Friday, May 10, 2013

ആ ചിരിയിലെ കണ്ണുനീർ ..


സാങ്കൽപിക കഥ 

കാർമേലറാം റെയിൽവേ സ്റ്റേഷൻ,ബാംഗ്ലൂർ. 


സാധാരണ വെള്ളിയാഴ്ച്ചകളിൽ ഈ സമയം ഇവിടെ ഭയങ്കര തിരക്കയിരിക്കും.യെശ്വന്ത്പൂർ കണ്ണൂർ  എക്സ്പ്രെസ്സിൽ നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക്. അകെ 2 ബെഞ്ച്‌ ഉള്ള ഈ സ്റ്റേഷനിൽ ഇരിക്കാൻ പോയിട്ട് നില്ക്കാൻ പോലും സ്ഥലം കാണാറില്ല..  ആ തിരക്ക് കണ്ടാൽ  തോന്നും ശനിയാഴ്ചകളിൽ നാട്ടിൽ എവിടെയോ ഫ്രീ ആയി ബിരിയാണി കൊടുക്കുന്നുണ്ടെന്നു!

ഫ്രീ ബിരിയാണി എന്ന് പറഞ്ഞപ്പോഴാ,  അങ്ങനെ ഒരു ബിരിയാണി തിന്നാൻ വേണ്ടിയിട്ടാണ് ഞാൻ ഇപ്പൊ നാട്ടിലേക്ക് പോകുന്നത്.എന്റെ കൂട്ടുകാരന്റെ കല്യാണം .. നല്ല കോഴിക്കോടൻ ബിരിയാണി !പക്ഷെ ഇന്ന് വ്യാഴാഴ്ച്ച ആയതിന്റെ പേരിൽ ഇവിടെ തീരെ തിരക്കില്ല. എനിക്ക് വേണ്ടി മാത്രം ഒരു ബെഞ്ച്‌ .

ഇപ്പോൾ സമയം എഴേമുക്കാൽ. ഇനി ഒരു മണിക്കൂർ കൂടെയുണ്ട് ട്രെയിൻ വരാൻ.ഉള്ള സമയം വെറുതെ കളയണ്ട എന്ന് കരുതി ഞാൻ ഫോണിൽ ഫേസ്ബുക്ക്‌ എടുത്തു. 
'ഇവന്മാര്ക്ക് പ്രാന്താണോ ഇതൊക്കെ ഷെയർ ചെയ്യാൻ ', ഞാൻ മനസ്സിൽ പറഞ്ഞു, 'രോഗികളുടെ ഫോട്ടോ ഷെയർ ചെയ്‌താൽ, ഷെയറിന്റെ എണ്ണം വച്ച് അവർക്ക്  പൈസ കൊടുക്കാൻ ഫേസ്ബുക്കിന് തലയ്ക്ക് ഓളമല്ലേ ! അങ്ങനെ ആയിരുന്നെങ്കിൽ സുക്കർബർഗ് ഫേസ്ബുക്ക്‌ തുടങ്ങിയ നേരം വല്ല ആശുപത്രി തുടങ്ങില്ലായിരുന്നോ?വിത്ത്‌ ഫ്രീ ട്രീറ്റ്മെന്റ് .. അല്ലാ ഇതൊക്കെ ഷെയർ ചെയ്യുന്നവന് ഒരു രോഗിയെ നേരിൽ പോയി സഹായിച്ച് കൂടെ?', ഹോ, എന്നിലെ സാമൂഹിക പ്രതിബദ്ധതയുള്ള ചെറുപ്പക്കാരൻ തല പൊക്കി . 

അതേ സമയമാണ് ഒരു മധ്യവയസ്ക്കൻ അയാ തിന്ന ബിസ്ക്കറ്റിന്റെ പാക്കറ്റ് റെയിൽവേ ട്രാക്കിൽ ഇടുന്നത് ഞാൻ കണ്ടത്. നേരത്തെ തല പൊക്കിയ സാമൂഹിക പ്രതിബദ്ധത ഉള്ള ചെറുപ്പക്കാരൻ സട കുടഞ്ഞെഴുന്നേറ്റു. ഞാൻ അയാൾക്ക്‌ നേരെ നടന്നു. 

"ചേട്ടാ, ചേട്ടൻ എജുക്കേറ്റഡ് അല്ലേ..  വേസ്റ്റ് ഒക്കെ ഇങ്ങനെ റെയിൽവേ ട്രാക്കിൽ ഇടാൻ പാടുണ്ടോ?"

"ഒഞ്ഞ് പോടാപ്പാ, ട്രെയിനിലിരുന്ന് റെയിൽവേ ട്രാക്കിലേക്ക് ആൾക്കാർ അപ്പി ഇടുന്നത് നെനക്കൊന്നും കൊഴപ്പല്ല്യ.. ഞാൻ ഒരു കവർ ഇട്ടതാ കൊഴപ്പം "

ഞാൻ ഇവിടെ വന്നേ ഇല്ല, ഒന്നും പറഞ്ഞുമില്ല എന്ന് പറഞ്ഞ് ഞാൻ തിരികെ പോയി ഇരുന്നു ,'ഛെ, വേണ്ടായിരുന്നു. പോട്ടെ, നാളെ മുതൽ നാട് നന്നാക്കാം !'

മുക്കാൽ മണിക്കൂറോളം ഇനിയുമുണ്ട്. അപ്പോഴാണ്‌ അവിടെ ഒരു ട്രെയിൻ വന്ന് നിർത്തിയത്. എനിക്ക് പൊകാനുള്ളതല്ല.. വേറെ ഒരെണ്ണം . കുറച്ചാളുകൾ ഇറങ്ങുകയും കയറുകയുമൊക്കെ ചെയ്തു. ഒരു മിനിട്ടിന് ശേഷം ട്രെയിൻ നീങ്ങിത്തുടങ്ങി.ട്രെയിൻ ഒരു വിധം ദൂരെ എത്തിയപ്പോൾ ഒരു സ്ത്രീ ട്രെയിനിനു പിന്നാലെ നിലവിളിച്ചു കൊണ്ട് ഓടുന്നത് ഞാൻ കണ്ടു. 'ഇവർക്കൊക്കെ സമയത്തും കാലത്തും സ്റ്റേഷനിൽ വന്നൂടെ ', ഞാൻ ചിന്തിച്ചു.. സാരി ഉടുത്തു കൊണ്ട് ഓടാൻ അവർ വളരെ ബുദ്ധിമുട്ടി.. ഇനി ഓടിയിട്ടും കാര്യമില്ലായിരുന്നു.. ട്രെയിൻ പോയി കഴിഞ്ഞിരുന്നു.. അവർ ഓട്ടത്തിൽ കാലു തെറ്റി വീണു.. അവരുടെ കൈയ്യിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ കുപ്പിയും.. അവർ ഉറക്കെ കരഞ്ഞു.. 

'ഇവർ എന്തിനാ കരയുന്നത്?', ഞാൻ അവരുടെ അടുത്തേക്ക് പോയി.വീണിടത്ത് നിന്നും അവരെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിന് മുൻപേ അവർ ട്രെയിൻ പോയ ദിക്കിലേക്ക് ചൂണ്ടിക്കാണിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു, "എന്റെ മോൻ "

എനിക്ക് അപ്പോഴാണ് കാര്യം മനസ്സിലായത് . അവർ വെള്ളം വാങ്ങാൻ സ്റ്റേഷനിൽ ഇറങ്ങിയതാണ്..തിരിച്ച് വരും മുൻപേ ട്രെയിൻ പോയി 

ഞാൻ  അവരെ എഴുന്നേല്പ്പിച്ചു . "കൂടെ ആരും ഇല്ലേ?"

'ഇല്ല' എന്ന് അവർ തലയാട്ടി. 

എന്താണ് വേണ്ടതെന്നറിയാതെ ഒരു നിമിഷം ഞാൻ നിന്നു,"സാരമില്ല, നമുക്ക് സ്റ്റേഷൻ മാസ്റ്ററെ പോയി കാണാം.അവർ ഇത് പോലത്തെ സംഭവങ്ങൾ ദിവസവും കാണുന്നതാവും.അവർ എന്തെങ്കിലും ചെയ്യും  ", ഞാൻ അവരെയും കൊണ്ട് സ്റ്റേഷൻ മാസ്റ്ററുടെ റൂമിലേക്ക്‌ നടന്നു. ആ വാതിൽ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. 
"അങ്ങേര് ഭക്ഷണം കഴിക്കാനോ മറ്റോ പോയി.. ഇപ്പൊ വരും ", അവിടെ നില്ക്കുന്നുണ്ടായിരുന്ന ഒരാൾ പറഞ്ഞു.

"നമുക്ക് ഇവിടെ ഇരിക്കാം ", ഞാൻ അവരോട് പറഞ്ഞു. ഞങ്ങൾ അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു. 

"അവന് വെറും നാല് വയസ്സേ ഉള്ളൂ, അവൻ ഒറ്റയ്ക്ക് എന്ത് ചെയ്യും?", അവർ എന്നോട് കരഞ്ഞ് കൊണ്ട് ചോദിച്ചു.
"ആരെയെങ്കിലും വിളിച്ചു പറയണോ?എന്റെ ഫോണിൽ വിളിച്ചോളൂ..കുട്ടിടെ അച്ഛൻ.....", ഞാൻ ഫോണ്‍ എടുത്ത് അവർക്ക് നേരെ നീട്ടി.
"അവനു ഞാനും എനിക്ക് അവനും മാത്രമേ ഉള്ളൂ.. ഞങ്ങൾക്ക് ആരുമില്ല."

ഒന്നും ചോദിക്കണ്ടായിരുന്നു എന്ന് എനിക്ക് തോന്നി.
"ഇതാ, കുറച്ച് വെള്ളം കുടിക്കൂ ", ഞാൻ എന്റെ ബാഗിൽ നിന്നും ഒരു കുപ്പി വെള്ളംഎടുത്തു.

ആ സ്ത്രീ വീണ്ടും ഉറക്കെ കരഞ്ഞു, "എന്റെ മോനെ കാണാതെ എനിക്ക് ഒന്നും വേണ്ടാ ..  എന്നും ഞാൻ വാരിക്കൊടുതിട്ടാണ് അവൻ ഭക്ഷണം കഴിക്കാറുള്ളൂ ..... അല്ലാതെ അവൻ കഴിക്കാറില്ല .. ഇന്ന് ..  ", അവർ കരഞ്ഞു കൊണ്ടേ ഇരുന്നു 

അര മണിക്കൂറോളം കഴിഞ്ഞിട്ടാണ് സ്റ്റേഷൻ മാസ്റ്റർ വന്നത്.. ഞാൻ പോയി അവരോട് കാര്യം പറഞ്ഞു. 

"അടുത്ത സ്റ്റേഷൻ ഹോസൂരാണ്.ഇപ്പോഴത്തെ സമയം വെച്ച് ട്രെയിൻ ഹോസൂർ വിട്ട് കാണും.. അതിന്റെ അടുത്ത സ്റ്റേഷൻ ധർമപുരി.ഞാൻ അവിടത്തെ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കാം , ഏത് കമ്പാർട്ട്മെന്റിലാ ?"

"ജനറൽ ", അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു 

"മുന്പിലോ ബാക്കിലോ?"

"മുൻപിൽ "

"ടിക്കറ്റ്‌ ഒക്കെ എടുതിട്ടായിരുന്നോ യാത്ര ?"

"സർ, അതൊക്കെ പിന്നെ നോക്കാം, അവർ ഇപ്പൊ മകനെ കാണാത്ത വിഷമത്തിലാ ", ഞാൻ പറഞ്ഞു 

സ്റ്റേഷൻ മാസ്റ്റർ എന്നെ തുറിച്ച് നോക്കി ,"ശരി, ശരി, ഞാൻ ധർമ്മപുരി സ്റ്റേഷനിൽ വിവരം അറിയിക്കാം.. ആ കൊച്ചിനെ കണ്ടെത്തിയാൽ അവിടെ ഇറക്കാൻ പറയാം "

"താങ്ക് യൂ,  സർ "

ഞങ്ങൾ തിരികെ ബെഞ്ചിൽ പോയി ഇരുന്നു. 

എനിക്ക് പോകാനുള്ള ട്രെയിൻ ഉടൻ വരും ..പക്ഷെ ഇവരെ ഈ അവസ്ഥയില ഇവിടെ ഒറ്റയ്ക്കാക്കി പോകാൻ എനിക്ക് എന്തോ .. ഒരു മടി പോലെ .. 

==================================

അടുത്ത ദിവസം 

"എത്ര നാളായെടാ കണ്ടിട്ട്, ബാംഗ്ലൂർ പോയിട്ട് ഒരു വിവരവും ഇല്ലല്ലോ "

കുറെ നാൾ കൂടി സുഹൃത്തുക്കളെ കണ്ട സന്തോഷം തലേ ദിവസത്തെ സംഭവത്തിൽ നിന്നും എനിക്ക് ഒരു താല്ക്കാലിക മോചനം നൽകി. 

"എടാ, അതിനിടയ്ക്ക് നീ എന്താടാ വരുന്നുണ്ടാവില്ലാ എന്ന് പറഞ്ഞത്?",കൂട്ടത്തിലുള്ള ഒരു സുഹൃത്തിന്റെ ചോദ്യം എന്നോടായിരുന്നു 

റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ട സ്ത്രീയുടെ കഥ ഞാൻ അവരോട് പറഞ്ഞു. 

"എടാ, അതൊക്കെ അവർ എങ്ങനെയെങ്കിലും കണ്ടു പിടിച്ചോളും .. അതിനൊക്കെ അല്ലെ ഫേസ്ബുക്ക്‌ .. മകനെ കാണാനില്ല മകളെ കാണാനില്ല , പോരാത്തതിന് പട്ടിയെ കാണാനില്ല എന്ന് വരെ ഇപ്പൊ ഫേസ്ബൂക്കിലല്ലേ വരുന്നത് .. കുറെ പേരെ അങ്ങനെ കണ്ടു പിടികുന്നുമുണ്ട് " 

"അല്ലാ, നീ ആ സ്റ്റേനിലെക്കൊന്ന് വിളിച്ചു നോക്ക് ", വേറെ ഒരുത്തൻ പറഞ്ഞു 

"ഞാൻ രാവിലെ മുതൽ വിളിക്കുന്നുണ്ട്, ആരും എടുക്കുന്നില്ല ", ഞാൻ പറഞ്ഞു.

എന്റെ ഫോണ്‍ റിംഗ് ചെയ്തു. അമ്മയായിരുന്നു.അയ്യോ, ഞാൻ ഇന്ന് അമ്മയെ രാവിലെ വിളിക്കണമെന്ന് കരുതിയതാ.. മറന്നു പോയി.. 
"അമ്മേ, ഞാൻ രാവിലെ സമയത്ത് തന്നെ എത്തി.. വിളിക്കാൻ മറന്നതാ .. പിന്നേ, ഉച്ചക്ക് ശേഷം അങ്ങെത്തും. ഇവിടെ നിന്നും ഒരു പാസ്സെഞ്ചർ ഉണ്ട്, അതിൽ വരാം ......ഇല്ലമ്മേ .. ഇല്ലാ , ട്രെയിനിൽ ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങി തിന്നില്ലാ, വാതിലിന്റെ അടുത്ത് പോയി നില്ക്കില്ലാ, ഇതൊക്കെ എപ്പോഴും പറയുന്നതല്ലേ, ഞാൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ.. അപ്പൊ ശരി.. ബൈ "

ഞാൻ ഫോണ്‍ കട്ട് ചെയ്തു.
എന്തോ, റെയിൽവേ സ്റ്റേഷനിൽ ഇന്നലെ കണ്ട ആ സ്ത്രീയെ ഓർത്തപ്പോൾ എനിക്ക് കൂടുതൽ വിഷമം തോന്നി.എന്റെ ട്രെയിൻ വന്നപ്പോൾ അവർ എന്നെ നോക്കി പറഞ്ഞത് ഞാൻ ഓർത്തു,"മോൻ പൊയ്ക്കോ, ഇവിടെ കാത്തു നില്ക്കണ്ട..എന്തായാലും എന്റെ മോനെ ധർമപുരിയിൽ വച്ച് എനിക്ക് കാണാലോ..മോൻ ഇത്രയൊക്കെ സഹായം ചെയ്തില്ലേ, അത് മതി ", എന്നിട്ട് അവർ അവരുടെ സാരിയുടെ തുമ്പ് കൊണ്ട് അവരുടെ മുഖം തുടച്ച് എന്നെ നോക്കി ചിരിച്ചു. 

"വാ ഡാ , ബിരിയാണി കഴിക്കാം ", കൂട്ടുകാര് എന്നേം വലിച്ചു കൊണ്ട് പോയി 

കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ വീണ്ടും കാർമേലറാം സ്റ്റേനിലേക്ക് വിളിച്ചു നോക്കി. ആരോ ഫോണ്‍ എടുത്തു. 

"സർ, ഇന്നലെ ഒരു സ്ത്രീ ഉണ്ടായിരുന്നില്ലേ , ട്രെയിൻ മിസ്സ്‌ ആയതു, അവരുടെ മകൻ ട്രെയിനിൽ ആയി പോയി, ആ സംഭവം എന്തായി "

"ങാ, ആ സ്ത്രീ പോയി  "

"മകനെ ധർമപുരിയിൽ വച്ച് കണ്ടു കാണും അല്ലെ "

"ഏയ്‌ ഇല്ല, അങ്ങനെ ഒരു കൊച്ച് ആ ട്രെയിനിൽ ഉണ്ടായിരുന്നില്ലാ. ഇനി ഹോസൂർ സ്റ്റേഷനിൽ എങ്ങാനും ആ കൊച്ച് ഇറങ്ങിയോ എന്ന് അറിയില്ലാ "

"അയ്യോ, എന്നിട്ട് അവർ എങ്ങോട്ട് പോയി?"

"എനിക്ക് എന്ത് അറിയാം? മകനെ കാണാനില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി കംപ്ലെയിന്റ്റ് ചെയ്യട്ടെ.. താൻ ഫോണ്‍ വച്ചേ , ഇതൊകെ പോലീസ് അന്വേഷിക്കും "

അയാള് ഫോണ്‍ കട്ട് ചെയ്തു. 

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആ അമ്മയുടെ കരയുന്ന മുഖം എന്റെ മനസ്സിലേക്ക് ഓടിയെത്തി. അവരെ അവിടെ തനിച്ചാക്കിയിട്ടല്ലെ ഞാൻ ട്രെയിൻ  കയറി ഇങ്ങോട്ട് വന്നത്. ആ അമ്മ ഇപ്പോൾ എവിടെയാകും?രാത്രി 9 മണിക്ക് ഹോസൂർ സ്റ്റേഷനിൽ ഇറങ്ങി  ഒറ്റപ്പെട്ട് പോയ ഒരു നാല് വയസ്സുകാരന്റെ  നിസ്സഹായ അവസ്ഥ എന്നെ അലട്ടി. 

ആരോ എന്റെ പ്ലേറ്റിൽ ബിരിയാണി വിളമ്പി . 


" എനിക്ക് ഒന്നും വേണ്ടാ ..  എന്നും ഞാൻ വാരിക്കൊടുതിട്ടാണ് അവൻ ഭക്ഷണം കഴിക്കാറുള്ളൂ ..... അല്ലാതെ അവൻ കഴിക്കാറില്ല ....  ",ആ അമ്മയുടെ വാക്കുകൾ ഞാൻ ഓർത്തു .. അവരുടെ തേങ്ങലുകൾ എന്റെ കാതിൽ മുഴങ്ങി ..ഇനി എനിക്കൊന്നും ചെയ്യാനാവില്ല,,, മറക്കാൻ ശ്രമിച്ചെങ്കിലും മനസ്സില് വീണ്ടും തെളിഞ്ഞു.. എന്നെ യാത്ര അയക്കുമ്പോൾ അവരുടെ മുഖത്തെ ചിരി .. ഞാൻ കാണാതെ പോയ, ആ ചിരിയിലെ കണ്ണുനീർ ...

9 comments:

  1. കൊള്ളാം..നല്ല ഒതുക്കമുള്ള കഥ, തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു .അഭിനന്ദനങ്ങൾ

    ReplyDelete
  2. chali adikkale ennu paranju ennu vechu ithrem senti kettandayirunnu... kadha kollam btw...

    ReplyDelete
  3. Nalla katha.. Senti aaki!! Ninnile cherukathakrithu vijayichu ;)

    ReplyDelete
  4. Nalla katha.. Senti aaki!! Ninnile cherukathakrithu vijayichu ;)

    ReplyDelete
  5. Ardramaya matru sneham hridayathil thattunna rethiyil avatharipichu.... ee matru dinathil ariyathe njan ende ammayeyu...enikku vari thanna oru urala chorineyum orthu poi....exelent work..keep it up

    ReplyDelete
  6. Ardramaya matru sneham hridayathil thattunna rethiyil avatharipichu.... ee matru dinathil ariyathe njan ende ammayeyu...enikku vari thanna oru urala chorineyum orthu poi....exelent work..keep it up

    ReplyDelete
  7. Thanks MKay
    Sari: adutha kadha full chali !
    Anusha: Thanks
    Thanks Lejietta
    Pramod: :)

    ReplyDelete