ഇത്തവണ ഇവിടെ എഴുതുന്നത് ഞാനാണ്, ഒരു ഗെസ്റ്റ് റൈറ്റർ !
എനിക്ക് എഴുതാനൊന്നും അറിയാൻ പാടില്ല.. (അല്ല, അതാണല്ലോ ഈ ബ്ലോഗിൽ എഴുതാൻ വേണ്ട മിനിമം യോഗ്യത.. ഹു ഹു ഹു ) പക്ഷെ ഒരവസരം കിട്ടിയപ്പൊ എഴുതുന്നെന്ന് മാത്രം ..
അല്ല, ഇവിടെ എഴുതാൻ എനിക്ക് അവകാശം ഉണ്ടെന്നും പറയാം.. കാരണമെന്താ ?..ഞാനാണല്ലോ ഇവനെ ബ്ലോഗർ ആക്കിയത്.. ഓ.. അതെങ്ങനെ എന്ന് പറയാം.. അതിന് മുൻപ് ഞാനാരാ എന്ന് പറയണം അല്ലേ.. ഞാൻ പറഞ്ഞില്ലേ എഴുതി ശീലമില്ല.. അതോണ്ട് ആകെ നോൺ ലീനിയർ ആവാൻ ചാൻസ് ഉണ്ട്..
അപ്പൊ പറഞ്ഞ് വന്നത്.. ഞാനാരാ? ഞാനൊരു പാവം സ്റ്റണ്ണർ, സി.ബി.എഫ്.സ്റ്റണ്ണർ, ഹോണ്ട സി.ബി.എഫ്.സ്റ്റണ്ണർ (പേര് പറഞ്ഞത് പഞ്ച് ആയില്ലേ? )
കൃത്യം 10 വർഷം മുൻപ് ഒക്ടോബർ 2008ൽ ആണ് ഇവൻ (ഇവനെന്ന് പറയുമ്പൊ ഈ ബ്ലോഗിന്റെ മുതലാളി ) എന്നെ പുറംലോകം കാണിക്കുന്നത്..
ഇവൻ എന്നെ സ്വന്തമാക്കുന്നത് തന്നെ ഒരു കഥയാണ്.. അതിനുള്ള നന്ദി ബാംഗ്ലൂർ ഉള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് അവകാശപ്പെട്ടതാണ്.. അവരോട് വാക്കാലെ തല്ല് കൂടി തല്ല് കൂടി ഇനി അവരുടെ കൈയ്യീന്ന് ശരിക്കുമുള്ള തല്ല് കിട്ടും എന്ന അവസ്ഥ വന്നപ്പോഴാണ് ഒരു സാരഥിയെ സ്വന്തമാക്കാൻ ഇവൻ തീരുമാനിക്കുന്നത്.. പിന്നൊന്നും നോക്കിയില്ല.. നേരെ എടുത്തു ഗൂഗിൾ.
ഇന്നത്തെ പോലെ അധികം ഫ്രീക്കന്മാരൊന്നും അന്നില്ല.. പൾസറും യൂണികോണും വാണിരുന്ന തെരുവുകളിൽ കൂട്ടത്തിൽ ഫ്രീക്കൻ..പുത്തൻ പുതിയ മോഡൽ.. ..സ്വതവേ മടിയനായ ഇവൻ അധികം റിസർച് ഒന്നും ചെയ്യാതെ കാണാനുള്ള ലുക്‌സും അത്യാവശ്യം സ്‌പെക്‌സും ഒക്കെ വിശ്വസിച്ച് ഒരു ഹോണ്ട ഷോറൂമിൽ എന്നെ അങ്ങ് ബുക്ക് ചെയ്തു.. 45 ദിവസം വെയ്റ്റിംഗും കഴിഞ്ഞ് അങ്ങനെ ഞാനാദ്യമായി പുറംലോകം കണ്ടു..
എന്റെ അതേ മോഡലുകൾ അന്ന് റോഡിൽ അധികമില്ല (ഇപ്പഴും ഇല്ല.. എന്നെ ഞാൻ തന്നെ ലിമിറ്റഡ് എഡിഷൻ എന്നാണ് വിളിക്കുന്നത് )..ഒരു ദിവസം ഞങ്ങൾ ബാംഗ്ലൂർ ഒരു ട്രാഫിക് സിഗ്നലിൽ ഇങ്ങനെ കിടക്കുകയാണ്..അപ്പൊ ഒരു സ്കൂൾ ബസ്സ് സൈഡിൽ വന്ന് നിർത്തി.. ബസ്സിനുള്ളിലെ ഒരു ചെക്കൻ എന്നെ കണ്ടതും ബസ്സിലെ അവന്റെ കൂട്ടുകാരെ വിളിച്ച് എനിക്ക് നേരെ ചൂണ്ടി കൊണ്ട് പറയാ 'ഹേയ്, ലുക്ക്, സ്റ്റണ്ണർ.. '..എല്ലാരും കൂടെ എന്നെ നോക്കുന്നത് കണ്ടു ഞാനും അതിലുപരി ഇവനും ധൃതങ്കപുളകിതരായി..ഞങ്ങളുടെ യാത്ര തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ..
പിന്നീടങ്ങോട്ട് യാത്രകൾ ആയിരുന്നു.. ബാംഗ്ലൂർ ട്രാഫിക്കിലെ യാത്രകൾ.. ബാംഗ്ലൂർന് ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ.. എന്തിനധികം? മനുഷ്യൻ പാതിരാത്രി ബേസ്മെന്റിൽ റസ്റ്റ് എടുക്കുന്ന നേരത്താവും സൺറൈസ് കാണാനെന്നും പറഞ്ഞ് എന്നേം കുത്തിപൊക്കി കൊണ്ട് പോകുന്നത്.. ഒരു മനുഷ്യത്വം ഒക്കെ വേണ്ടേ.. ഐ മീൻ യന്ത്രത്വം !
അതിനിടയിലാണ് ഞാനിവനെ ബ്ലോഗർ ആക്കുന്നത്. അതിന് മുൻപേ ബ്ലോഗറിൽ ഒരു അക്കൗണ്ട് ഒക്കെ ഇവൻ ഉണ്ടാക്കിയിരുന്നു..ആഴ്ച്ചക്കാഴ്ചക്ക് എന്തെങ്കിലും പോസ്റ്റ് ചെയ്ത് വലിയ സെലെബ്രിറ്റി ആവുമെന്നൊക്കെയായിരുന്നു പാവത്തിന്റെ അന്നത്തെ പ്രതീക്ഷ.. പക്ഷെ കൃത്യം ഒരു കൊല്ലം ഒരു ഈച്ച പോലും ആ വഴിക്ക് പോയില്ല.. അതെങ്ങനെ? എന്തെങ്കിലും എഴുതണമെങ്കിൽ അനുഭവം വേണ്ടേ? ഇവന് മനസ്സിലായില്ലെങ്കിലും എനിക്ക് കാര്യം മനസ്സിലായി.. പിന്നൊന്നും നോക്കിയില്ല.. ആദ്യ പോസ്റ്റ് എഴുതാനുള്ള അനുഭവം ഞാൻ തന്നെയങ്ങ് കൊടുത്തു..അത് ദേ ദിവിടെ വായിക്കാം.. (ഇപ്പൊ ക്ലിക്ക് ചെയ്യണ്ട, പിന്നെ മതി .ഇപ്പൊ ഇത് വായിക്ക്..) പിന്നെ പല പല പോസ്റ്റുകളിൽ അതിഥി ആയും ഞാൻ എത്തി.. മറ്റ് പല പോസ്റ്റിനുമുള്ള പ്ലോട്ടും എന്റെ ഒപ്പമുള്ള യാത്രയിലായിരുന്നു ഇവന് കിട്ടിയത്..
അത് ബ്ലോഗിങ്ങിന്റെ കഥ.. ഇനി ജീവിതകഥയാണെങ്കിലോ? പിൻസീറ്റ് ഉൽഘാടനം ചെയ്തത് ഇവന്റെ കെട്ടിയോൾ..എന്റെ പിൻ സീറ്റ് ഉയർന്നിരിക്കുന്നത് കൊണ്ട് മറ്റ് വണ്ടികളിൽ ഇരുന്നാൽ കാണാൻ പറ്റാത്ത കാഴ്ചകൾ, എന്റെ പിൻ സീറ്റിൽ ഇരുന്ന് അവൾക്ക് സിമ്പിൾ ആയി കാണാൻ പറ്റും .. എന്നാൽ ചില യമഹ വണ്ടികൾ പോലെ ചന്ദ്രനിലുള്ള കാഴ്ച അല്ല.. ഭൂമിയിൽ ഉള്ളത് തന്നെ കാണാൻ പാകത്തിനുള്ള ഉയരമേ എനിക്കുള്ളൂ.. ഹു ഹു..
എന്നാൽ പോലും ചിലവന്മാർക്ക് എന്നെ കുറ്റം പറയാൻ മിടുക്കായിരുന്നു..ഒരിക്കൽ ഏതോ ഒരുത്തൻ പറയാ.. ഈ സ്റ്റണ്ണറിന് 2 കുറ്റങ്ങൾ ഉണ്ടെന്ന്.. ഒന്ന് ഹാൻഡിൽ തിരിച്ചാൽ ഹെഡ്‍ലൈറ് തിരിയില്ല. രണ്ട്, പിൻ സീറ്റ് ഉയരം ഉള്ളത് കൊണ്ട് കാൽ നിലത്ത് കുത്താൻ പറ്റില്ല.. ഈ പറയുന്നവൻ അവന്റെ കാറിൽ ഇരുന്നിട്ടാ ഈ ഡയലോഗ് അടിക്കുന്നത്.. അതിന് മറുപടി ആയി ഇവൻ കൊടുത്ത മറുചോദ്യം ആണ് എനിക്ക് പിടിച്ചത് 'ഈ കാറിൽ സ്റ്റീയറിങ് തിരിച്ചാൽ ഹെഡ്‍ലൈറ് തിരിയുന്നുണ്ടോ? കാറിൽ ബാക്കിൽ ഇരിക്കുന്ന എനിക്ക് ഇവിടെ ഇരുന്ന് കൊണ്ട് കാൽ നിലത്ത് കുത്താൻ പറ്റുന്നുണ്ടോ? പിന്നെ എന്തിന് എന്റെ സ്റ്റണ്ണറിൽ മാത്രം അതൊക്കെ സാധിക്കണം?? '..അതോടെ കുറ്റം പറഞ്ഞവർ മിണ്ടാതിരുന്നു (ഉത്തരം മുട്ടിയിട്ടാണോ അതോ ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല എന്നത് വേറെ കാര്യം )
എന്നെ ഇവൻ ഇത്രേം സപ്പോർട് ചെയുന്ന കാരണം എന്റേതായ രീതിയിൽ ഇവനെ ഞാനും സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്... (ആലോചിക്കട്ടെ )...ങാ, കൈക്കൂലി കൊടുക്കുന്നത് തെറ്റാണ് എന്നൊക്കെ ഇവനെ പഠിപ്പിക്കാൻ ഞാനല്ലേ മുൻകൈ എടുത്തത്.. സത്യം ! അവന്റെ തന്നെ പഴേ പോസ്റ്റ് വായിച്ച് നോക്ക്..
==================================================================
നിയമപരമായ
മുന്നറിയിപ്പ് : കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്
5-6 വർഷങ്ങൾ
മുൻപ്.
ബാൻഗ്ലൂരിലെ
ഒരു സായാഹ്നം. ഓഫീസിൽ
നിന്നും ഇറങ്ങുമ്പോ വെറുതെ പേഴ്സ് തുറന്നു നോക്കി. ആകെ 100 രൂപയുള്ളൂ. ഓഫീസിലെ എ.ടി.എം-ൽ നിന്നും പൈസ
എടുത്താ മതി. പക്ഷെ അങ്ങനെയല്ലല്ലോ
!.വരാനുള്ളത് വഴിയില് തങ്ങാൻ പാടില്ലല്ലോ..അത് കൊണ്ട്... അത്
കൊണ്ട് മാത്രം ഓഫീസിൽ നിന്നും പൈസ എടുക്കാതെ നേരെ
വീട്ടിലേക്ക് തിരിച്ചു..
മടിവാള
എത്തിയപ്പോൾ അവിടത്തെ സിറ്റി ബാങ്ക് എ.ടി.എം
നു മുൻപിൽ നമ്മുടെ കഥാ നായകനായ ഹോണ്ട സ്റ്റണ്ണർ നിർത്തി.
എ.ടി.എം ല്
നിന്നും 200 രൂപ എടുത്തു. 100 രൂപ
നോട്ട് കിട്ടാൻ വേണ്ടി സാധാരണ 400 ആണ് കണക്ക്..പക്ഷെ
മാസാവസാനം ആയ കാരണം
200 എടുത്തുള്ളൂ.
അങ്ങനെ
പാട്ടും പാടി ബൈക്കിൽ കേറാൻ
നോക്കുമ്പോ ,,,ങേ !! ബൈക്ക് കാണാനില്ല !!
വെറും
45 സെക്കന്റ് ഞാൻ ഒന്ന് മാറി
നിന്നപ്പോഴെകും ഈ സ്റ്റണ്ണർ
ഇതെവിടെ പോയി.ഞാൻ വലതോട്ടു
നോക്കി..'ഏയ്, ഇത് ,അങ്ങോട്ട്
പോകാൻ സാധ്യത ഇല്ല '
'ഈശ്വര!',
ഞാൻ അയാളുടെ അടുത്തേക്ക് ഓടി.
'മേരാ ബൈക്ക് '
അയാൾ കന്നടയിൽ
പിന്നെയും എന്തൊക്കെയോ പറഞ്ഞു..
അവസാനം
ഒരു 300 രൂപ തന്നു ബൈക്ക്
എടുത്തോളാൻ അയാൾ പറഞ്ഞു.
അങ്ങനെ
വണ്ടി എടുത്തു വീട്ടിൽ പോണ വഴിക്ക് ഒരു
ചായേം പഴം പൊരീം കഴിക്കാമെന്നു
വിചാരിച്ചപ്പോഴാ മറ്റൊരു കാര്യം ഓർമ വന്നത്..ഓഫീസിന്നു
ഇറങ്ങുമ്പോ കൈയിൽ 100 രൂപ എങ്കിലും ഉണ്ടായിരുന്നു...
.ഒന്ന് ATM കേറിയതാ
..അതും പൊയിക്കിട്ടി.. സംതൃപ്തിയായി !
==================================================================
കണ്ടാ? കൈക്കൂലി കൊടുക്കുന്നത് തെറ്റാണെന്ന് ഞാൻ സിംപിൾ ആയി പഠിപ്പിച്ചു കൊടുത്തത് !
(ഇത് വായിച്ചപ്പോഴാ മനസ്സിലായത് ഇവന്റെ എഴുത്ത് എന്റെ എഴുത്തിന്റെ അത്ര പോരാ, അല്ലേ? )
അങ്ങനെ വർഷങ്ങൾ കഴിഞ്ഞ് പോയി, 2018 ആയി .. പത്ത് വർഷമായി എന്ന് വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല... വർഷം ഇത്രേം കഴിഞ്ഞെങ്കിലും ഞങ്ങൾ ഇപ്പഴും പഴേ പോലെ തന്നെ അടുത്ത യാത്രക്ക് തയ്യാറായി ഇരിക്കുന്നു.. ദേ ഫോട്ടോ കണ്ടില്ലേ !
അന്നത്തെ ഞാനും ഇന്നത്തെ ഞാനും
കൊല്ലം ഇത്രയൊക്കെ ആയില്ലേ, ഇനി അഥവാ എനിക്ക് പകരം കൂടുതൽ പവർ ഉള്ള മറ്റൊരു സാരഥിയെ സ്വന്തമാക്കാൻ ഇവന് വല്ല പ്ലാൻ ഉണ്ടെങ്കിൽ പെട്രോൾ വില കൂട്ടണേ എന്ന് പ്രാർത്ഥിക്കാനേ എനിക്ക് പറ്റൂ..(അതിനിപ്പൊ പ്രത്യേകിച്ച് പ്രാർത്ഥിക്കേണ്ട ആവശ്യമൊന്നും ഇല്ലെന്നറിയാം...എന്നാലും..) അങ്ങനെ ചെയ്താലും എനിക്ക് കുഴപ്പമൊന്നുമില്ല.. കാരണം ഈ പത്ത് വർഷത്തെ ഓർമ്മകൾ, അത് മതി എനിക്ക് ഇനിയങ്ങോട്ട് ഇന്ധനമായി..
ഇവന്റെ ഒരു ചളിടെ ലെവൽ വച്ച്, 'ങേ, ഇന്ധനായിട്ട് അപ്പൊ ഇനി മുതൽ പെട്രോൾ വേണ്ടേ' എന്ന് അവൻ ചോദിക്കാൻ സാധ്യതയുണ്ട് ..അങ്ങനെ ചോദിക്കുന്നതിന് മുൻപ് ഞാൻ നിർത്തട്ടെ..അപ്പൊ ഗുഡ് ബൈ, വഴിയിൽ എവിടെയെങ്കിലും വച്ച് കാണാം.. അപ്പൊ എന്നെ തല്ലരുതെന്ന് മാത്രം.. എന്തിനാണെന്നോ?
ഞാൻ പറഞ്ഞില്ലേ, ഇവനെ ഞാനാ ബ്ലോഗർ ആക്കിയത് ! അതിലും വലിയ കാരണം വല്ലതും വേണോ ഹു ഹു ഹൂ !