യം! അവസാനത്തെ ആഗ്രഹം വല്ലതും ചോദിക്കുന്ന പോലെ എങ്ങാനും ഒരു കച്ചിത്തുരുമ്പ് കിട്ടിയാലോ. 

രണ്ടും കൽപ്പിച്ചു യെതിൻ  ഫോൺ  അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു.

“ഹലോ”

"സർ, സോറി നേരത്തെ കട്ട് ആയി പോയി, സത്യം പറഞ്ഞാൽ അന്ന്  ഫിൽ ചെയ്ത ഫോമിൽ ആനിവേഴ്സറി ഡേറ്റ് തന്നിട്ടുണ്ടായിരുന്നു, ഞാൻ ഇപ്പഴാ കണ്ടത്.. "

യെസ് ! ദി കച്ചിത്തുരുമ്പ് !

"ഞങ്ങളുടെ കൈയിൽ ഇല്ലാത്ത ഡീറ്റെയിൽ മറ്റൊന്നാണ്  "

"യെസ്, ചോദിക്കൂ  ", നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ യെതിന് ആവേശമായി.

"സർ, ആകാൻശയുടെ ബർത്ത്ഡേ എന്നാണ് ?  "

"എന്ത് ??? !!"

"സർ, ആകാൻശയുടെ ബർത്ത്ഡേ എന്നാണ് ?  "

ഇടിവെട്ടേറ്റവനോട് ആധാർ ലിങ്ക് ചെയ്യാൻ പറഞ്ഞ അവസ്ഥ !

ഇതിനുള്ള ഉത്തരം എങ്ങാനും ശരിയായില്ലെങ്കിൽ.....

ഞായറാഴ്ചകളിൽ സാധാരണ സമയം സ്പീഡിൽ പോകും എന്നുള്ളതൊക്കെ ശരി തന്നെ.. എന്നാൽ യെതിന് സമയം അവിടെ അപ്പൊ സ്തംഭിച്ചതാണ് ! യെതിൻ ഇത് വരെ ഉത്തരം പറഞ്ഞിട്ടില്ല. ആ കോൾ ഇത് വരെ കട്ട് ആയിട്ടുമില്ല . പൂമരം റിലീസ് കാത്തിരുന്ന ജയറാമിനെ പോലെ അയാൾ ക്ഷമയോടെ ഉത്തരത്തിന് കാത്തിരുന്നു.

പിന്നെ, തുടർന്ന് കൊണ്ടേ ഇരുന്നു  ആകാൻശയുടെ മൗനം  , ആ ഭയാനകമായ മൗനം !

---------------------------


പരസ്യം : നിർധനനായ യുവാവ് ബാംഗ്ലൂരിൽ പേയിങ് ഗസ്റ് അക്കോമഡേഷൻ തേടുന്നു. റൂം മേറ്റ് ആവശ്യമുള്ളവർ ദയവായി ബന്ധപ്പെടുക !